ആശങ്കകളേറ്റി കർണ്ണാടകയിലെ കന്നുകാലി കശാപ്പ് നിരോധനം; ഉപജീവനത്തിനും പോഷണത്തിനും വെല്ലുവിളിയോ?

0
263

കർണാടക: കന്നുകാലി കശാപ്പ് നിരോധിക്കാനും, കന്നുകാലികളെ സംരക്ഷിക്കുവാനുമുള്ള നിയമത്തിന് കർണാടക മന്ത്രിസഭ അംഗീകാരം നൽകി. ഡിസംബറിലാണ് ഗോവധ നിരോധന നിയമം കർണ്ണാടക സർക്കാർ പാസാക്കിയത്. ജനുവരി 5 ന് ഗവർണർ വാജുഭായ് വാലയാണ് ഇതൊരു നിയമമായി പ്രഖ്യാപിച്ചു.

കർണ്ണാടകയിൽ മുൻപേ തന്നെ ഗോവധ നിരോധന നിയമം നടപ്പിലാക്കിയിരുന്നു എങ്കിലും ഇപ്പോൾ പ്രാബല്യത്തിൽ വന്നിരിക്കുന്ന നിയമത്തിൽ ‘കന്നുകാലികൾ’ എന്ന വിഭാഗത്തിൽ പശു, പശുക്കിടാവ്, 13 വയസ്സിന് താഴെയുള്ള എരുമ, കാള എന്നിവയൊക്കെ ഉൾപ്പെടുന്നുണ്ട്. കൂടാതെ പഴയ നിയമത്തിലെ ശിക്ഷയായ ആറുമാസത്തെ തടവിൽ നിന്നും വിത്യസ്തമായി മൂന്ന് വർഷത്തിൽ കുറയാതെയും ഏഴു വർഷം വരെ നീണ്ടു നിൽക്കുന്നതോ ആയോ ശിക്ഷാവിധിയാണ് പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പുതിയ നിയമപ്രകാരമുള്ള നിരോധനം യഥാർത്ഥത്തിൽ വലിയൊരു വിഭാഗത്തിന്റെ ഉപജീവനത്തെ ബാധിക്കുമെന്നും, ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ തകർക്കുമെന്നും മറ്റുമുള്ള ശക്തമായ ആരോപണങ്ങൾ ആണുള്ളത്. കൂടാതെ ഭക്ഷ്യ സംസ്കാരങ്ങളിൽ മാംസാഹാരം ഉൾപ്പെടുത്തുന്ന സമൂഹങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും, കുറഞ്ഞ ചെലവിൽ തങ്ങളുടെ ദൈനംദിന ജീവിതത്തിൽ പോഷകാഹാരം ഉൾപ്പെടുത്തികൊണ്ടിരുന്ന ദരിദ്രകുടുംബങ്ങൾക്ക് അത് നഷ്ടപ്പെടുത്തുകയും ചെയ്യുമെന്നും സൂചനകളുണ്ട് . അതുകൊണ്ടു തന്നെ കടുത്ത എതിർപ്പാണ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ഈ നിയമത്തെപ്രതി ഉയർന്നിട്ടുള്ളത്.

ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സംസ്ഥാനത്തെ ഗോമാംസ കശാപ്പുകാരുടെ പ്രതിനിധിയായ ജാമിയത്ത്-അൽ-ഖുറേഷ് ബീഫ് മർച്ചന്റ്സ് ചാരിറ്റബിൾ ട്രസ്റ്റ്, പുതിയ നിയമത്തെ നിയമപരമായി നേരിടാൻ ഒരുങ്ങുകയാണ്. ഈ നിരോധനം തങ്ങളുടെ ഉപജീവനത്തിന് ഭീഷണിയാണെന്നും മുൻപേ തന്നെ ഗോവധ നിരോധന നിയമം സംസ്ഥാനത്തു പ്രാബല്യത്തിലിരിക്കെ മറ്റു കന്നുകാലികളെ കൂടി ഇതിന്റെ പരിധിയിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള പുതിയ നിയമം അന്യായമാണ് എന്നുമാണ് ട്രസ്റ്റിലെ മുതിർന്ന അംഗം പ്രതികരിച്ചത്. മാത്രമല്ല പോത്തിറച്ചി കൊണ്ട് മാത്രം ആവശ്യക്കാർക്ക് തങ്ങളുടെ താൽപര്യം നിർവഹിക്കാൻ ആകില്ലെന്നും അവർ ചൂണ്ടി കാണിക്കുന്നു.

