ഹലാല്‍ ഭക്ഷണത്തിനെതിരായും ബാങ്ക് വിളിക്ക് എതിരായും കേരള ഇന്റര് ചര്‍ച്ച് ലൈറ്റ് കൌണ്‍സിലിന്‍റേതായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പ്രസ്താവനകള്‍ വാസ്തവ വിരുദ്ധമെന്ന് കേരള കൌണ്‍സില്‍ ഓഫ് ചര്‍ച്ചസ്. ഉറവിടം വ്യക്തമാകാതിരിക്കാന്‍ ഇത്തരം നോട്ടീസുകളില്‍ വ്യക്തമായ ഫോണ്‍ നമ്പര്‍ പോലും നല്‍കിയിട്ടില്ലെന്നും ക്രൈസ്തവ സമൂഹത്തിന്‍റെ എന്ന അര്‍ത്ഥത്തില്‍ ഇത്തരം പ്രസ്താവനകള്‍ പ്രചരിപ്പിക്കുന്നവരെ സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ പുറത്തുകൊണ്ടുവരാന്‍ തങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും കൌണ്‍സില്‍ ഓഫ് ചര്‍ച്ചസിന്‍റെ ജനറല്‍ സെക്രട്ടറി അഡ്വക്കറ്റ് പ്രകാശ് പി. തോമസ് അറിയിച്ചു.
ക്രിസ്ത്യന്‍ പേരുകളിലുള്ള വ്യാജ ഐഡികളിലൂടെയും ഗ്രൂപ്പുകളുടെയും പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ മുസ്‍ലിം വിദ്വേഷങ്ങള്‍ കഴിഞ്ഞ കുറച്ച് കാലമായി പ്രചരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ലൗ ജിഹാദ്, ഹലാല്‍ ഭക്ഷണം, ബാങ്ക് വിളി തുടങ്ങിയ വിഷയങ്ങളില്‍ സംഘപരിവാര്‍ അജണ്ടകളാണ് ക്രിസ്ത്യന്‍ ഐഡികളിലൂടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പ്രചരിച്ചിരുന്നത്.
ഉച്ചഭാഷിണി വെച്ചുള്ള ബാങ്ക് വിളിക്ക് കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു രണ്ട് ദിവസം മുമ്പ് ക്രിസ്ത്യന്‍ സഭകളുടെ പേരിലുള്ള ഒരു നോട്ടീസ് പ്രചരിച്ചിരുന്നത്. ഇതിനായി ക്രിസ്ത്യന്‍ സമൂഹം സുപ്രീകോടതിയില്‍ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണെന്നും നോട്ടീസിലുണ്ടായിരുന്നു. അതിന് കുറച്ചു ദിവസം മുമ്പായി ക്രിസ്തുമസിനു ഹലാല്‍ മാംസം ഉപേക്ഷിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണം നടന്നിരുന്നു. ഇത്തരത്തില്‍ ഒരു ആഹ്വാനവും നടത്തിയിട്ടില്ലെന്ന് കേരള ഇന്റര് ചര്‍ച്ച് ലെയ്റ്റി കൗണ്‍സില്‍ തന്നെ പ്രസ്താവനയിറക്കിയിരുന്നു.