നിയമസഭാ തെരഞ്ഞെടുപ്പ്: മുന്നൊരുക്കത്തിന് മുസ്‌ലിം ലീഗ്

0
170

മലപ്പുറം: കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, അസം സംസ്ഥാനങ്ങളിലും പോണ്ടിച്ചേരിയിലും മെയ്, ജൂണ്‍ മാസങ്ങളില്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുസ്‌ലിം ലീഗ് മുന്‍കൂട്ടി ഒരുങ്ങുന്നു. നാളെ കോഴിക്കോട്ട് ചേരുന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ തെരഞ്ഞെടുപ്പും ലോക്‌സഭാ അംഗത്വത്തില്‍ നിന്നുള്ള പി.കെ കുഞ്ഞാലിക്കുട്ടിയുടെ രാജി സംബന്ധിച്ച വിഷയവും ചര്‍ച്ച ചെയ്യും. കേരളത്തിന് പുറത്തു നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ദേശീയ-സംസ്ഥാന നേതാക്കളും എം.പിമാരും എം.എല്‍.എമാരും യോഗത്തില്‍ സംബന്ധിക്കും. നേരത്തെ കോയമ്പത്തൂരില്‍ നടത്താനിരുന്ന യോഗമാണ് കോഴിക്കോട്ടേക്ക് മാറ്റിയത്.

സംസ്ഥാന തെരഞ്ഞെടുപ്പിനൊപ്പം ഇതര സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതും പിന്തുണ നല്‍കുന്നത് സംബന്ധിച്ചും ദേശീയ സമിതി പ്രധാനമായും ചര്‍ച്ച ചെയ്യും. ഡല്‍ഹിയിലെ കാര്‍ഷിക സമരത്തിലും ബി.ജെ.പി സര്‍ക്കാര്‍ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരുന്ന എന്‍.ആര്‍.സി പോലുള്ള വിഷയങ്ങളില്‍ എടുക്കേണ്ട നിലപാടുകളും യോഗം ചര്‍ച്ച ചെയ്യും.

തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് നേട്ടമുണ്ടാക്കാനായത് മുസ്‌ലിം ലീഗിന്റെ കരുത്തിലായിരുന്നു. തെരഞ്ഞെടുപ്പിന്റെ പൂര്‍ണ ചുമതല പി.കെ കുഞ്ഞാലിക്കുട്ടിക്ക് നല്‍കിയത് ഏറെ ഗുണം ചെയ്‌തെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ഇതോടെയാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ പി.കെ കുഞ്ഞാലിക്കുട്ടിയെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. ഒഴിവു വരുന്ന മലപ്പുറം ലോക്‌സഭയിലേക്ക് ആരെ മത്സരിപ്പിക്കണമെന്നതിനെക്കുറിച്ചും പാര്‍ട്ടി ചര്‍ച്ച ചെയ്യും. തദ്ദേശ തെരഞ്ഞെടുപ്പില്‍ മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ഒരുക്കങ്ങള്‍ നടത്തിയതിനു ശേഷമാണ് ലീഗ് മത്സരത്തിനിറങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here