നിയമസഭാ തെരെഞ്ഞെടുപ്പില്‍ തവനൂര്‍ സീറ്റ് ലീഗുമായി വെച്ചുമാറാന്‍ കോണ്‍ഗ്രസ്സില്‍ ആലോചന. മലപ്പുറം ഡിസിസി ഓഫിസില്‍ ചേര്‍ന്ന ജില്ലാ നേതൃയോഗത്തിലാണ് ഇത് സംബന്ധിച്ച ചര്‍ച്ച ഉയര്‍ന്ന് വന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ രണ്ട് തവണ ജയിച്ചു കയറിയ തവനൂരില്‍ ലീഗ് സ്ഥാനാര്‍ഥിക്കാണ് വിജയസാധ്യത എന്നാണ് നേതാക്കളുടെ വിലയിരുത്തല്‍.
കഴിഞ്ഞ പാര്‍ലമെന്റ് തെരെഞ്ഞെടുപ്പില്‍ തവനൂരിലെ വോട്ട് നില ലീഗിന് അനുകൂലമായിരുന്നു. പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ പി വി അന്‍വറിനെതിരെ മത്സരിച്ച ഇടി മുഹമ്മദ് ബഷീറിന് തവനൂരില്‍ 7,000 വോട്ട് ഭൂരിപക്ഷം കിട്ടിയിരുന്നു. ഇത് വിലയിരുത്തുമ്പോള്‍ മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥിക്ക് തവനൂരില്‍ മികച്ച മത്സരം കാഴ്ചവെക്കാനും ജയിച്ചുകയറാനും സാധിക്കുമെന്ന് അഭിപ്രായമുയര്‍ന്നു. തവനൂരിന് പകരം വള്ളിക്കുന്ന് വാങ്ങാനാണ് കോണ്‍ഗ്‌സസിന്റെ ആലോചന. അല്ലെങ്കില്‍ മുസ്ലിംലീഗില്‍ നിന്നും പി കെ ബഷീര്‍ ജയിച്ചുവരുന്ന ഏറനാട് സീറ്റ് ആവശ്യപ്പെടും.
നിയമസഭാ തെരെഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കഴിഞ്ഞ ദിവസം ഡിസിസി യില്‍ ചേര്‍ന്ന യോഗത്തിലാണ് നേതാക്കള്‍ സീറ്റ് വെച്ചുമാറണമെന്ന് നിലപാട് അറിയിച്ചത്. പതിനാറ് നിയസഭ മണ്ഡലങ്ങള്‍ ഉള്ള മലപ്പുറം ജില്ലയില്‍ നാലിടത്താണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. നിലമ്പൂര്‍, തവനൂര്‍, പൊന്നാനി, വണ്ടൂര്‍ എന്നിവയാണ് ജില്ലയില്‍ കോണ്‍ഗ്രസ്സിനുള്ള നിയസഭ മണ്ഡലങ്ങള്‍. സീറ്റ് വച്ചുമാറ്റം ആലോചനയില്‍ ഇല്ലെന്ന് മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് സ്വാദിഖലി തങ്ങള്‍ പ്രതികരിച്ചിരുന്നുവെങ്കിലും കോണ്‍ഗ്രസ്സ് ആവശ്യവുമായി യുഡിഎഫ് നേതൃത്വത്തെ സമീപിക്കും.
2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ 17,064 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫ് സ്വതന്ത്രനായ കെ ടി ജലീല്‍ ജയിച്ചത്. ജലീല്‍ 68,179 വോട്ടുകളും, കോണ്‍ഗ്രസിന്റെ ഇഫ്തിഖറുദ്ദീന്‍ മാസ്റ്റര്‍ 51,115 വോട്ടും നേടി. 2011ല്‍ 6,854 വോട്ടായിരുന്നു കെ ടി ജലീലിന്റെ ഭൂരിപക്ഷം. കോണ്‍ഗ്രസിന്റെ വി വി പ്രകാശ് 50,875 വോട്ടുകള്‍ കിട്ടിയപ്പോള്‍ 57,729 പേര്‍ ജലീലിന് വോട്ടുചെയ്തു.