അള്ളാഹുവിനെ കളിയാക്കാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടോ അലി അബ്ബാസ്?; കപില്‍ മിശ്രയുടെ വര്‍ഗീയ പ്രചരണത്തിന് ചുവടുപിടിച്ച് കങ്കണ

0
220

മുംബൈ: ആമസോണ്‍ പ്രൈമിന്റെ വെബ് സീരിസ് താണ്ഡവിനെതിരെയുള്ള വിദ്വേഷ പ്രചരണം തുടര്‍ന്ന് നടി കങ്കണ റണൗത്ത്.

താണ്ഡവ് വെബ്‌സീരിസിന്റെ സംവിധായകന്‍ അലി അബ്ബാസിനെതിരെയാണ് കങ്കണ രംഗത്തുവന്നത്. അള്ളാഹുവിനെ കളിയാക്കാന്‍ അബ്ബാസിന് ധൈര്യമുണ്ടോ എന്നാണ് കങ്കണ ചോദിച്ചത്. ബി.ജെ.പി നേതാവ് കപില്‍ മിശ്രയുടെ വര്‍ഗീയ പരാമര്‍ശമുള്ള ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടാണ് കങ്കണയുടെ വെല്ലുവിളി.

എന്തുകൊണ്ടാണ് ഞങ്ങളുടെ മതത്തില്‍ മാത്രം ആവിഷ്‌ക്കാര സ്വാതന്ത്ര്യം കടന്നുവരുന്നത്, നിങ്ങളുടെ ദൈവത്തെ കളിയാക്കാന്‍ നാണം വിചാരിക്കേണ്ടതില്ല, നിങ്ങള്‍ ചെയ്യുന്ന കുറ്റങ്ങള്‍ക്ക് ഇന്ത്യയുടെ നിയമം കണക്കു പറയിക്കും എന്നൊക്കെയാണ് അബ്ബാസിനെ സംബോധന ചെയ്തുകൊണ്ട് കപില്‍ മിശ്ര പറയുന്നത്. ഇതിന്റെ ചുവടുപിടിച്ചാണ് കകങ്കണയുടെ പ്രതികരണം.

താണ്ഡവിനെതിരെ വലിയ തരത്തിലുള്ള വര്‍ഗീയ പ്രചരണമാണ് ബി.ജെ.പി അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നത്. ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്നും ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നുമാണ് ഇവരുടെ ആരോപണം.

അതേസമയം, താണ്ഡവ് സീരിസിനെതിരെ ഉത്തര്‍പ്രദേശ് പൊലീസ് ക്രിമിനല്‍കേസ് എടുത്തിട്ടുണ്ട്. താണ്ഡവത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കും ആമസോണ്‍ പ്രൈമിനും എതിരെയാണ് കേസ്. ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്നാരോപിച്ചുള്ള പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.

താണ്ഡവ് സീരിസിനെതിരെ മഹാരാഷ്ട്ര ബി.ജെ.പി എം.എല്‍.എ റാം കഥം നല്‍കിയ പരാതിയില്‍ ആമസോണ്‍ പ്രൈമില്‍ നിന്നും വാര്‍ത്ത വിനിമയമന്ത്രാലയം വിശദീകരണം ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു നടപടി. കേസിന് പിന്നാലെ മാപ്പ് പറഞ്ഞ് താണ്ഡവ് ടീം രംഗത്തെത്തിയിരുന്നു.

”സീരീസിനെതിരെയുള്ള പ്രതികരണങ്ങള്‍ സൂഷ്മമായി നിരീക്ഷിച്ചുവരികയാണ്. പരാതികള്‍ സംബന്ധിച്ച് വാര്‍ത്താപ്രക്ഷേപണ മന്ത്രാലയം ഞങ്ങളെ അറിയിച്ചിട്ടുണ്ട്. സീരിസിന്റെ ഉള്ളടക്കം ആളുകളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്നതില്‍ ക്ഷമ ചോദിക്കുന്നു’,
എന്നാണ് താണ്ഡവ് ടീം പ്രസ്താവനയില്‍ പറഞ്ഞത്. മാപ്പുപറഞ്ഞാലും കേസുമായി മുന്നോട്ടുപോകുമെന്നാണ് യു.പി പൊലീസ് നിലവില്‍ പറഞ്ഞിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here