കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഡിസംബര്‍ 31 വരെ 285 കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്നാണ് ചൈല്‍ഡ് ലൈനിന്റെ കണക്ക്. ഈ കാലയളവുകളില്‍ മാത്രം കുട്ടികള്‍ ഇരകളായ 44 ലൈംഗികപീഡനക്കേസുകളും രജിസ്റ്റര്‍ ചെയ്തു.
ശാരീരിക പീഡനത്തിനിരയായതുമായി ബന്ധപ്പെട്ട് 38 കേസുകളുമുണ്ട്. കുട്ടികളെ മാനസികമായി പീഡിപ്പിച്ചതിന് 50 കേസുകളുണ്ട്. മറ്റുവിഭാഗങ്ങളിലായി കഴിഞ്ഞ വര്‍ഷം 91 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. അഞ്ച് ബാലവിവാഹങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജൂണ്‍, ആഗസ്ത്, സെപ്തംബര്‍ മാസങ്ങളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
പിന്നോക്ക പ്രദേശങ്ങളിലുള്ള കുടുംബങ്ങളിലെ കുട്ടികളാണ് കൂടുതലും അതിക്രമങ്ങള്‍ക്കിരകളാകുന്നതെന്നാണ് ചൈല്‍ഡ് ലൈന്‍ റിപ്പോര്‍ട്ട്. മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നവരുള്ള കുടുംബങ്ങളിലുണ്ടാകുന്ന കലഹങ്ങളും അക്രമങ്ങളും കുട്ടികള്‍ ഉപദ്രവിക്കപ്പെടാന്‍ കാരണമാകുന്നു. ജില്ലയില്‍ ഇത്തരം നിരവധി കുടുംബങ്ങളുണ്ട്. അനധികൃതമദ്യവില്‍പ്പന വ്യാപകമായ പ്രദേശങ്ങളിലുള്ള പല കുടുംബങ്ങളിലും കുട്ടികള്‍ ശാരീരികമായും മാനസികമായും പീഡിപ്പിക്കപ്പെടുന്ന സ്ഥിതി നിലനില്‍ക്കുകയാണ്.