ജയ്പൂര്‍: ഒരു ഇടവേളയ്ക്ക് ശേഷം റിസോര്‍ട്ട് രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞ് രാജസ്ഥാന് ബിജെപി. തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന്റെ പശ്ചാത്തലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി വിവിഝ ജില്ലകളിലെ ഹോട്ടലുകളിലേക്ക് മാറ്റി. തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് തട്ടിയെടുക്കുമെന്ന ഭീതിയിലാണ് നീക്കമെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.
ഞായറാഴ്ചയാണ് രാജസ്ഥാനിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരിക. 2020 ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പ്രകടനം മോശമായിരുന്ന ബിജെപിയെ സംബന്ധിച്ചിടത്തോളം തദ്ദേശ തെരഞ്ഞെടുപ്പ് ലിറ്റ്മസ് ടെസ്റ്റാണ്. പാര്‍ട്ടി സംസ്ഥാനാധ്യക്ഷന്‍ സതീഷ് പൂനിയയ്ക്കും തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്.
‘കഴിഞ്ഞ ഡിസംബറില്‍ 50 സീറ്റുകളിലേക്ക് നടന്ന മുനിസിപല്‍ തെരഞ്ഞെടുപ്പില്‍ സംസ്ഥാന സര്‍ക്കാര്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ സ്വാധീനിക്കാനും തട്ടിയെടുക്കാനും സമ്മര്‍ദ്ദ ശ്രമങ്ങള്‍ നടത്തിയിരുന്നു. അതുകൊണ്ടാണ് വോട്ടെണ്ണലിന്റെ പശ്ചാത്തലത്തില്‍ ഞങ്ങള്‍ സ്ഥാനാര്‍ത്ഥികളെ വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. തെരഞ്ഞെടുപ്പ് ഫലം നാളെ പുറത്തുവന്നതിന് ശേഷം അവര്‍ ഹോട്ടലുകളില്‍ തന്നെ തുടരണോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കും’, ഒരു ബിജെപി പ്രവര്ത്തകന് പറഞ്ഞു.
സ്ഥാനാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുകയാണെന്നാണ് ഹോട്ടലുകളിലേക്ക് മാറ്റിയിരിക്കുന്നതിന് ബിജെപി നല്കുന്ന ഔദ്യോഗിക ഭാഷ്യം.
എന്നാല്‍, സ്ഥാനാര്‍ത്ഥികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നെന്ന ബിജെപി ആരോപണം കോണ്‍ഗ്രസ് തള്ളി. കോണ്‍ഗ്രസിന് കുതിരക്കച്ചവടത്തിന്റെ സംസ്കാരമില്ലെന്നും ബിജെപി ഇപ്പോള്‍ നടത്തുന്ന പ്രചരണങ്ങള്‍ പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണെന്നും കോണ്‍ഗ്രസ് നേതാവ് തിരിച്ചടിച്ചു.
ജനുവരി 28നാണ് രാജസ്ഥാനില്‍ മുനിസിപല്‍ തെരഞ്ഞെടുപ്പ് നടന്നത്. 20 ജില്ലകളിലെ 80 മുനിസിപാലിറ്റികളിലേക്കും 9 മുനിസിപല്‍ കൗണ്‍സിലുകളിലേക്കും ഒരു മുനിസിപല്‍ കോര്പറേഷനിലേക്കുമായിരുന്നു തെരഞ്ഞെടുപ്പ്.
കഴിഞ്ഞ വര്‍ഷം, പാര്‍ട്ടിയില്‍ വിമത ശബ്ദമുയര്‍ത്തി സച്ചിന് പൈലറ്റ് രംഗത്തെത്തിയതിന് പിന്നാലെയുണ്ടായ രാഷ്ട്രീയ പ്രതിസന്ധിയോടെ കോണ്‍ഗ്രസ് തങ്ങളുടെ എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു. രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായും രാജസ്ഥാനില്‍ റിസോര്‍ട്ട് രാഷ്ട്രീയം ശക്തമായിരുന്നു.