കര്‍ണ്ണാടകയില്‍ ഗോവധ നിരോധന നിയമം പാസായതിന് പിന്നാലെ ബീഫ് കടകള്‍ക്ക് തീവെച്ചു. മംഗല്ലൂരുവിലെ ഉള്ളാളിൽ ശനിയാഴ്ച്ചയോടെയാണ് സംഭവം. അക്രമം നടത്തിയത് ആരാണെന്നതില്‍ ഇതുവരെയും വ്യക്തത ലഭിച്ചിട്ടില്ല. എന്നാല്‍ സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് പ്രവര്‍ത്തിച്ചിരുന്ന മൂന്ന് ബീഫ് സ്റ്റോളുകളും അവിടെ നിന്നും മാറ്റിയതായാണ് റിപ്പോര്‍ട്ട്. ഉള്ളാല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
നശിപ്പിക്കപ്പെട്ട ബീഫ് സ്റ്റോളുകള്‍ നിയമ വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി വിശ്വ ഹിന്ദു പരിഷത്തും ബജ്‌റങ് ദളും ജനുവരി ഏഴാം തിയതി പൊലീസില്‍ പരാതി നല്‍കിയതായ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ പ്രധാന മാര്‍ക്കറ്റില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് സ്റ്റോള്‍ മാറ്റേണ്ടിവന്നതെന്ന വിശദീകരണവുമായി കടയുടെ ഉടമകളായ എംസി ബാവയും എംസി ഖാദറും ഹനീഫയും രംഗത്തെത്തിയിരുന്നു.
തീപിടിത്തത്തെ തുടര്‍ന്ന് കത്തി നശിച്ച മൂന്ന് ബീഫ് സ്റ്റോളുകളും കൃത്യമായ ലൈസന്‍സോടുകൂടി പ്രവര്‍ത്തിച്ചിരുന്നവയാണെന്ന് സംഭവ സ്ഥലം സന്ദര്‍ശിച്ച ശേഷം സിറ്റി പൊലീസ് കമ്മീഷണര്‍ എന്‍ ശശികുമാര്‍ പറഞ്ഞു. സംഭവത്തില്‍ നഷ്ടം വന്നവര്‍ക്കായി വേണ്ട നടപടികള്‍ സ്വീകരിച്ചതായി സിറ്റി മുന്‍സിപ്പല്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റ് അയുബ് മഞ്ചില പറഞ്ഞു.
സംഭവത്തിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തിയിരുന്നു. സ്റ്റാളുകള്‍ നഷ്ടപ്പെട്ടവരെ അതേ സ്ഥലത്ത് തന്നെ ബിസിനസ്സ് നടത്താന്‍ അനുവദിക്കണമെന്ന് മുന്‍ മന്ത്രിയും മംഗളൂരു എംഎല്‍എയുമായ യുടി ഖാദര്‍ ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് സിറ്റി പോലീസ് കമ്മീഷണറുമായി സംസാരിച്ചിട്ടുണ്ടെന്നും അക്രമികളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. സമൂഹത്തില്‍ സാമുദായിക പൊരുത്തക്കേടുകള്‍ സൃഷ്ടിക്കുന്നതിനാണ് ഈ ആക്രമണം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അല്ലാത്ത പക്ഷം പ്രാദേശിക തലത്തില്‍ നിന്നും പ്രതിഷേധം ഉയരുമെന്നുമുള്ള മുന്നറിയിപ്പുകളുമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.