ധര്‍മ്മജന്‍ തെരഞ്ഞെടുപ്പ് കളത്തിലേക്കോ?; വിജയ സാധ്യതയെന്ന് കോണ്‍ഗ്രസ് വിലയിരുത്തല്‍

0
243

യുഡിഎഫ് ഇത്തവണ കൂടുതലും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ കളത്തിലിറക്കി പരീക്ഷണം നടത്താന്‍ ഒരുങ്ങുകയാണ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഇത്തവണ പരീക്ഷണം നടത്തിയത് കൂടുതലും വിജയ പ്രദമായതോടെയാണ് യുഡിഎഫ് നിയമസഭയിലേക്ക് ഇത്തരമൊരു പരീക്ഷണം നടത്താന്‍ ഒരുങ്ങുന്നത്. ഇതില്‍ വൈപ്പിന്‍ മണ്ഡലത്തില്‍ നിന്ന് സിനിമ നടനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ധര്‍മജന്‍ ബോള്‍ഗാട്ടിയെ മത്സരിപ്പിക്കാന്‍ നേതാക്കള്‍ ചര്‍ച്ച ആരംഭിച്ചു എന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് കൊച്ചിയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ആശയവിനിമയം നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ധര്‍മ്മജന്‍ ജനിച്ച് വളര്‍ന്ന ബോള്‍ഗാട്ടി ഉള്‍പ്പടെ ഉള്ളതാണ് വൈപ്പിന്‍ മണ്ഡലം. അതിനാല്‍ ധര്‍മ്മജന് വിജയിക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. ഇതോടൊപ്പം ഒരു നടന്‍ എന്ന നിലയില്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനുമായതാണ് യുഡിഎഫ് നേതൃത്വം ഇതിനേ കുറിച്ച് ആലോചിക്കാന്‍ ഉണ്ടായ കാരണം. ഇതോടൊപ്പം മറ്റ് സിനിമ താരങ്ങളെയും സാമൂഹിക സാംസ്‌കാരിക രംഗത്തുള്ളവരെയും മത്സര രംഗത്തിറക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്.

രണ്ട് മാസം മുമ്പ് റിപ്പോര്‍ട്ടര്‍ ടിയില്‍ നടന്ന അഭിമുഖത്തില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ അപ്പോഴത്തെ സാഹചര്യമനുസരിച്ച് മത്സരിക്കേണ്ട തീരുമാനമെടുക്കുമെന്നാണ് ധര്‍മ്മജന്‍ പറഞ്ഞത്.

  • നിയമസഭാ സീറ്റ് തന്നാല്‍ മത്സരിക്കുമോയെന്ന് ചോദിച്ചാല്‍ അപ്പോഴത്തെ സാഹചര്യം അനുസരിച്ച് ഇരിക്കും. അത് നമ്മളേക്കൊണ്ട് പറ്റുന്ന പണിയാണോ എന്നതാണ് നമ്മുടെ പ്രശ്നം. ഞാന്‍ അതിനോട് പൊരുത്തപ്പെട്ടിട്ടില്ല. രാഷ്ട്രീയത്തിലെ കളികള്‍ എനിക്ക് പിടുത്തമില്ലാത്ത പരിപാടിയാണ്. ഞാന്‍ കോണ്‍ഗ്രസിനുള്ളിലെ കമ്മ്യൂണിസ്റ്റ് ആയിരുന്നു. അതുകൊണ്ട് തന്നെ എനിക്ക് സ്ഥാനങ്ങള്‍ തരാന്‍ മടിക്കും. ഞാന്‍ ഉള്ള കാര്യം പറയുന്നതുകൊണ്ട്. രാഷ്ട്രീയത്തില്‍ നില്‍ക്കുമ്പോള്‍ അങ്ങനെ പാടില്ലല്ലോ. ചില കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കണം, കണ്ണടയ്ക്കണം. ഇതൊക്കെ എനിക്ക് പറ്റാത്തതായിരുന്നു. അര്‍ഹതപ്പെട്ട സ്ഥാനങ്ങളില്‍ വരെ ഞാന്‍ എത്താതെ ഇരുന്നിട്ടുണ്ട്. ആരു മുഖത്ത് നോക്കിയാണെങ്കിലും കാര്യം പറയും. ഏത് വലിയ നേതാവിന്റെ മുഖത്ത് നോക്കിയാണെങ്കിലും പറഞ്ഞിട്ടുണ്ട്. പറഞ്ഞിട്ട് ഇറങ്ങിപ്പോന്നിട്ടുമുണ്ട്. നമുക്ക് അതേ പറ്റൂ. അതാണ് പ്രശ്നവും. അങ്ങനെയുള്ളയൊരാളെ പരിഗണിക്കാന്‍ ഒരു പാര്‍ട്ടി താല്‍പര്യപ്പെടില്ല.

