അക്കൗണ്ട് തുറക്കും മുന്‍പ് പാകിസ്ഥാന്റെ മൂന്ന് വിക്കറ്റുകള്‍; ഇര്‍ഫാന്‍ പഠാന്റെ അദ്ഭുത ഹാട്രിക്കിന് 15 വയസ്, വീഡിയോ

0
339

2006 സെപ്റ്റംബര്‍ 29, കറാച്ചിയിലെ സ്റ്റേഡിയത്തില്‍ നിറഞ്ഞൊഴുകുന്ന കാണികള്‍ക്ക് മുന്‍പില്‍ ഇന്ത്യ പാകിസ്ഥാന്‍ ടെസ്റ്റ്. സൗരവ് ഗാംഗുലിയാണ് ഇന്ത്യയുടെ നായകന്‍. പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളും സമനിലയിലായിരുന്നു. മൂന്നാം ടെസ്റ്റ് നിര്‍ണായകമായതിനാല്‍ ഇന്ത്യ വലിയ തയ്യാറെടുപ്പുകളും മത്സരത്തിന് മുന്നോടിയായി നടത്തിയിരുന്നു. ആദ്യ ഓവര്‍ പന്തെറിയുന്നതിനായി നായകന്‍ ഗാംഗുലി ഇര്‍ഫാന്‍ പഠാനെ വിളിച്ചു. പുതിയ പന്തില്‍ പഠാന് നന്നായി സ്വിംഗ് ചെയ്യിപ്പിക്കാന്‍ കഴിയുമെന്ന നായകന്റെ വിശ്വാസം വിജയിച്ചു.

ആദ്യ പന്ത് ഓപ്പണര്‍ സല്‍മാന്‍ ബട്ടിന്റെ കാലില്‍ തട്ടി വീണു. രണ്ടാമത്തെയും മൂന്നാമത്തെയും പന്തുകള്‍ ലീവ് ചെയ്ത് ബട്ട് ക്രീസില്‍ നിലയുറപ്പിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. എന്നാല്‍ നാലാമത്തെ പന്ത് അപ്രതീക്ഷിത ഇന്‍സ്വിംഗര്‍ പ്രതിരോധിക്കുന്നതിനിടയില്‍ സ്ലിപ്പിലേക്ക് ക്യാച്ച്. വന്‍മതില്‍ രാഹുല്‍ പന്ത് ഭദ്രമായി കൈപ്പിടിയിലൊതുക്കി. വണ്‍ഡൗണായെത്തിയത് മിന്നും ഫോമില്‍ കളിക്കുന്ന യൂനസ് ഖാന്‍. സമാന ഇന്‍സ്വിംഗര്‍ യൂനസിന്റെ കണക്ക് കൂട്ടലുകളെല്ലാം തെറ്റിച്ച് പാഡിലേക്ക്. അംപയര്‍ സൈമണ്‍ ടോഫല്‍ ഒട്ടും അമാന്തിക്കാതെ വിരലുയര്‍ത്തി.

പിന്നീട് ക്രീസിലെത്തുന്നത് പാകിസ്ഥാന്റെ എക്കാലത്തെയും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാനായ മുഹമ്മദ് യുസഫ്. പ്രതിസന്ധി ഘട്ടത്തില്‍ പാകിസ്ഥാനെ നിരവധി തവണ കരകയറ്റിയിട്ടുള്ള വ്യക്തിയാണ് യൂസഫ്. എന്നാല്‍ ഇത്തവണ പഠാന് മുന്നില്‍ യൂസഫ് വീണു. ലൈനില്‍ കുത്തിതെറിച്ച് പന്ത് യൂസഫിന്റെ പാഡിലും ബാറ്റിലും ഉരസി സ്റ്റമ്പിലേക്ക് ഇരമ്പി കയറി. ഇന്ത്യന്‍ ക്രിക്കറ്റിലെ രണ്ടാമത്തെ ബൗളര്‍ നേടുന്ന ഹാട്രിക്. ഇന്നിംഗ്‌സിലെ ആദ്യ ഓവറില്‍ ഒരു താരം നേടുന്ന ഹാട്രിക് തുടങ്ങിയ നിരവധി ചരിത്രങ്ങള്‍ ഈ ഓവറില്‍ പിറന്നു.

പഠാന് മുന്‍പ് ഹര്‍ഭജന്‍ സിംഗ് മാത്രമാണ് ഇന്ത്യക്ക് വേണ്ടി ഹാട്രിക് നേടിയിരുന്നത്. തകര്‍ച്ചയില്‍ നിന്ന് കരകയറിയ പാക്സ്ഥാന്‍ മത്സരത്തില്‍ വിജയിച്ചെങ്കിലും പഠാന്‍ ഹാട്രിക് ഇന്നും ചരിത്രത്തില്‍ ഇതിഹാസ പ്രകടനമായി നിലനില്‍ക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here