പക്ഷിപ്പനി; മുട്ടയും കോഴിയിറച്ചിയും കഴിക്കുന്നതിന് മുമ്പ് അറിയേണ്ടത്…

0
283

പക്ഷിപ്പനി പടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ എട്ട് സംസ്ഥാനങ്ങളില്‍ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിക്കുകയാണ്. കേരളത്തിന് പുറമെ രാജസ്ഥാന്‍ , ഹിമാചല്‍, ഗുജറാത്ത് അടക്കമുള്ള  സംസ്ഥാനങ്ങളിലാണ് പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എട്ട് സംസ്ഥാനങ്ങളിലായി പനി പടരുന്ന 12 പ്രധാന സ്ഥലങ്ങളും കണ്ടെത്തിയിട്ടുണ്ട്.

പക്ഷിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ഈ സമയത്ത് മുട്ടയും ചിക്കനുമൊക്കെ കഴിക്കാമോ എന്നതിനെ പറ്റി പലർക്കും സംശയം ഉണ്ടാകും. ഇവയുടെ ഉപഭോഗത്തെക്കുറിച്ച് സംസ്ഥാനങ്ങൾ മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനയും ഇക്കാര്യത്തിൽ മുമ്പ് ചില മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

 

പക്ഷിപ്പനി വ്യാപിക്കുമ്പോഴും, മുട്ട, ചിക്കൻ, മറ്റ് കോഴി ഉൽപന്നങ്ങൾ എന്നിവ പാചകം ചെയ്യാൻ സുരക്ഷിതമാണെന്നാണ് യുഎൻ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷനും ലോകാരോഗ്യ സംഘടനയും (ഡബ്ല്യുഎച്ച്ഒ) വ്യക്തമാക്കിയിരിക്കുന്നത്. ഈ മാർഗ്ഗനിർദ്ദേശങ്ങൾ വിവിധ രാജ്യങ്ങളിലെ ദേശീയ ഭക്ഷ്യ സുരക്ഷാ അതോറിറ്റിയെ അറിയിച്ചിട്ടുണ്ട്. അതേസമയം രോഗം ബാധിച്ച പക്ഷികളുടെ മാംസവും മുട്ടയും എടുക്കരുതെന്ന് മുന്നറിയിപ്പുണ്ട്.

പക്ഷികളുടെ മാംസം, കോഴികൾ, താറാവുകൾ എന്നിവ കുറഞ്ഞത് 70 ഡിഗ്രി സെൽഷ്യസും അതിനുമുകളിലുമുള്ള താപനിലയിൽ പാകം ചെയ്താൽ വൈറസും മറ്റ് അണുക്കളും നശിക്കപ്പെടുമെന്നും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കുന്നു . പക്ഷിപ്പനി പടർന്നുപിടിക്കുന്നതുകൊണ്ടുതന്നെ ഉയർന്ന താപനിലയിൽ ഉൽ‌പന്നങ്ങൾ പാചകം ചെയ്യണമെന്ന് വിദ​ഗ്ധർ വ്യക്തമാക്കിയിട്ടുണ്ട്.

ഇറച്ചിയും മുട്ടയും കൈകാര്യം ചെയ്യുമ്പോൾ മുൻകരുതലുകൾ ആവശ്യമാണ്. മുൻകരുതൽ എന്ന നിലയിൽ പച്ചമാംസം കൈകാര്യം ചെയ്യുന്നതിന് മുൻപും ശേഷം കൈകൾ 20 സെക്കന്റ് ഇളം ചൂടുള്ള വെള്ളത്തിൽ   സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കുക. മുട്ട പുഴുങ്ങിയോ പൊരിച്ചോ മാത്രം ഉപയോഗിക്കുക. പകുതി വേവിച്ചതും ബുള്‍സ് ഐ ആക്കിയതുമൊക്കെ തൽക്കാലത്തേക്ക് ഒഴിവാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here