കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ എക്കാലത്തും പ്രത്യേകപരിഗണനയോടെ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള മണ്ഡലമാണ് കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരം. 1987 മുതല്‍ മണ്ഡലത്തില്‍ ശക്തമായ പോരാട്ടം കാഴ്ചവെയ്ക്കുന്ന ബിജെപിയാണ് അത്തരമൊരു രാഷ്ട്രീയ പ്രാധാന്യം മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പുകള്‍ക്കുണ്ടാക്കിയത്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളിലായി കേരളത്തിലേക്കുള്ള പ്രവേശനകവാടമായി മഞ്ചേശ്വരത്തെ ഉറപ്പിച്ചു കഴിഞ്ഞു ബിജെപി. ഇക്കാലയളവിലെ തെരഞ്ഞെടുപ്പുകളില്‍ തലനാരിഴയ്ക്കാണ് അവര്‍ക്ക് വിജയം നഷ്ടമായത് 2016-ല്‍ വെറും 89 വോട്ടുകള്‍ക്കാണ് നിലവിലെ ബിജെപി അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പരാജയപ്പെട്ടതെന്ന ഉദാഹരണം തന്നെ ധാരാളമാണ് മഞ്ചോശ്വരത്തെ രാഷ്ട്രീയ ചിത്രം മനസിലാക്കാന്‍.
1957 മുതല്‍ മണ്ഡലം മഞ്ചേശ്വരമെന്ന പേരില്‍ നിലവിലുള്ള മണ്ഡലത്തില്‍ 1982-ലെ തെരഞ്ഞെടുപ്പ് വരെ സ്വതന്ത്രരും സിപിഐയുമാണ് വിജയിച്ചിരുന്നത്. 1987-ല്‍ ചെര്‍ക്കളം അബ്ദുള്ളയിലൂടെ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് മണ്ഡലം പിടിച്ചെടുത്തു. 1982- ല്‍ മൂന്നാം സ്ഥാനത്തായിരുന്ന ബിജെപി ആ വര്‍ഷമാണ് മഞ്ചേശ്വരത്തെ രണ്ടാമത്തെ വലിയ ശക്തിയാകുന്നത്. പിന്നീട് 2001 തെരഞ്ഞെടുപ്പ് വിജയത്തോടെ നാല് ടേം മഞ്ചേശ്വരം എംഎല്‍എ ആയ ചേര്‍ക്കളം അബ്ദുള്ള 2001-ല്‍ എ കെ ആന്റണി മന്ത്രിസഭയിലെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായി.
എന്നാല്‍ 2006-ല്‍ സി എച്ച് കുഞ്ഞമ്പുവിലൂടെ സീറ്റ് തിരിച്ചുപിടിച്ച സിപിഐഎം ലീഗ് കോട്ട പൊളിക്കാമെന്ന് തെളിയിച്ചെങ്കിലും പിന്നീട് 2011 തെരഞ്ഞെടുപ്പ് മുതല്‍ 2019 ഉപതെരഞ്ഞെടുപ്പ് വരെ മുസ്ലിം ലീഗായിരുന്നു മണ്ഡലത്തില്‍ വിജയം കണ്ടെത്തിയത്.
ഇക്കാലയളവിലെ ഓരോ തെരഞ്ഞെടുപ്പിലും വോട്ടുശതമാനം വര്‍ദ്ധിപ്പിച്ച് വിജയത്തിലേക്ക് ഓരോ പടി മുന്നേറുന്ന പ്രകടനമാണ് മഞ്ചേശ്വരത്ത് ബിജെപി കാഴ്ചവെച്ചത്. അതേസമയം ബിജെപിയുടെ മുന്നേറ്റത്തിന് ആനുപാതികമെന്നോണം വോട്ട് കുറഞ്ഞ് ഇടതുപക്ഷം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്ന കാഴ്ചയും മഞ്ചേശ്വരത്ത് കാണാം.
2011 തെരഞ്ഞെടുപ്പില്‍ പി ബി അബ്ദുറസാക്കിലൂടെയായിരുന്നു മുസ്ലിം ലീഗ് മണ്ഡലം തിരിച്ചുപിടിച്ചത്. നിലവിലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ തോല്‍പ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ വിജയം. അന്ന് 5828 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു അബ്ദുള്‍ റസാക്കിന്റെ വിജയം. 2016-ലും അബ്ദുള്‍ റസാക്ക് വിജയമാവര്‍ത്തിച്ചെങ്കിലും അന്ന് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ച ആ 89 വോട്ടുകള്‍ക്കാണ് കെ സുരേന്ദ്രന്‍ പരാജയപ്പെട്ടത്. തുടര്‍ന്ന് മരണപ്പെട്ടവരുടെ പേരില്‍ കള്ളവോട്ട് ചെയ്തെന്ന് ആരോപിച്ച് മുസ്ലിംലീഗിനെതിരെ കെ സുരേന്ദ്രന്‍ കോടതിയിലേക്ക് നീങ്ങി. പക്ഷേ ‘മരണപ്പെട്ടവര്‍’ തന്നെ കോടതിയിലെത്തി തങ്ങളുടെ വോട്ട് നിയമപരമാണെന്ന് തെളിയിക്കുകയാണുണ്ടായത്. പിന്നീട് 2019 ഉപതെരഞ്ഞെടുപ്പിന് മുന്‍പാണ് സുരേന്ദ്രന്‍ തന്റെ പരാതി പിന്‍വലിച്ചത്.
പി ബി അബ്ദുള്‍ റസാക്കിന്റെ മരണത്തെ തുടര്‍ന്ന് 2019 ല്‍ നടന്ന ഉപതെരഞ്ഞെടുപ്പിലും എം സി കമറുദ്ദീനിലൂടം ലീഗ് മഞ്ചേശ്വരം നിലനിര്‍ത്തി. ബിജെപിയുടെ രവീശ തന്ത്രിയെ 7923 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു എം സി കമറുദീന്റെ വിജയം.
2021 നിയമസഭാതെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പടക്കം 100 ലധികം വഞ്ചനാകുറ്റങ്ങളില്‍ ആരോപണവിധേയനാണ് മഞ്ചേശ്വരം എംഎല്‍എ എം സി കമറുദീന്‍. അതിനാല്‍ തന്നെ പതിവ് രാഷ്ട്രീയ ചര്‍ച്ചകള്‍ക്കൊപ്പം കമറുദ്ദീന്‍ വിഷയവും ലീഗിന് നേരിടേണ്ടി വരും. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് ബിജെപി നിലമെച്ചപ്പെടുത്തുന്നതാണ് കാണാനായത്. ഇതുവരെ സ്ഥാനാര്‍ഥിത്വത്തെ സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുല്ലക്കുട്ടി മുതല്‍ ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്തിന്റെ പേരുവരെ ബിജെപി സാധ്യതാപട്ടികയിലുണ്ട്.