മട്ടന്നൂർ: പുതുവത്സരം തുടങ്ങിയിട്ട് ഒരാഴ്ച പിന്നിടുമ്പോഴെക്കും കണ്ണൂർ രാജ്യാന്തര വിമാനതാവളത്തിൽ സ്വർണക്കടത്തിന്റെ പരമ്പര. കഴിഞ്ഞ വർഷം 49 കോടിയുടെ സ്വർണക്കടത്താണ് കണ്ണൂരിൽ നിന്നും കടത്തവേ പിടികൂടിയതെങ്കിൽ ഇക്കുറി അതിലുമേറെ കുടുമെന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ പിടികൂടിയ സ്വർണശേഖരത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. നേരത്തെയുള്ളതിൽ നിന്നും വ്യത്യസ്തമായി വൻതോതിലുള്ള സ്വർണ കടത്താണ് ഇപ്പോൾ വിമാന താവളം വഴി നടക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഒന്നര കോടിയുടെ സ്വർണമാണ് വിമാനതാവളത്തിൽ വന്നിറങ്ങിയ യാത്രക്കാരിൽ നിന്നും പിടികൂടിയത്.
കഴിഞ്ഞ ദിവസം കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ഒരുകോടിയിലധികം രൂപയുടെ സ്വര്‍ണവുമായി മൂന്നുപേരാണ് പിടിയിലായത്. കൂത്തുപറമ്പ് സ്വദേശി ബഷീര്‍, കാസര്‍കോട് ഉപ്പള സ്വദേശി മുഹമ്മദ് അഷറഫ്, കോഴിക്കോട് കക്കട്ടില്‍ സ്വദേശി റഷീദ് എന്നിവരാണ് കസ്റ്റംസ് പിടിയിലായത്. ഇവരില്‍ നിന്നും ഒരുകോടി 20 ലക്ഷം വരുന്ന 2389 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. രണ്ടുപേര്‍ ദുബായില്‍ നിന്നെത്തിയവരും ഒരാള്‍ ബഹറിനില്‍ നിന്നെത്തിയതുമായിരുന്നു. ട്രോളി ബാഗിന്റെ ബീഡിങ് വയറായും, ആഭരണങ്ങളായും മലദ്വാരത്തില്‍ കാപ്സ്യൂളുകളായുമാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ബഷീറില്‍ നിന്ന് 815 ഗ്രാം തൂക്കമുള്ള 41 ലക്ഷത്തിലധികം രൂപയുടെ സ്വര്‍ണ്ണവും, മുഹമ്മദ് അഷറഫില്‍ നിന്നും 30 ലക്ഷത്തോളം രൂപ വിലവരുന്ന 591 ഗ്രാം സ്വര്‍ണ്ണവും, റഷീദില്‍ നിന്നും 49 ലക്ഷത്തിലധികം രൂപ വില വരുന്ന 983 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഇ. വികാസ്, ഉദ്യോഗസ്ഥരായ പി.കെ ഹരിദാസ്, എസ്. നന്ദകുമാര്‍, കെ ഹബീബ്, ദിലീപ് കൗശല്‍, മനോജ് കുമാര്‍ യാദവ്, ജോയ് സെബാസ്റ്റ്യന്‍, മല്ലിക കൗഷിക്, കെ.ടി.എം രാജന്‍ എന്നിവരാണ് സ്വര്‍ണം പിടികൂടിയത്.
ഇതിനു മുൻപായി കണ്ണൂർ വിമാനതാവളത്തിൽ നിന്നും 50 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. കാസര്‍കോട് സ്വദേശി സിദ്ദീഖില്‍ നിന്നാണ് ഒരു കിലോയോളം സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. തിങ്കളാഴ്ച്ച രാവിലെ ദുബായില്‍ നിന്നും കണ്ണൂര്‍ വിമാനത്തവാളത്തിലെത്തിയ ഇയാളെ പരിശോധിച്ചപ്പോഴാണ് മലദ്വാരത്തില്‍ സ്വര്‍ണം ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം കണ്ടെത്തിയത്. സ്വര്‍ണ മിശ്രിതം നാല് കാപ്സ്യൂളുകളാക്കിയാണ് കടത്താന്‍ ശ്രമിച്ചത്. ഒരു കിലോ 69 ഗ്രാം തൂക്കമുണ്ടായിരുന്ന സ്വര്‍ണ മിശ്രിതത്തില്‍ നിന്നും 973 ഗ്രാം സ്വര്‍ണമാണ് വേര്‍തിരിച്ചപ്പോള്‍ ലഭിച്ചത്.