റിസ്കുകൾ എടുത്ത് ആളുകൾ സ്വന്തമായി ബിസിനസ്സ് സാമ്രാജ്യങ്ങൾ കെട്ടിപ്പടുക്കുന്ന കഥകൾ നമ്മൾ പലപ്പോഴും അത്ഭുതത്തോടെ കേട്ടിരിക്കാറുണ്ട്. അതേസമയം, അവർ ഏറ്റെടുത്ത വെല്ലുവിളികളും, റിസ്കുകളും ഒരുപക്ഷേ നമുക്ക് ചിന്തിക്കാൻ പോലും സാധിക്കാത്തതായിരിക്കും. പലപ്പോഴും ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ച്, കൈയിലുള്ള സമ്പാദ്യം മുഴുവൻ എടുത്ത് ബിസിനസ് തുടങ്ങിയവരായിരിക്കും അവരിൽ പലരും. അന്ന് അവർ എടുത്ത തീരുമാനത്തിന്റെ പുറത്ത് ഒരുപാട് പരിഹാസവും വിമർശനവും അവർക്ക് നേരിടേണ്ടി വന്നിട്ടുണ്ടാകും. എന്നാൽ, അതിനെയെല്ലാം അതിജീവിച്ച് മുന്നോട്ട് പോയവരും അക്കൂട്ടത്തിൽ ഉണ്ടാകും, അതിലൊരാളാണ് വിനീത സിങ്. അവർ സ്വന്തമായി ഒരു സംരംഭം ആരംഭിക്കാനായി ഉപേക്ഷിച്ചത് ഒരുകോടി രൂപ ശമ്പളമുള്ള ജോലിയാണ്. അന്ന് ചെയ്യുന്നത് വലിയ മണ്ടത്തരമാണ് എന്ന് പറഞ്ഞവർക്ക് തന്റെ തീരുമാനം ശരിയായിരുന്നു എന്നവൾ പിന്നീട് കാണിച്ചു കൊടുത്തു. ഇന്ന് 100 കോടി വിറ്റുവരവുള്ള കമ്പനിയുടെ ഉടമസ്ഥയാണ് അവൾ.
SUGAR കോസ്മെറ്റിക്സിന്റെ സഹസ്ഥാപകയും സിഇഒയുമാണ് വിനീത സിങ്. മിതമായ നിരക്കിൽ ഗുണനിലവാരമുള്ള സൗന്ദര്യവർദ്ധക വസ്തുക്കൾ വിപണിയിൽ ഇറക്കിയ വിനീത, അന്താരാഷ്ട്ര ബ്രാൻഡുകളുമായി പൊരുതിയാണ് മുന്നേറിയത്. 23 വയസ്സുള്ളപ്പോഴാണ് വിനീത അഹമ്മദാബാദിലെ ഐഐഎം -ൽ നിന്ന് പഠിച്ചിറങ്ങിയത്. ഡച്ച് ബാങ്കിൽ ഒരുകോടി രൂപ ശമ്പളമുള്ള ഒരു ജോലി അവൾക്ക് ലഭിച്ചപ്പോൾ, അത് സ്വീകരിക്കണോ വേണ്ടയോ എന്നവൾ ഒരുപാട് ചിന്തിച്ചു. ഒരു സ്ഥിരതയുള്ള ജീവിതത്തിന്റെ സുഖസൗകര്യങ്ങളിൽ ഒതുങ്ങണോ അതോ ഒരു സംരംഭകയുടെ ആവേശകരമായ സാധ്യതകൾ തേടണോ എന്ന ആശയക്കുഴപ്പത്തിലായിരുന്നു അവൾ. ഒടുവിൽ ഡച്ച് ബാങ്കിലെ ഓഫർ വേണ്ടെന്ന് വച്ചു, ഒരു സംരംഭക ജീവിതം സ്വീകരിച്ചു വിനീത.
https://www.instagram.com/runophilia/?utm_source=ig_embed