മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും കോടികളുടെ സ്വർണവേട്ട. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കരിപ്പൂർ എയർ ഇൻ്റലിജൻസ് വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് 2,429 ഗ്രാം സ്വർണം പിടികൂടിയത്. മലപ്പുറം സ്വദേശികളായ മൂന്നു പേരിൽ നിന്നും കാസർകോട് മണ്ണാർക്കാട് നിന്നുള്ള രണ്ടു പേരിൽ നിന്നുമായാണ് സ്വർണം പിടികൂടിയത്. ട്രോളി ബാഗിൻ്റെ സ്ക്രൂവിലും ശരീരത്തിലും എമർജൻസി ലാമ്പിലും ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. അന്താരാഷ്ട്ര വിപണിയിൽ ഒരു കോടി 22 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് പിടിച്ചെടുത്തതെന്ന് എയർ ഇൻ്റലിജൻസ് വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു.
അതേസമയം കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ചു സ്വർണക്കടത്ത് വർധിച്ചുവരുന്ന സാഹചര്യത്തിൽ അധികൃതർ പരിശോധന ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഉദ്യോഗസ്ഥർക്കെതിരെയും ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതേ തുടർന്ന് സിബിഐ സംഘം കരിപ്പൂരിൽ റെയ്ഡ് നടത്തുകയും കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തുകയും ചെയ്തിരുന്നു. സംഭവത്തിൽ നാല് കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ പ്രിവൻ്റീവ് കമ്മീഷണർ നടപടിയും സ്വീകരിച്ചിരുന്നു.