ധര്‍മ്മജന്‍ ബോള്‍ഗാട്ടി

കുട്ടിക്കാലം മുതല്‍ തന്നെ ധര്‍മ്മജന്‍ കോണ്‍ഗ്രസ് അനുഭാവിയായിരുന്നു. ഏതെങ്കിലും പാര്‍ട്ടി പ്രചരണത്തിന് വിളിച്ചാല്‍ പോകില്ലെന്നും തനിക്ക് വ്യക്തമായ രാഷ്ട്രീയമുണ്ടെന്നും ധര്‍മ്മജന്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

  • ഏത് പാര്‍ട്ടി വിളിച്ചാലും ഇലക്ഷന്‍ പ്രചരണത്തിന് പോകുന്നയാളല്ല. അങ്ങനെ കുറേ പേര്‍ സമീപിച്ചു. പ്രചരണത്തിന് വരണമെന്നില്ല, ബൈറ്റ് എങ്കിലും തന്നാല്‍ മതിയെന്ന് പറഞ്ഞു. എന്റെ വളരെയടുത്ത സുഹൃത്ത് രണ്ട് പാര്‍ട്ടിയില്‍ നിന്നും മാറി സ്വതന്ത്ര്യനായി നില്‍ക്കാന്‍ തീരുമാനിച്ചിട്ട് എന്നോട് ബൈറ്റ് വേണമെന്ന് ആവശ്യപ്പെട്ടു. ഞാന്‍ തരില്ലാ എന്ന് പറഞ്ഞു. വ്യക്തമായ രാഷ്ട്രീയമുള്ളയാളാണ് ഞാന്‍. അപ്പോളെനിക്ക് സ്വതന്ത്രന് വേണ്ടി അത് കൊടുക്കാന്‍ കഴിയില്ല. വളരെ വേണ്ടപ്പെട്ട സുഹൃത്തായിരുന്നിട്ട് പോലും. എന്ത് സുഹൃത്താണെങ്കിലും ഞാന്‍ എന്റേതായ നിലപാട് മാറ്റില്ല. മുന്‍പും പറഞ്ഞിട്ടുണ്ട്. ഞാന്‍ അന്നും ഇന്നും എന്നും ഒരു കോണ്‍ഗ്രസുകാരനാണ് എന്നുള്ളത്.

ധര്‍മ്മജന്‍

അതേസമയം നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള വൈപ്പിന്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ആറ് തവണ എംഎല്‍എ ആയ എസ്് ശര്‍മ ഇത്തവണ മത്സരിക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. സിപിഐഎം തന്നെ ഇവിടെ മത്സരിക്കാന്‍ തീരുമാനിച്ചാല്‍ ജില്ലാ പഞ്ചായത്ത് അംഗം എംബി ഷൈനിക്കായിരിക്കും ആദ്യ പരിഗണനയെന്നാണ് സൂചന.

എന്നാല്‍ വൈപ്പിന്‍ സീറ്റ് സിപിഐഎമ്മുമായി സിപിഎം വെച്ച് മാറിയേക്കും. പകരം സിപിഐ മത്സരിക്കുന്ന പറവൂര്‍ സീറ്റ് സിപിഐഎം ഏറ്റെടുക്കും. തുടര്‍ച്ചയായി വിഡി സതീശന്‍ മത്സരിച്ച് ജയിക്കുന്ന സീറ്റ് പിടിച്ചെടുക്കുകയാണ് ലക്ഷ്യം. ഇത്തരത്തില്‍ ഒരു നീക്കം നടക്കുകയാണെങ്കില്‍ കഴിഞ്ഞ തവണ വിഡിക്കെതിരെ മത്സരിച്ച മുന്‍ മുഖ്യമന്ത്രി പികെ വാസുദേവന്‍ നായരുടെ മകള്‍ ശാരദ മോഹനെ വൈപ്പിനില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ സാധ്യതയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here