‘കാലം മാറി വരികയല്ലേ പണ്ടത്തെ പോലെയാണോ’ ; ലീഗ് ഇത്തവണ വനിതാ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമോ എന്ന ചോദ്യത്തിന് കെപിഎ മജീദ്

0
272

നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് ഇത്തവണ വനിതാ സ്ഥാനാര്‍ത്ഥികളെ പരിഗണിക്കുമോ എന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നു വരികയാണ്. ഇത്തവണ വനിതാ സ്ഥാനാര്‍ത്ഥികളെ പരിഗണിക്കണമെന്ന ആവശ്യം യൂത്ത് ലീഗും എംഎസ്എഫും ലീഗിനു മുന്നില്‍ വെച്ചിട്ടുണ്ട്.

ഇതിനിടെ വനിതാ സ്ഥാനാര്‍ത്ഥികളെ പരിഗണിക്കുന്നത്തിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്.വനിതാ സ്ഥാനാര്‍ത്ഥികളെ പരിഗണിക്കുന്ന കാര്യം ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലെന്നാണ് കെപിഎ മജീദ് പ്രതികരിച്ചിരിക്കുന്നത്.

‘ അത് പാര്‍ട്ടി കമ്മിറ്റി കൂടി തീരുമാനിക്കേണ്ട കാര്യമാണ്. ഞങ്ങളിതുവരെ അക്കാര്യത്തെ സംബന്ധിച്ച് ചര്‍ച്ച ആരംഭിച്ചിട്ടില്ല. ആരംഭിക്കാനിരിക്കുന്നതേയുള്ളൂ,’ കെപിഎ മജീദ് മാധ്യമങ്ങളോട് പറഞ്ഞു.

1996 ന് ശേഷം മുസ്‌ലിം ലീഗില്‍ നിന്ന് നിയമസഭയിലേക്ക് ഒരു വനിതാ സ്ഥാനാര്‍ത്ഥി ഉണ്ടായിട്ടില്ല എന്ന മാധ്യമ പ്രവര്‍ത്തകരുടെ പരാമര്‍ശത്തിന് കാലം മാറി വരികയാണ് എന്നാണ് കെപിഎ മജീദ് മറുപടി നല്‍കിയത്.

‘ കാലം മാറി വരികയല്ലേ, പഴയ കാലത്തെ പോലെയാണോ ഇപ്പോള്‍. പാര്‍ട്ടി ഇതുവരെ സ്ഥാനാര്‍ത്ഥിത്തത്തെ പറ്റി തീരുമാനിച്ചിട്ടില്ല,’ നിങ്ങളെല്ലാം ശുഭപ്രതീക്ഷയില്ലേ എന്നു ചോദിച്ച കെപിഎ മജീദ് പാര്‍ട്ടി അതേ പറ്റി ആലോചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഹരിത സംസ്ഥാന അധ്യക്ഷയും എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റുമായ അഡ്വ. ഫാത്തിമ തഹ്‌ലിയയെ ഇത്തവണ മത്സര രംഗത്തിറക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ പ്രതികരണം.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു തവണ മാത്രമാണ് ലീഗ് വനിതാസ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ചത്. 1996 ല്‍ കോഴിക്കോട് സൗത്തില്‍ മത്സരിച്ച വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് ഖമറുന്നീസ അന്‍വറായിരുന്നു അത്. പക്ഷെ ഇവര്‍ പരാജയപ്പെടുകയായിരുന്നു. പിന്നീടിതുവരെ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ലീഗ് സ്ത്രീകളെ മത്സരിപ്പിച്ചിട്ടില്ല.

നിയമസഭാ തെരഞ്ഞെടുപ്പില്‍ നീക്കുപോക്കു സംബന്ധിച്ച ചോദ്യങ്ങള്‍ക്കും കെപിഎ മജീദ് മറുപടി നല്‍കി.

‘ അതേ പറ്റി യുഡിഎഫുമായി കൂടി തീരുമാനിക്കേണ്ടതാണ്. ഞങ്ങള്‍ നീക്കു പോക്കുണ്ടെങ്കില്‍ നീക്കു പോക്കുണ്ടെന്ന് പറയും. മറച്ചു വെക്കില്ല. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നീക്കുപോക്കുകള്‍ തീരുമാനിക്കേണ്ടത് യുഡിഎഫാണ്,’ കപിഎ മജീദ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിലെ വെല്‍ഫെയര്‍ ബന്ധം നഷ്ടമുണ്ടാക്കിയെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here