‘പാൽ, ഡ്രൈ ഫ്രൂട്ട്സ്, ധാന്യങ്ങൾ, വ്യത്യസ്ത പയറുവർഗ്ഗങ്ങൾ എന്നിവ താങ്ങാൻ കഴിയാത്ത പാവപ്പെട്ടവരുടെ ജീവിതത്തെയും ഭക്ഷണത്തെയും നമ്മൾ ഈ നിയമത്തിലൂടെ പരിഹസിക്കുകയാണോ’ എന്നാണ് ഡോ.വീണ ശത്രുഘ്ന അത്ഭുതപ്പെടുന്നത്. ‘ദരിദ്രർക്ക് തങ്ങളുടെ ശാരീരിക ആവശ്യങ്ങൾക്കുള്ള പ്രോട്ടീൻ ഗോമാംസം പോലുള്ളവയിൽ നിന്ന് മാത്രമേ ലഭിക്കൂ. മറ്റ് മാംസങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതിന്റെ വിലയും കുറവാണ് ‘, അവർ പറഞ്ഞു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യൻ മുൻ ഡെപ്യൂട്ടി ഡയറക്ടർ ആണ് ഡോ.വീണ ശത്രുഘ്ന. പുതിയ നിയമം മൂലമുള്ള നിരോധനം പോഷണത്തിൽ ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് സംസാരിക്കവെ ആണ് ഡോ.വീണ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ദളിതരുടെയും പിന്നോക്കജാതിക്കാരുടെയും മതന്യൂനപക്ഷങ്ങളുടെയും വ്യത്യസ്തമായ ഭക്ഷണ സംസ്കാരങ്ങളെക്കുറിച്ച് സർക്കാർ ഇത്ര ‘അജ്ഞരാണോ’ എന്നും ‘ഗോമാംസം ഭക്ഷിച്ച് വളർന്നിട്ടുള്ള ആർക്കും, അത് അവരുടെ ഭക്ഷണസംസ്കാരത്തിന്റെ ഭാഗമായേ കാണാനാകൂ എന്നും, സാംസ്കാരികമായി അത് അഭികാമ്യമാണെന്നും അവർ പറഞ്ഞു. ‘അവരുടെ ഓർമ്മകളും സന്തോഷവും പാരമ്പര്യവും എല്ലാം ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ചുകൊണ്ട് സർക്കാരിന് എങ്ങനെ ഒരു നിയമം കൊണ്ടുവരാനും ഈ ഭക്ഷണ സംസ്കാരങ്ങളെ നശിപ്പിക്കാനും കഴിയും?’, ഡോ.ഡോ.വീണ ചോദിക്കുന്നു.

‘കണക്കുകൾ പ്രകാരം 15 ശതമാനം ഇന്ത്യക്കാരും ഗോമാംസം കഴിക്കുന്നവരാണ്. ദലിതർ, മുസ്ലീങ്ങൾ, ക്രിസ്ത്യാനികൾ, മറ്റ് പിന്നോക്ക വിഭാഗങ്ങൾ, ആദിവാസികൾ എന്നിവർ ഇതിൽ ഉൾപ്പെടുന്നുണ്ട്. ഗോമാംസം കഴിക്കുന്ന മറ്റു ചിലർ ഭക്ഷണവുമായി ബന്ധപ്പെട്ട്‌ സമൂഹത്തിൽ നിലനിൽക്കുന്ന ചില ധാരണകളുടെ പേരിൽ ഇത് പരസ്യമായി വെളിപ്പെടുത്താറുമില്ല. 100 ഗ്രാം ഇറച്ചിയിൽ നിന്നും ഒരു ദിവസത്തേക്ക് ശരീരത്തിന് വേണ്ട പ്രോട്ടീന്റെ 54 ശതമാനം ലഭിക്കുന്നുണ്ട്. അത് കൊണ്ട് തന്നെ ഇത് പോഷകാഹാരത്തിന്റെ വിലപ്പെട്ട ഉറവിടമാണ്,’ പൊതുജനാരോഗ്യ വിഭാഗത്തിൽ നിന്നും ഡോ. സിൽവിയ കർപകം അഭിപ്രായപ്പെടുന്നു.

