മലപ്പുറം: അപ്രതീക്ഷിതമായി ചായക്കടയിൽ ഒരു പൊതി വീണു കിടക്കുന്നത് കണ്ടാണ് നാട്ടുകാർ അത് പരിശോധിച്ചത്. എന്നാൽ, പൊതി തുറന്ന് നോക്കിയപ്പോൾ കണ്ടത് കഞ്ചാവ്. കടയിൽ കഞ്ചാവ് പൊതി നഷ്ടപ്പെട്ടു പോയ ആളെ തിരയാൻ നാട്ടുകാർ ആരംഭിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.
ഇതിനിടയിലാണ് ഒരാൾ കടയിലേക്ക് തിരികെ എത്തിയത്. ചായക്കടയിൽ വീണുപോയ തന്റെ ഔഷധക്കൂട്ട് അന്വേഷിച്ചാണ് ഇയാൾ എത്തിയത്. നാട്ടുകാർ പിന്നെ ഒന്നും വച്ചു താമസിപ്പിച്ചില്ല. ഉടനെ തന്നെ എക്സൈസിനെ വിളിച്ച് ആളെ കൈമാറി. മലപ്പുറം ജില്ലയിലെ എടപ്പാളിന് സമീപം നെല്ലിശ്ശേരിയിൽ ഇന്നലെ ആയിരുന്നു സംഭവം.
കുടക് സ്വദേശിയും നെല്ലിശ്ശേരിയിലെ താമസക്കാരനുമായ നാൽപത്തിയെട്ടുകാരനായ. ഹംസയാണ് തന്റെ കൈയിൽ നിന്ന് നഷ്ടപ്പെട്ടു പോയ പൊതി അന്വേഷിച്ച് ചായക്കടയിൽ എത്തിയത്. എന്നാൽ, പൊതിയിൽ കഞ്ചാവ് ആണെന്ന് മനസിലാക്കിയ നാട്ടുകാർ ആളെ എക്സൈസിന് കൈമാറുകയായിരുന്നു.
ഇയാളുടെ താമസസ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കൂടുതലായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.