പാലക്കാട് നഗരസഭയിലെ ഗാന്ധി പ്രതിമയെ ബിജെപി പതാക പുതപ്പിച്ച സംഭവം: പ്രതി പിടിയിൽ; മാനസിക രോഗിയെന്ന് പൊലീസ്

0
414

പാലക്കാട്: നഗരസഭ ഓഫീസ് വളപ്പിലെ മഹാത്മ ഗാന്ധിയുടെ പ്രതിമയിൽ ബിജെപിയുടെ പതാക പുതപ്പിച്ചയാളെ പൊലീസ് പിടികൂടി. തിരുനെല്ലായി സ്വദേശിയായ ആളെയാണ് പൊലീസ് പിടികൂടിയത്. മാനസിക അസ്വാസ്ഥ്യമുള്ളയാളാണ് പ്രതിയെന്ന് പൊലീസ് പറയുന്നു. ഇയാൾ മാനസിക രോഗത്തിന് ചികിത്സ തേടിയിരുന്നുവെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടിട്ടുണ്ട്. പാലക്കാട് സർക്കാർ ആശുപത്രി പരിസരത്ത് നിന്നാണ് പ്രതിക്ക് ബിജെപി പതാക ലഭിച്ചതെന്നും പൊലീസ് പറയുന്നു.

ശനിയാഴ്ച രാവിലെ 7.45-ഓടെയാണ് ഗാന്ധി പ്രതിമയിൽ ബിജെപി കൊടി കെട്ടിയത്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പിന്നീട് പുറത്തു വന്നിരുന്നു. പതാക പുതപ്പിക്കുന്ന സിസിടിവി ദൃശ്യം ലഭിച്ച പൊലീസ് സമീപ പ്രദേശങ്ങളിലെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ കൂടി ശേഖരിച്ചാണ് ആളെ കണ്ടെത്തിയത്. പാലക്കാട് ടൌണ് സൌത്ത് പൊലീസാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.

നഗരസഭ കൗൺസിൽ സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് ഗാന്ധി പ്രതിമയിൽ ബിജെപിയുടെ കൊടികണ്ടത്. വിവരമറിഞ്ഞതിന് പിന്നാലെ കണ്‍സില്‍ ഹാളില്‍ നിന്ന് പ്രതിഷേധവുമായി യുഡിഎഫ് കൗണ്‍സിലര്‍മാരെത്തി പ്രതിഷേധിച്ചു.

പിന്നാലെയെത്തിയ പൊലീസ് കൊടി അഴിച്ചുമാറ്റി. കെഎസ് യുവും ഡിവൈഎഫ്ഐയും പിന്നീട് പ്രതിഷേധവുമായെത്തി. പ്രതിമയില്‍ പുഷ്പഹാരം ചാര്‍ത്തി സംരക്ഷണ വലയം തീര്‍ത്തായിരുന്നു ഡിവൈഎഫ്ഐ പ്രതിഷേധം. നഗരസഭാ അധ്യക്ഷയെ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ഉപരോധിച്ചു. ബിജെപി അറിവോടെയാണ് കൊടികെട്ടിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. സംഭവത്തില്‍ പങ്കില്ലെന്നും സാമൂഹ്യവിരുദ്ധരാണ് കൊടികെട്ടിയതിന് പിന്നിലെന്നും ബിജെപി പ്രതികരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here