ന്യൂദല്‍ഹി: പുല്‍വാമ ആക്രമണത്തില്‍ വലിയ ആഹ്ലാദപ്രകടനം നടത്തുന്ന റിപ്പബ്ലിക്ക് ടി. വി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയുടെ വാട്‌സ്ആപ്പ് ചാറ്റ് വിവരങ്ങള്‍ പുറത്ത്. പുല്‍വാമ ആക്രമണം മറ്റെല്ലാ മാധ്യമങ്ങളേക്കാളും നേരത്തെ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞതിലൂടെ തങ്ങള്‍ക്ക് വന്‍വിജയം നേടാനായെന്നാണ് അര്‍ണബിന്റെ ചാറ്റില്‍ പറയുന്നത്. ബാര്‍ക് സി.ഇ.ഒ പാര്‍ഥോ ദാസ് ഗുപ്തയുമായുള്ള ചാറ്റുകളുടെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
2019 ഫെബ്രുവരി പതിനാലിന് കശ്മീരിലെ പുല്‍വാമയില്‍ നടന്ന തീവ്രവാദ ആക്രമണത്തില്‍ 40 ഇന്ത്യന്‍ ജവാന്മാരായിരുന്നു കൊല്ലപ്പെട്ടത്. രാജ്യത്തെ നടുക്കിയ, നിരവധി പട്ടാളക്കാരുടെ മരണത്തിന് ഇടയാക്കിയ തീവ്രവാദ ആക്രമണത്തിലും ടി.ആര്‍.പി റേറ്റിംഗിന് മാത്രമാണ് അര്‍ണബ് ഗോസ്വാമി പ്രാധാന്യം നല്‍കിയതെന്ന് വാട്‌സ്ആപ്പ് ചാറ്റ് വിവരങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവെച്ചുകൊണ്ട് നിരവധി പേര്‍ വിമര്‍ശനം ഉന്നയിച്ചു. അര്‍ണബിനെ കപട രാജ്യസ്‌നേഹിയെന്ന് വിളിച്ചും ട്വീറ്റുകള്‍ വരുന്നുണ്ട്.
2019 ഫെബ്രുവരി പതിനാലിന് പുല്‍വാമ ആക്രമണം നടന്ന ദിവസം വൈകീട്ട് 4.19നും 5.45നും ഇടയിലുള്ള ചാറ്റില്‍ ഈ വര്‍ഷം കശ്മീരില്‍ നടന്ന ഏറ്റവും വലിയ തീവ്രവാദ ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മറ്റെല്ലാവരേക്കാളും 20 മിനിറ്റ് മുന്‍പിലാണ് തങ്ങളെന്നാണ് അര്‍ണബ് പറയുന്നത്. ‘ഈ ആക്രമണം നമുക്ക് വന്‍വിജയമാക്കാനായി’ എന്നും അര്‍ണബ് പറയുന്നുണ്ട്. ഈ ചാറ്റില്‍ മോദിയെ കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്.
പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി 2019 ഫെബ്രുവരി 26ന് ഇന്ത്യ ബാലക്കോട്ട് ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തെ കുറിച്ച് അര്‍ണബിന് നേരത്തെ അറിയാമായിരുന്നെന്നും ഈ ചാറ്റ് വിവരങ്ങളില്‍ നിന്നും വ്യക്തമാകുന്നുണ്ട്. 2019 ഫെബ്രുവരി 23ന് നടന്നെന്ന് പറയുന്ന ചാറ്റില്‍ ‘മറ്റൊരു വലിയ കാര്യം ഉടന്‍ സംഭവിക്കും’ എന്ന് അര്‍ണബ് പറയുന്നുണ്ട്.
അതിന് അര്‍ണബിന് ബാര്‍ക്ക് സി.ഇ.ഒ. ആശംസ അറിയിക്കുന്നുമുണ്ട്. അതിന് മറുപടിയായി തന്റെ ഓഫീസില്‍ വന്നാലറിയാം ഇപ്പോഴവിടെ ഉള്ള ആളുകളുടെ ഊര്‍ജമെന്നും തനിക്ക് ഒരു മാസം കൂടി ദല്‍ഹിയില്‍ തുടരേണ്ടതുണ്ടെന്നും അര്‍ണബിന്റേതായി പുറത്ത് വന്ന ചാറ്റില്‍ വിശദീകരിക്കുന്നു. ബി.ജെ.പി ആ വര്‍ഷവും തെരഞ്ഞെടുപ്പില്‍ തൂത്തുവാരുമെന്ന അറിയിപ്പും ചാറ്റില്‍ നല്‍കുന്നുണ്ട്.
