കാസർകോടൻ അങ്കത്തട്ടിൽ ആരെല്ലാം? യുഡിഎഫിൽ പലപേരുകൾ

0
235

കാസർകോട് ∙ ജില്ലയിൽ 4 പതിറ്റാണ്ടിലേറെക്കാലം ആയി യുഡിഎഫും മുസ്‍ലിം ലീഗും കുത്തകയാക്കി വച്ചിരിക്കുന്ന നിയമസഭാ മണ്ഡലം ആണ് കാസർകോട്. ലീഗിന്റെ ഉറച്ച സീറ്റായ ഇവിടെ ആരെ ഇത്തവണ ഇറക്കുമെന്ന കാര്യത്തിൽ പ്രാഥമിക ധാരണപോലും ആയിട്ടില്ല. കാസർകോട് കഴിഞ്ഞ 2 തിരഞ്ഞെടുപ്പുകളിലും വിജയിച്ച എൻ.എ.നെല്ലിക്കുന്ന് ഇക്കുറി മഞ്ചേശ്വരത്തേക്കു പോകുമെന്ന പ്രചാരണം ശക്തമാണ്. ഇതോടെ മുസ്‍ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി.ഇ.അബ്ദുല്ല കാസർകോട് സ്ഥാനാർഥിയാകുമെന്നാണ് ഒരു വിഭാഗം ലീഗ് പ്രവർത്തകർ പ്രതീക്ഷിക്കുന്നത്.രണ്ടു തവണ മത്സരിച്ചു ജയിച്ച എൻ.എ.നെല്ലിക്കുന്നിനെ മാറ്റുകയാണെങ്കിൽ കെ.എം.ഷാജിയോ മറ്റോ ഇറക്കുമതി സ്ഥാനാർഥിയായി കാസർകോടെത്തുമെന്നും അഭ്യൂഹമുണ്ട്. എന്നാൽ എല്ലാം സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം അനുസരിച്ചു നടക്കുമെന്നാണു മുസ്‍ലിം ലീഗ് ജില്ലാ നേതാക്കളുടെ പ്രതികരണം.

മുസ്‍ലിം ലീഗ് പിളർപ്പിൽ ഐഎൻഎൽ പക്ഷത്തേക്കു മാറി സംസ്ഥാന സെക്രട്ടറിയായ നേതാവായിരുന്നു എൻ.എ.നെല്ലിക്കുന്ന്. മുസ്‍ലിം ലീഗിലേക്കു തിരികെ എത്തിയ ഉടൻ തന്നെ  2011ലെ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തെ മുസ്‍ലിം ലീഗ് നേതൃത്വം കാസർകോട് യുഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചത് ഓർക്കാപ്പുറത്തായിരുന്നു. സ്ഥാനാർഥിത്വം ഉറപ്പിച്ച വമ്പന്മാരെപ്പോലും ഞെട്ടിക്കുന്നതായിരുന്നു പ്രഖ്യാപനം. അങ്ങനെ ഞെട്ടിക്കുന്ന ഒരു പ്രഖ്യാപനം വരുമെന്ന് അണികൾ കണക്കുകൂട്ടുന്നു. 8607 വോട്ട് ഭൂരിപക്ഷം നേടിയാണ് കഴി‍‍ഞ്ഞ തിരഞ്ഞെടുപ്പിൽ എൻ.എ.നെല്ലിക്കുന്ന് നിയമസഭയിലെത്തിയത്.

ഇത്തവണയും മത്സരിച്ചു ജയിക്കുകയും യുഡിഎഫ് അധികാരത്തിലെത്തുകയുമാണെങ്കിൽ മന്ത്രിയാകാനുള്ള സാധ്യതയും എൻ.എ.നെല്ലിക്കുന്നിനുണ്ട്. ടി.ഇ.അബ്ദുല്ല കാസർകോട് നിയമസഭ മണ്ഡലത്തിൽ ഒന്നര പതിറ്റാണ്ടു മുൻപ് സ്ഥാനാർഥി പരിഗണനയിൽ ഉണ്ടായിരുന്ന നേതാവായിരുന്നു. 1977ൽ പിതാവ് പരേതനായ ടി.എ.ഇബ്രാഹിം കാസർകോട് എംഎൽഎയായിരുന്നു. കെ.എം.ഷാജിയെ സ്ഥാനാർഥിയാക്കുമെന്ന അഭൂഹവും ഉണ്ട്.

ബിജെപിയിൽ ധാരണയായില്ല

കാസർകോട് മണ്ഡലത്തിൽ കഴി‍ഞ്ഞ നിയമസഭ തിരഞ്ഞെടുപ്പുകളിലെല്ലാം രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ബിജെപിയുടെ ഇത്തവണത്തെ സ്ഥാനാർഥി ആരായിരിക്കുമെന്നത് സംബന്ധിച്ച് ആരുടെയും പേര് ഉയർന്നുവന്നിട്ടില്ല. കഴി‍ഞ്ഞ തവണ രവീശ തന്ത്രി കുണ്ടാർ ആയിരുന്നു സ്ഥാനാർഥി. ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത്, ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി.അബ്ദുല്ലക്കുട്ടി എന്നിവരൊക്കെ സാധ്യതാ പട്ടികയിലുണ്ട്. അതേ സമയം മത്സരിക്കാനില്ലെന്ന് അബ്ദുല്ലക്കുട്ടി വ്യക്തമാക്കിയിട്ടുമുണ്ട്.

ഐഎൻഎല്ലിന് താൽപര്യക്കുറവ്

കഴിഞ്ഞ 3 തവണയും ഐഎൻഎൽ ആണ് ഇവിടെ ഇടതുപക്ഷത്തിനായി മത്സരിച്ചത്. 2006, 2011, 2016 തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച ഐഎൻഎൽ ഇത്തവണ കാസർകോട് സീറ്റ് വേണ്ടെന്ന നിലപാടിലാണ്. പകരം വിജയസാധ്യതയുള്ള ഉദുമയോ കാഞ്ഞങ്ങാടോ നൽകണമെന്നു മുന്നണിയിൽ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. പതിവായി തോൽക്കുന്ന സീറ്റിൽ മത്സരിക്കാൻ കഴിയില്ലെന്നു ഐഎൻഎൽ നേതൃത്വം നിലപാട് എടുത്തതായാണു വിവരം. അങ്ങനെയെങ്കിൽ ഇടതു സ്വതന്ത്രനെ കാസർകോട്ട് പ്രതീക്ഷിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here