ന്യൂഡല്‍ഹി : പാവങ്ങളെ സഹായിക്കണം, കൂടാതെ ആഢംബരക്കാറുകള്‍ വാങ്ങണം അടിച്ച് പൊളിച്ച് ജീവിക്കണം. മുഹമ്മദ് ഇര്‍ഫാന്റെയും കൂട്ടാളികളുടേയും ആഗ്രഹങ്ങള്‍ വലുതായിരുന്നു. എന്നാല്‍ ഇതിനായി കണ്ടെത്തിയ മാര്‍ഗം മോഷണമായിരുന്നു. ഉള്ളവന്റെ കൈയ്യില്‍ നിന്നും എടുത്ത് ഇല്ലാത്തവനുകൊടുക്കാനായി ഇവര്‍ നിരവധി സംസ്ഥാനങ്ങളിലാണ് യാത്ര ചെയ്തത്. കഥകളിലെ റോബിന്‍ഹുഡിനെ ഒടുവില്‍ പൊലീസ് അറസ്റ്റ് ചെയ്തത് ഈ മാസം ഏഴാം തീയതിയാണ്. പഞ്ചാബ് പൊലീസാണ് മുഹമ്മദ് ഇര്‍ഫാനും കൂട്ടാളികളായ പെണ്‍കുട്ടിയടക്കം മൂന്ന് പേരെയും കസ്റ്റഡിയിലാക്കിയത്. ഡല്‍ഹിക്ക് പുറമേ പഞ്ചാബ്, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും നിരവധി മോഷണങ്ങളാണ് ഇവര്‍ നടത്തിയത്.
പൊലീസ് പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തില്‍ നിന്നുമാണ് മോഷണത്തുക ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചു എന്ന് വെളിപ്പെടുത്തിയത്.
പാവപ്പെട്ടവരുടെ വൈദ്യ പരിശോധന അടക്കമുള്ള കാര്യങ്ങള്‍ക്കായിട്ടാണ് ഇവര്‍ മോഷണം നടത്തിയ തുക ചിലവഴിച്ചത്. ഇതു കൂടാതെ ബാക്കി പണം കൊണ്ട് ആര്‍ഭാട ജീവിതം നയിക്കുകയായിരുന്നു. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തി ലഭിച്ച പ്രശസ്തി കൊണ്ട് 2021 മാര്‍ച്ചില്‍ ബീഹാറില്‍ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുവാനും മുഹമ്മദ് ഇര്‍ഫാന്‍ പദ്ധതിയിട്ടിരുന്നു. മോഷണമടക്കമുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ കൂടുതല്‍ പേരുടെ സഹായം ഇയാള്‍ക്ക് ലഭിച്ചതായി കണക്കാക്കുന്നു. സമ്ബന്നര്‍ താമസിക്കുന്ന സ്ഥലങ്ങളിലെ പൂട്ടിയിട്ട വീടുകളിലാണ് കൂടുതലും മോഷണത്തിനായി തിരഞ്ഞെടുത്തിരുന്നത്. ഇതേ ലക്ഷ്യത്തോടെയാണ് മുഹമ്മദ് ഇര്‍ഫാന്‍ ഡല്‍ഹിയില്‍ എത്തിയത്. എന്നാല്‍ കൊവിഡ് കാരണം ആളുകള്‍ വീടുകളില്‍ നിന്നും പുറത്തേയ്ക്ക് രാത്രികാലങ്ങളില്‍ പോകാത്തതിനാല്‍ പദ്ധതികള്‍ പരാജയപ്പെടുകയായിരുന്നു.