യൂട്യൂബറും വ്‌ളോഗറുമായ ധ്രുവ് റാഠി, ആള്‍ട്ട് ന്യൂസ് സഹസ്ഥാപകനായ പ്രതീക് സിന്‍ഹ, പ്രശാന്ത് ഭൂഷണ്‍ എന്നിവരടക്കം നിരവധി പേര്‍ ഈ ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
ടി.ആര്‍.പി തട്ടിപ്പുമായി ബന്ധപ്പെട്ടും നേരത്തെ വാട്ട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്ത് വന്നിരുന്നു. വലിയ രീതിയിലുള്ള വിവാദമാണ് ഇതുവഴി സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
പ്രധാനമന്ത്രിയുമായും പ്രധാനമന്ത്രിയുടെ ഓഫീസുമായും അര്‍ണബിന് നല്ല ബന്ധമുണ്ടെന്നും പുറത്ത് വിട്ട ചാറ്റുകള്‍ സൂചിപ്പിക്കുന്നു.
നേരത്തെ പുറത്ത് വന്ന വാട്സ് ആപ്പ് ചാറ്റില്‍ താന്‍ എന്‍.ബി.എ തടസ്സപ്പെടുത്തിയിട്ടുണ്ടെന്നും ഇന്ത്യ ടിവിയിലെ രജത് ശര്‍മ തന്നെ പിന്തുടരുന്നുണ്ടെന്നും പ്രധാനമന്ത്രി വഴി രക്ഷിക്കണമെന്നും പാര്‍ഥോ വാട്സ് ആപ്പ് ചാറ്റില്‍ പറയുന്നുണ്ട്. താന്‍ അയച്ച കത്ത് സമയം കിട്ടുമ്പോള്‍ വായിക്കണമെന്നും അര്‍ണബിനോട് പാര്‍ഥോ പറയുന്നുണ്ട്.
ഇതിന് മറുപടിയായി പ്രധാനമന്ത്രിയുടെ സഹായം ഉറപ്പാക്കാമെന്ന് അര്‍ണബ് ഉറപ്പ് നല്‍കുന്നുമുണ്ട്. താന്‍ വ്യാഴാഴ്ച പ്രധാനമന്ത്രിയെ കണ്ടേക്കുമെന്നും പറയുന്നു.
ട്രായിയോടും രജത് ശര്‍മയോടും തങ്ങളുടെ കാര്യത്തില്‍ ഇടപെടരുതെന്ന് പറയണമെന്നും താന്‍ ബി.ജെ.പിയേയും വാര്‍ത്താവിതരണപ്രക്ഷേപണ മന്ത്രാലയത്തേയും പല അവസരങ്ങളിലും സഹായിച്ചിട്ടുണ്ടെന്നും ബാര്‍ക് സി.ഇ.ഒ പറയുന്നു.
അര്‍ണബിന്റെയും സി.ഇ.ഒയുടെയും ചാറ്റ് പങ്കുവെച്ചുകൊണ്ടുള്ള ട്വീറ്റുകള്‍ ട്വിറ്ററില്‍ ട്രെന്റിംഗ് ആയിക്കൊണ്ടിരിക്കുകയാണ്.
ടി.ആര്‍.പി റേറ്റിംഗില്‍ റിപബ്ലിക് ടി.വി കൃത്രിമത്വം കാണിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ടി.ആര്‍.പി റേറ്റിംഗ് വിവരങ്ങള്‍ നല്‍കുന്ന ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസേര്‍ച്ച് കൗണ്‍സിലില്‍ (ബാര്‍കോഡ്) രഹസ്യമായി ഇടപെട്ട് വിവരങ്ങളില്‍ കൃത്രിമത്വം കാണിച്ചെന്നാണ് പൊലീസ് വ്യക്തമാക്കിയത്.
ടി.ആര്‍.പി റേറ്റിംഗ് അളക്കുന്ന രണ്ടായിരത്തിലധികം ബാരോമീറ്ററുകള്‍ മുംബൈയില്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവ ഇന്‍സ്റ്റാള്‍ ചെയ്ത സ്ഥലങ്ങള്‍ രഹസ്യമാണ്. എന്നാല്‍ ഈ ബാരോമീറ്റര്‍ സ്ഥാപിക്കാന്‍ നിയോഗിക്കപ്പെട്ട മുന്‍ ജീവനക്കാര്‍ അതിനെ സ്വാധീനിക്കുന്നതായി പൊലീസ് കണ്ടെത്തി.
റിപബ്ലിക് ടി.വി ബോക്‌സ് സിനിമ, ഫക്ത് മറാത്തി എന്നീ ചാനലുകള്‍ ടി.ആര്‍.പി റാക്കറ്റിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് മുംബൈ പൊലീസ് കമ്മീഷണര്‍ പരം ബിര്‍ സിംഗ് നേരത്തെ പറഞ്ഞിരുന്നു.
ടി.ആര്‍.പി. തട്ടിപ്പുകേസില്‍ പാര്‍ഥോ ദാസ് ഗുപ്തയുള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരേ മുംബൈ പൊലീസ് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.
This is what nationalism is supposed to be?
"This attack we have won like crazy"
40 Jawans lost their lives. pic.twitter.com/LNmxyl7878
— Pratik Sinha (@free_thinker) January 15, 2021