കോഴിക്കോട്: ഹലാൽ, ലൗ ജിഹാദ് തുടങ്ങിയ വർഗീയ പ്രചാരണങ്ങളിലൂടെ ക്രിസ്ത്യൻ സഭകൾക്കിടയിൽ ധ്രുവീകരണത്തിന് ശ്രമിക്കുന്ന സംഘപരിവാർ അജണ്ട തിരിച്ചറിയണമെന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന എക്സിക്യൂട്ടീവ് കൗൺസിൽ പ്രമേയത്തിലൂടെ ചൂണ്ടിക്കാട്ടി. 80:20 അനുപാതത്തിൽ ന്യൂനപക്ഷ അവകാശങ്ങൾ മുസ്ലീം സമുദായം കവർന്നെടുക്കുന്നുവെന്ന തരത്തിലും കുപ്രചാരണം ശക്തമാണ്.
ക്രിസ്ത്യന്‍ പേരുകളിലുള്ള വ്യാജ ഐഡികളിലൂടെയും ഗ്രൂപ്പുകളിലൂടെയും സാമൂഹികമാധ്യമങ്ങൾ വഴിയാണ് മുസ്ലിം വിദ്വേഷം വ്യാപകമായി പ്രചരിപ്പിക്കുന്നത്. ക്രിസ്ത്യൻ സംഘടനകളുടെ സിംപലുകൾ ദുരുപയോഗം ചെയ്ത് സംഘപരിവാർ തട്ടിക്കൂട്ടിയ കടലാസ് സംഘടനകളും വ്യാജ-വിദ്വേഷ വാർത്താ പ്രചാരണത്തിൽ സജീവമാണ്. മുസ്ലിം – ക്രിസ്ത്യൻ വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷമുണ്ടാക്കി വര്‍ഗീയമായി വേര്‍തിരിച്ച് തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുകയാണ് അവർ ലക്ഷ്യമിടുന്നത്.
ഈ വിഷയത്തിൽ യാഥാർഥ്യം വ്യക്തമാക്കേണ്ടത് സർക്കാരാണ്. സർക്കാർ ആനുകൂല്യങ്ങളിൽ മുസ്ലിങ്ങൾ അനർഹമായി ഒന്നും നേടിയിട്ടില്ല എന്ന് മാത്രമല്ല, അർഹിക്കുന്ന പലതും ലഭ്യമായിട്ടില്ല എന്നതാണ് വസ്തുത. ഇത് കണക്കുകൾ വച്ച് വിശദീകരിച്ച് തെറ്റിദ്ധാരണ അകറ്റുന്നതിന് പകരം ഈ വർഗീയ പ്രചരണത്തിന് മൗനാനുവാദം നൽകുകയാണ് സർക്കാർ ചെയ്യുന്നത്. ഈ മൗനം വെടിയാൻ സർക്കാർ തയ്യാറാവണമെന്നും വർഗീയ പ്രചാരണം നടത്തുന്നവർക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന എക്സിക്യൂട്ടീവ് കൗൺസിൽ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
യോഗത്തിൽ പ്രസിഡന്റ് സി പി മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ, വൈസ് പ്രസിഡന്റ് സി അബ്ദുൽ ഹമീദ്, സെക്രട്ടറിമാരായ എസ് നിസാർ, പി പി റഫീഖ്, സി എ റഊഫ്, ട്രഷറർ കെഎച്ച് നാസർ തുടങ്ങിയവർ സംസാരിച്ചു.