കാപ്പിറ്റോളില്‍ കലാപം; ട്രംപിന് ട്വിറ്റർ, ഫെയ്സ്ബുക്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു, വിര്‍ജീനിയയില്‍ അടിയന്തരാവസ്ഥ

0
218

അമേരിക്കന്‍ പാര്‍ലമെന്റ് മന്ദിരമായ യുഎസ് കാപ്പിറ്റോളില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ കലാപത്തിന് പിന്നാലെ ട്രംപിന്റെ അക്കൗണ്ട് ട്വിറ്റര്‍ മരവിപ്പിച്ചു. ട്വിറ്റര്‍ നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി. 12മണിക്കൂര്‍ നേരത്തേക്കാണ് അക്കൗണ്ട് മരവിപ്പിച്ചിരിക്കുന്നത്. ട്വിറ്റര്‍ നിയമങ്ങള്‍ തുടര്‍ന്നും ലംഘിക്കുകയാണെങ്കില്‍ അക്കൗണ്ട് എന്നന്നേക്കുമായി നീക്കം ചെയ്യുമെന്നും ട്വിറ്റര്‍ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. യുഎസ് ക്യാപിറ്റോളില്‍ കലാപം നടത്തിയ ട്രംപ് അനുകൂലികളെ ദേശസ്‌നേഹികളെന്ന് വിശേഷിപ്പിച്ച ഇവാങ്ക ട്രംപിൻറെ ട്വീറ്റും നീക്കം ചെയ്തു.

ട്രംപ് അനുകൂലികളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന ട്രംപിന്റെ വീഡിയോ ഫെയ്‌സ്ബുക്കും യുട്യൂബും നീക്കം ചെയ്തിട്ടുണ്ട്. യുഎസ് ക്യാപിറ്റോളിലെ കലാപകാരികളോട് വീട്ടിലേക്ക് മടങ്ങാന്‍ ആവശ്യപ്പെടുന്ന വീഡിയോയില്‍ ട്രംപ് തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്ന തന്റെ വാദം ആവര്‍ത്തിക്കുന്നുണ്ട്. ഇത് നിലവിലെ സ്ഥിതി കൂടുതല്‍ വഷളാക്കാനേ ഉപകരിക്കൂ എന്ന വിലയിരുത്തലിലാണ് ട്രംപിന്റെ വീഡിയോ ഫെയ്‌സ്ബുക്ക് നീക്കം ചെയ്തിരിക്കുന്നത്.

‘ഇത് ഒരു അടിയന്തര സാഹചര്യമാണ്. അതിനാല്‍ ഫെയ്‌സ്ബുക്ക് പ്രസിഡന്റ് ട്രംപിന്റെ വീഡിയോ നീക്കം ചെയ്യുന്നതുള്‍പ്പടെയുളള ഉചിതമായ അടിയന്തരനടപടികള്‍ കൈക്കൊളളുന്നു’ – ഫെയ്‌സ്ബുക്ക് വൈസ് പ്രസിഡന്റ് ഓഫ് ഇന്റെഗ്രിറ്റി ഗൈ റോസെണ്‍ പറഞ്ഞു.

കലാപത്തിന്റെ പശ്ചാത്തലത്തില്‍ വാഷിങ്ടണ്‍ ഡിസി മേയര്‍ മുരിയെല്‍ ബൗസെര്‍ വൈകീട്ട് ആറുമണിമുല്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കര്‍ഫ്യൂ സമയത്ത് ആളുകളോ വാഹനങ്ങളോ പുറത്തിറങ്ങരുതെന്ന് ഉത്തരവില്‍ കര്‍ശന നിര്‍ദേശമുണ്ട്. എന്നാല്‍ അവശ്യസേവനദാതാക്കളെയും മാധ്യമങ്ങളെയും കര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

വിര്‍ജീനിയയില്‍ ഗവര്‍ണര്‍ റാല്‍ഫ് നോര്‍ഥാം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വാഷിങ്ടണിനോട് ചേര്‍ന്നുളള അലക്‌സാണ്ട്രിയ, അര്‍ലിങ്ടണ്‍ എന്നിവിടങ്ങളില്‍ വൈകീട്ട് ആറുമുതല്‍ രാവിലെ ആറുമണിവരെ കര്‍ഫ്യൂവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒരുമണിയോടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പ്രതിഷേധക്കാര്‍ കടന്നതോടെ യുഎസ് കോണ്‍ഗ്രസിന്റെ ഇരുസഭകളും അടിയന്തരമായി നിര്‍ത്തിവയ്ക്കുകയും കോണ്‍ഗ്രസ് അംഗങ്ങളെ ഒഴിപ്പിക്കുകയും ചെയ്തു. പാര്‍ലമെന്റ് സമ്മേളിക്കുന്നതിടെ ഇത്തരമൊരു സുരക്ഷാവീഴ്ച യുഎസ് ചരിത്രത്തില്‍ ഇതാദ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here