മലപ്പുറം: പാണ്ടിക്കാട് ഒറോമ്പുറത്ത് മുസ്ലീം ലീഗ് പ്രവർത്തകന്റെ മുഹമ്മദ് സമീർ കുത്തേറ്റ് മരിച്ച കേസിൽ അറസ്റ്റിലായ നാല് പേരെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഒറോമ്പൊറത്ത് കിഴക്കുമ്പറമ്പിൽ മൊയ്‌തീൻ ബാപ്പു, മകൻ നിസാം, മൊയ്‌തീൻ ബാപ്പുവിന്റെ സഹോദരൻ മജീദ് ബാഷ എന്ന അബ്‌ദുൽ മജീദ്, നിസാമിന്റെ സുഹൃത്ത് അയലക്കര യാസർ എന്ന കുഞ്ഞാണി എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിസാം സി പി എം പ്രവർത്തകനും അബ്‌ദുൽ മജീദ് മുൻ പി ഡി പി പ്രവർത്തകനുമാണ്.
പ്രതികളെ മേലാറ്റൂർ പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്‌ത ശേഷം പെരിന്തൽമണ്ണ കോടതിയിലാണ് ഹാജരാക്കുക. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പുകാലത്ത് നടന്ന ആഹ്ലാദപ്രകടനുമായി ബന്ധപ്പെട്ട തർക്കമാണ് രണ്ട് കുടുംബങ്ങൾ തമ്മിലുളള സംഘർഷമായി മാറിയതെന്ന് ജില്ലാ പൊലീസ് മേധാവി യു അബ്‌ദുൽ കരീം വ്യക്തമാക്കിയിരുന്നു. കൊലപാതകത്തിന് മുമ്പുണ്ടായ സംഘർഷം ആസൂത്രിതമാണന്നാണ് പ്രാഥമികാന്വേഷണത്തിൽ വ്യക്തമാകുന്നത്. ബന്ധുക്കളായ മൂന്നുപേർ സംഭവസ്ഥലത്ത് എത്തും മുമ്പെ നാലാംപ്രതിയായ നിസാമിന്റെ സുഹൃത്ത് യാസർ സംഭവസ്ഥലത്ത് എത്തിയിരുന്നു.
തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ തർക്കം മുതൽ കുടുംബങ്ങൾ തമ്മിലുണ്ടായ പ്രശ്‌നങ്ങൾ വരെയുളള മുഴുവൻ വിവരങ്ങളും പൊലീസ് വിശദമായി ശേഖരിക്കുന്നുണ്ട്. കൊലപാതകത്തിന് മുമ്പ് നടന്ന ഗൂഢാലോചനയും പൊലീസ് വിശദമായി അന്വേഷിക്കും.