കാട്ടാനയുടെ ചവിട്ടേറ്റ് യുവതി കൊല്ലപ്പെട്ട സംഭവം; റിസോര്‍ട്ടുടമയും മാനേജറും അറസ്റ്റില്‍

0
178

കോഴിക്കോട്: വയനാട് മേപ്പാടിയിലെ റിസോര്‍ട്ടില്‍ യുവതിയെ ആന ചവിട്ടിക്കൊന്ന കേസില്‍ റിസോര്‍ട്ടുടമയും മാനേജറും അറസ്റ്റില്‍. റിസോര്‍ട്ട് ഉടമ റിയാസും മാനേജറായ സുനീറുമാണ് അറസ്റ്റിലായത്.

ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്ത ഇരുവരുടെയും അറസ്റ്റ് പൊലീസ് ഉച്ചയോടെ രേഖപ്പെടുത്തുകയായിരുന്നു.

പഞ്ചായത്തിന്റെ അനുമതിയില്ലാതെ റിസോര്‍ട്ട് പ്രവര്‍ത്തിപ്പിച്ചതിനും സുരക്ഷാ സംവിധാനങ്ങളുമില്ലാതെ വിനോദ സഞ്ചാരികളെ പാര്‍പ്പിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്.

ഇരുവരും നേരത്തെ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ നടപടികള്‍ പൂര്‍ത്തിയാകും മുമ്പാണ് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തിരിക്കുന്നത്.

ജനുവരി 23 നാണ് മേപ്പാടിയിലെ റിസോര്‍ട്ടില്‍വെച്ച് കാട്ടാനയുടെ ചവിട്ടേറ്റ് കണ്ണൂര്‍ ചേലേരി സ്വദേശി ഷഹാന സത്താറാണ് കൊല്ലപ്പെടുന്നത്.

വിനോദ സഞ്ചാരത്തിനെത്തിയപ്പോഴായിരുന്നു സംഭവം. 30 അംഗ സംഘത്തിനൊപ്പം എത്തിയ യുവതി റിസോര്‍ട്ടിന് പുറത്ത് കെട്ടിയ ടെന്റിലിരിക്കുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണമുണ്ടായത്. എല്ലാവരും ഓടി രക്ഷപ്പെട്ടെങ്കിലും ഷഹാനയ്ക്ക് കാട്ടാനയുടെ ചവിട്ടേല്‍ക്കുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് എളമ്പിശേരിയിലെ സ്വകാര്യ റിസോര്‍ട്ട് അടച്ചുപൂട്ടിയിരുന്നു. കളക്ടര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് റിസോര്‍ട്ട് അടച്ചുപൂട്ടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here