ദളിത് സംഘർഷ് സമിതിയുടെ സംസ്ഥാന പ്രസിഡന്റ് ആർ. മോഹൻരാജ് വിശദീകരിക്കുന്നത് കർണാടകയിലെ ദളിത് സമുദായങ്ങളുടെ ഭക്ഷ്യസംസ്കാരത്തിന്റെ ഭാഗമായി ഗോമാംസം എങ്ങനെ മാറിയെന്നാണ്. ‘ ഈ നിയമം മുസ്‌ലിങ്ങൾക്ക് എതിരെയാണെന്ന് എല്ലാവരും കരുതുന്നു. പക്ഷേ യഥാർത്ഥത്തിൽ ഇത് ലക്‌ഷ്യം വെക്കുന്നത് ദളിതുകളെയാണ്. ദളിത് ഭക്ഷ്യസംസ്കാരത്തിന്റെ ഭാഗമാണ് ഗോമാംസം. കന്നുകാലികളെ അറുക്കുന്നത് നിരോധിക്കുന്നത് വഴി ബിജെപി യഥാർത്ഥത്തിൽ ഞങ്ങളുടെ ഭക്ഷ്യസംസ്കാരത്തെ നേരിട്ട് ആക്രമിക്കുകയാണ്. കർണാടകയുടെ ഗ്രാമീണപ്രദേശങ്ങളിലെ ദളിതർക്കിടയിൽ ഈ ശീലം വളരെ സാധാരണമാണ്‌. അതിനാൽ ബ്രാഹ്മണ വീക്ഷണത്തിലെ ഏറ്റവും വലിയ ശത്രുക്കളായ ദളിതരെയാണ് ഈ നിയമത്തിലൂടെ ബിജെപി സർക്കാർ ലക്ഷ്യമിടുന്നത് ‘, എന്നാണ് മോഹൻരാജ് ആരോപിക്കുന്നത്.

‘ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ഈ നിരോധനം സാരമായി ബാധിക്കും. ഒരു കന്നുകാലിയെ കൊണ്ട് ഒരു കർഷകന് സാധാരണ ലഭിക്കുന്ന ഉപയോഗത്തിന് ശേഷം അവയെ പ്രാദേശിക കന്നുകാലി ചന്തകളിൽ വിൽക്കുക വഴി തുച്ഛമായ വരുമാനം ആ കർഷകന് ലഭിക്കുന്നുണ്ട്. ദുരിതസമയത്തും കർഷകന് അതൊരു സഹായമാണ്,’ കർണാടക രാജ്യ റൈത സംഘയുടെ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ജെ.എം വീരസംഗയ്യ പറയുന്നു.

‘ഒരു കാലിയെ കൊണ്ട് കൃഷിക്കാരന് പ്രയോജനമില്ലെങ്കിൽ, അവൻ എന്തുചെയ്യണം? ഇപ്പോൾ 20,000 മുതൽ 25,000 രൂപ വരെ വിലക്ക് വിൽപ്പന നടക്കും. കർഷകരുടെ അവസ്ഥ ഇപ്പോൾ തന്നെ ദയനീയമായിരിക്കുന്ന നിലവിലെ സാഹചര്യത്തിൽ, ബിജെപി കർഷകരുടെ ജീവിതത്തെ പൂർണ്ണമായും ദുരിതത്തിലാക്കാനാണോ ആഗ്രഹിക്കുന്നത്..?’, വീരസംഗയ്യ ചോദിക്കുന്നു.

ഒരു സമുദായത്തെ (മുസ്‌ലിങ്ങളെ) ലക്ഷ്യമിട്ടു കൊണ്ടുള്ള പ്രവർത്തനത്തിലൂടെ അവർ ലക്ഷക്കണക്കിന് കർഷകരുടെ ഉപജീവനമാർഗമാണ് നശിപ്പിക്കുന്നത്,” വീരസംഗയ്യ കൂട്ടിച്ചേർത്തു. ഈ നിയമം മേല്പറഞ്ഞ ഒരു ആശങ്കകളെയും ദൂരീകരിക്കാൻ പ്രത്യേകമാർഗ്ഗങ്ങളൊന്നും നൽകാത്തതിനാൽ തങ്ങൾ (കെ‌ആർ‌ആർ‌എസ്) ഇതിനെതിരെ വിപുലമായ പ്രതിഷേധ റാലി ആസൂത്രണം ചെയ്യുമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here