തിരഞ്ഞത് വീട്; ഗൂഗിള്‍ നല്‍കിയത് 7 കൊല്ലം മുമ്പ് മരിച്ചു പോയ അച്ഛന്‍ റോഡരികില്‍ നില്‍ക്കുന്ന ചിത്രം

0
460

കോവിഡ് കാലത്തെ ബോറടി മാറ്റാന്‍ ഗൂഗിളില്‍ തന്റെ മാതാപിതാക്കളുടെ വീട് തിരയുകയായിരുന്നു ആ യുവാവ്. എന്നാല്‍ അയാളെ അദ്ഭുതപ്പെടുത്തി ഗൂഗിളില്‍ അയാള്‍ കണ്ടെത്തിയത് അച്ഛന്റെ ചിത്രമാണ്. ഏഴ് കൊല്ലങ്ങള്‍ക്ക് മുമ്പ് മരിച്ചു പോയ അച്ഛന്റെ റോഡരികില്‍ നില്‍ക്കുന്ന  ഫോട്ടോ ഗൂഗിള്‍ എര്‍ത്ത് അയാളുടെ മുന്നിലെത്തിച്ച് അദ്ഭുതപ്പെടുത്തി.

ജപ്പാന്‍ സ്വദേശിയായ ട്വിറ്റര്‍ ഉപയോക്താവ് ടീച്ചര്‍ യുഫോയാണ് ഗൂഗിള്‍ എര്‍ത്തില്‍ നിന്ന് ലഭിച്ച ഫോട്ടോയുള്‍പ്പെടെ ഈ വിവരം ഷെയര്‍ ചെയ്തത്. റോഡരികില്‍ ആരെയോ കാത്തെന്ന പോലെയാണ് യുവാവിന്റെ അച്ഛന്‍ നില്‍ക്കുന്നത്. തീര്‍ച്ചയായും അത് അമ്മയെ കാത്തുള്ള നില്‍പാണെന്ന് ഇയാള്‍ പറയുന്നു. വളരെ ശാന്തനായ, ദയാലുവായ വ്യക്തിയായിരുന്നു തന്റെ പിതാവെന്നും ഇയാള്‍ ഓര്‍ക്കുന്നു.

‘ഏഴ് വര്‍ഷം മുമ്പ് മരിച്ചു പോയ അച്ഛനെ ഞാന്‍ കണ്ടു’ എന്ന് കുറിച്ചാണ് യുവാവ് ഫോട്ടോ ഷെയര്‍ ചെയ്തത്. ജനുവരി നാലിന് പങ്കു വെച്ച ഗൂഗിള്‍ ക്യാമറ പകര്‍ത്തിയ ചിത്രങ്ങള്‍ ഉള്‍പ്പെട്ട ട്വീറ്റ് ഇതിനോടകം 69 ലക്ഷത്തിലധികം പേരാണ് ലൈക്ക് ചെയ്തത്. പതിനൊന്ന് ലക്ഷത്തിലധികം പേര്‍ പോസ്റ്റ് റീട്വീറ്റ് ചെയ്തു.

വീടും പ്രദേശവും തെരുവുമൊക്കെ തിരയാന്‍ നാം സാധാരണയായി ആശ്രയിക്കുന്ന ഒരു സംവിധാനമാണ് ഗൂഗിള്‍ എര്‍ത്ത്.  തെരുവുകളുടെ ചിത്രങ്ങളില്‍ ചിലപ്പോഴൊക്കെ ആളുകളും പതിയാറുണ്ട്. അത്തരത്തിലാവും ഈ യുവാവിന്റെ അച്ഛന്റെ ചിത്രവും സംരക്ഷിക്കപ്പെട്ടത്. ഗൂഗിളിനോട് തന്റെ പ്രദേശത്തിന്റെ ഫോട്ടോ അപ്‌ഡേറ്റ് ചെയ്യരുതെന്ന് അഭ്യര്‍ഥിച്ചിരിക്കുകയാണ് യുവാവ്.

LEAVE A REPLY

Please enter your comment!
Please enter your name here