ഓസീസ് ബാറ്റ്‌സ്മാന്‍മാരുടെ നെഞ്ചിന് നേരെ സിറാജിന്റെ തീയുണ്ടകള്‍; വീഡിയോ കാണാം

0
227

ബ്രിസ്‌ബേന്‍ ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ താരമായി മുഹമ്മദ് സിറാജ്. താരം എറിഞ്ഞ മികച്ച പന്തുകളുടെ വീഡിയോകള്‍ വൈറലാണ്. നാലാം ടെസ്റ്റിലെ രണ്ട് ഇന്നിംഗ്‌സുകളിലായി ആറ് വിക്കറ്റാണ് സിറാജ് സ്വന്തമാക്കിയത്. രണ്ടാമത്തെ ഇന്നിംഗ്സില്‍ കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടവും താരം സ്വന്തമാക്കി. രണ്ടാം ഇന്നിങ്‌സില്‍ മര്‍നസ് ലബുഷെയ്ന്‍ (25), സ്റ്റീവന്‍ സ്മിത്ത് (55), മാത്യു വെയ്ഡ് (0), മിച്ചല്‍ സ്റ്റാര്‍ക്ക് (1), ജോഷ് ഹേസല്‍വുഡ് (9) എന്നിവരാണ് സിറാജിന് മുന്നില്‍ മുട്ടുമടങ്ങിയത്.

സ്റ്റീവ് സ്മിത്തിന്‍റെ വിക്കറ്റാണ് ഇതില്‍ ഏറ്റവും മികച്ചത്. നെഞ്ചിന് നേരെ കുത്തിയുയര്‍ന്ന പന്ത് കളിക്കാന്‍ ശ്രമിക്കുന്നതിനിടെ സ്മിത്ത് സ്ലിപ്പില്‍ രഹാനെയ്ക്ക് ക്യാച്ച് നല്‍കുകയായിരുന്നു. അതേ ഓവറില്‍ വെയ്ഡിനെയും സിറാജ് ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ചു. ബാറ്റ്‌സ്മാന്‍മാരുടെ ശരീരത്തെ ലക്ഷ്യമാക്കി യുവതാരം എറിഞ്ഞ മിക്ക പന്തുകളും കളിക്കാന്‍ ഓസീസ് താരങ്ങള്‍ക്ക് കഴിഞ്ഞില്ല. ഓസീസ് നായകന്‍ ടിം പെയ്‌നും സ്മിത്തിന് സമാനമായി ക്രീസില്‍ വിയര്‍ത്തു. സിറാജ് സൃഷ്ടിച്ച സമ്മര്‍ദ്ദത്തിനൊടുവില്‍ താക്കൂറിന് കീഴടങ്ങി പെയ്ന്‍ മടങ്ങുകയും ചെയ്തു. 27 റണ്‍സ് മാത്രമായിരുന്നു സമ്പാദ്യം.

മുഹമ്മദ് ഷമിയുടെ പരിക്കാണ് സിറാജിന് അരങ്ങേറ്റ മത്സരത്തിന് വഴിയൊരുക്കിയത്. ആദ്യ മത്സരത്തിലെ രണ്ട് ഇന്നിംഗ്സുകളിലായി അഞ്ച് വിക്കറ്റുകള്‍ നേടിയിരുന്നു. ബ്രിസ്‌ബേനില്‍ ഓസീസിന് മുന്‍തൂക്കം ലഭിക്കുന്ന പിച്ചില്‍ ഇന്ത്യയുടെ ബൗളിംഗ് അറ്റാക്ക് നയിച്ചത് സിറാജാണ്. വംശീയ അധിക്ഷേപങ്ങളും സമ്മര്‍ദ്ദങ്ങളെയും അതിജീവിച്ച പ്രകടനമായിരുന്നു താരത്തിന്റേത്.

LEAVE A REPLY

Please enter your comment!
Please enter your name here