മലപ്പുറം: മുഖ്യമന്ത്രിയുടെ പര്യടന പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ആലിക്കുട്ടി മുസ്‌ലിയാരെ തടഞ്ഞിട്ടില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന അദ്ധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. മുസ്‌ലിം ലീഗ്- സമസ്ത അനുനയ ചര്‍ച്ചക്ക് ശേഷമാണ് ജിഫ്രി തങ്ങളുടെ പ്രതികരണം. പാണക്കാട് തറവാട്ടിലായിരുന്നു യോഗം.
സമസ്തയും മുസ്‌ലിം ലീഗും ഒറ്റക്കെട്ടാണ്.
അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. ആലിക്കുട്ടി മുസ്‌ലിയാരടക്കമുള്ള സമസ്ത നേതാക്കളോടൊപ്പമാണ് ജിഫ്രി തങ്ങള്‍ ചര്‍ച്ചക്കെത്തിയത്.
മുഖ്യമന്ത്രിയുടെ കേരള പര്യടനം മലപ്പുറത്തെത്തിയപ്പോള്‍ സമസ്തയുടെ ജനറല്‍ സെക്രട്ടറിയായ ആലിക്കുട്ടി മുസലിയാര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നില്ല. ആദ്യം യോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്ന ഇദ്ദേഹം പിന്നീട് പിന്മാറിയത് മുസ്ലിം ലീഗിന്റെ സമ്മര്‍ദ്ദവും ഭീഷണയും മൂലമാണെന്നാണ് പ്രചാരണമാണ് ഇപ്പോള്‍ സജീവമാവുന്നത്.
പാണക്കാട്ടും ജാമിഅ നൂറിയയിലും സമസ്തയുടെ ജനറല്‍ സെക്രട്ടറിയായ ആലിക്കുട്ടി മുസലിയാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍നിന്ന് പിന്മാറാന്‍ അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയെന്നുമാണ് സൈബര്‍ ഇടങ്ങളില്‍ ഒരു വിഭാഗം ആരോപിക്കുന്നത്. മുസ്ലിം ലീഗ് സമസ്ത നേതാക്കളുടെ അസ്തിത്വം ചോദ്യം ചെയ്യുകയാണെന്ന ആക്ഷേപവും ഇവര്‍ ഉന്നയിക്കുന്നുണ്ട്.
മുസ്ലിം ലീഗ് നേതാവ് എംസി മായിന്‍ഹാജിക്കെതിരെയാണ് കടുത്ത വിമര്‍ശനങ്ങളുള്ളത്. മുഖ്യമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കാതിരിക്കാന്‍ ആലിക്കുട്ടി മുസലിാരെ പലകാര്യങ്ങളും പറഞ്ഞ് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. ഒന്നും ഏശാതിരുന്നപ്പോള്‍ പരിപാടിയില്‍ പങ്കെടുത്താല്‍, പട്ടിക്കാട് ജാമിഅയിലും പാണക്കാടും പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തി. അതിനുള്ള കരുക്കള്‍ നീക്കിയത് മായിന്‍ ഹാജിയെ മുന്നില്‍നിര്‍ത്തിയാണെന്നും ആരോപണത്തില്‍ പറയുന്നു. ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നത് സമസ്തയല്ലെന്നും പിന്നില്‍ സൈബര്‍ സഖാക്കളാണെന്നുമാണ് വിഷയത്തില്‍ മായിന്‍ ഹാജിയുടെ പ്രതികരണം.