Friday, January 24, 2025
Home Latest news ‘കൊവാക്സിന്‍ ഒരു ഡോസിന് 206 രൂപ’; കൊവിഷീല്‍ഡും കൊവാക്സിനും സുരക്ഷിതമെന്ന് ആരോഗ്യമന്ത്രാലയം

‘കൊവാക്സിന്‍ ഒരു ഡോസിന് 206 രൂപ’; കൊവിഷീല്‍ഡും കൊവാക്സിനും സുരക്ഷിതമെന്ന് ആരോഗ്യമന്ത്രാലയം

0
210

ദില്ലി: കൊവിഷീല്‍ഡും കൊവാക്സിനും സുരക്ഷിതമെന്ന് ആരോഗ്യമന്ത്രാലയം. കൃത്യമായ വിലയിരുത്തലിന് ശേഷമാണ് വാക്സീന് അനുമതി നല്‍കിയതെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു. കൊവാക്സിൻ ഒരു ഡോസിന് 206 രൂപയായിരിക്കും. സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ആദ്യം വാങ്ങുക ഒരു കോടി ഡോസും ഭാരത് ബയോടെക്കില്‍ നിന്ന് വാങ്ങുന്നത് 55 ലക്ഷം ഡോസുമായിരിക്കും. പതിനാറര ലക്ഷം ഡോസ് കൊവാക്സിൻ ഭാരത് ബയോടെക്  സൗജന്യമായി നൽകും. വാക്സീനേഷനായി രണ്ട് ലക്ഷം പേര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. പരീക്ഷണഘട്ടത്തിലുള്ള നാല് വാക്സീനുകളിൽ പ്രതീക്ഷയുണ്ട്. വാക്സിനേഷൻ പ്രക്രിയ പൂർത്തിയാകാൻ ഒരു വർഷം വേണ്ടിവരുമെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞു.

പുനെ സിറം  ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പുലര്‍ച്ചെ നാലരയോടെ കൊവിഷീല്‍ഡ് വാക്സീനുമായുള്ള ശീതീകരിച്ച ട്രക്കുകള്‍ പുറപ്പെട്ടു. തേങ്ങയടിച്ചും, പൂജ നടത്തിയുമാണ്  സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ മരുന്നുകള്‍ പുറത്തേക്ക് വിട്ടത്. 32 കിലോ ഭാരം വരുന്ന 478 ബോക്സുകളാണ് ട്രക്കുകളില്‍  വിമാനത്താവളത്തില്‍ എത്തിച്ചത്. തുടര്‍ന്ന്  എയര്‍ ഇന്ത്യ, സ്പൈസ് ജെറ്റ്, ഇന്‍ഡി ഗോ വിമാനങ്ങള്‍ 13 ഇടങ്ങളിലേക്ക്  വാക്സീനുമായി പുറപ്പെട്ടു. ദില്ലിയിലെത്തിച്ച വാക്സീന്‍ വിമാനത്താവളത്തില്‍ പ്രത്യേകം തയ്യാറാക്കിയ ശീതീകരിച്ച മുറികളിലും, രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലുമായി സൂക്ഷിക്കും. ദില്ലിക്ക് പുറമെ കൊല്‍ക്കത്ത, ഗുവാഹത്തി, അഹമ്മദാബാദ്, ഹൈദരബാദ്, വിജയവാഡ, ബംഗലുരു തുടങ്ങി പതിമൂന്ന് ഇടങ്ങളില്‍ ഇന്ന് തന്നെ വാക്സീന്‍ എത്തിക്കും.  കൊച്ചി തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍  നാളെ വാക്സീന്‍ എത്തും.

LEAVE A REPLY

Please enter your comment!
Please enter your name here