കണ്ണൂർ: അഴീക്കോട് സ്കൂളിന് പ്ലസ്ടു അനുവദിച്ചതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിൽ കെഎം ഷാജി എംഎൽഎക്കെതിരെ നിർണ്ണായക രേഖകൾ ലഭിച്ചതായി വിജിലൻസ് അന്വേഷണ ഉദ്യോഗസ്ഥൻ ഡി വൈ എസ് പി ബാബു പെരിങ്ങേത്ത്. കേസിൽ എംഎൽഎയുടെ ചോദ്യം ചെയ്യൽ പൂർത്തിയാകാത്തതിനാൽ ഇനിയും വിളിപ്പിക്കേണ്ടി വരും. നിർണ്ണായക രേഖകൾ ലഭിച്ചിട്ടുണ്ട്. പൂർണ്ണ തെളിവുകൾ ലഭിച്ചാലാകും അറസ്റ്റ്. കേസുമായി ബന്ധപ്പെട്ട് ലീഗിന്റെ സംസ്ഥാന നേതാക്കളെ വിളിപ്പിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കണ്ണൂർ യൂനിറ്റ് ഓഫീസിലെ ചോദ്യം ചെയ്യൽ ഇന്ന് മൂന്നുമണിക്കൂർ നീണ്ടു. എന്നാൽ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ഗൂഢാലോചനക്ക് പിന്നിൽ മുഖ്യമന്ത്രിയാണെന്നും ചോദ്യം ചെയ്യലിന് ശേഷം ഷാജി മാധ്യമങ്ങളോട് പ്രതികരിച്ചു. വിജിലൻസിന്റെ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകിയിട്ടുണ്ട്. കേസിൽ ഒരു തെളിവും ഇല്ലെന്ന ഉറച്ച ബോധ്യമുണ്ട്. രാഷ്ട്രീയ പ്രേരിതമാണ് കേസ് എന്നും കരുതി കേസിനെ നേരിടാതിരിക്കാനാവില്ല. ആവശ്യപ്പെട്ട രേഖകൾ നൽകിയിട്ടുണ്ട്. ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകിയതായും ഷാജി പ്രതികരിച്ചു.