കര്‍ണാടകയിൽ മിനി ബസും ടിപ്പറും കൂട്ടിയിടിച്ച് ഒമ്പത് സ്ത്രീകൾ ഉള്‍പ്പെടെ 11 പേർ മരിച്ചു

0
211

ധർവാഡ്: കർണാടകയിലുണ്ടായ വാഹനാപകടത്തിൽ പതിനൊന്നു മരണം. ധര്‍വാഡിന് സമീപം ഇറ്റിഗറ്റി വില്ലേജ് ബൈപ്പാസ് റോഡില്‍ ഇന്ന് പുലർച്ചെ ഏഴരയോടെയായിരുന്നു അപകടം. മിനി ബസും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരില്‍ ഒമ്പതു പേർ സ്ത്രീകളാണ്. അഞ്ച് പേർ അപകടസ്ഥലത്തും ആറു പേർ ആശുപത്രിയിൽ വച്ചുമാണ് മരണമടഞ്ഞത്. ഗുരുതരമായി പരിക്കേറ്റ അഞ്ച് പേർ ചികിത്സയിൽ കഴിയുകയാണ്.

ദാവനഗരിയിൽ നിന്നും ഗോവയിലേക്ക് പുറപ്പെട്ട മിനിബസാണ് അപകടത്തിൽപ്പെട്ടത്. പൂർവ്വകാല കോളജ് സുഹൃത്തുക്കളായിരുന്ന സ്ത്രീകളുടെ സംഘമാണ് മിനി ബസിലുണ്ടായിരുന്നതെന്നാണ് പൊലീസ് പറയുന്നത്. ഇവർ ഗോവയിലേക്ക് വിനോദയാത്ര പുറപ്പെട്ടതായിരുന്നു. പതിനാറ് പേരായിരുന്നു മിനിബസിലുണ്ടായിരുന്നതെന്നും പൊലീസ് വ്യക്തമാക്കി.

മുൻ എംഎൽഎ ഗുരുസിദ്ധനഗൗഡറിന്‍റെ മരുമകളും അപകടത്തിൽ മരിച്ചവരിൽ ഉ‍ൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. രജനി, പ്രീതി, പരംജ്യോതി, വീണ, രാജേശ്വരി, മഞ്ജുള എന്നിങ്ങനെ മരിച്ച അ‍ഞ്ചു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

മിനിബസിന്‍റെ ഡ്രൈവറും അപകടത്തിൽ മരിച്ചു. ടിപ്പറിന്‍റെ അമിതവേഗതയാണ് അപകടത്തിനിടയാക്കിയതെന്നാണ് റിപ്പോർട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here