“ചരിത്രപരമായ തെറ്റ് തിരുത്തി” ബാബരി മസ്ജിദ് തകർത്തതിനെ കുറിച്ച് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ

0
178

വൈദേശിക അധിനിവേശകർ തകർക്കാൻ രാമക്ഷേത്രം തെരഞ്ഞെടുത്തത് അതിൽ ഇന്ത്യയുടെ ആത്മാവുണ്ടെന്നത് കൊണ്ടാണെന്നു കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ. രാമ ജനം ഭൂമി മന്ദിർ നിധി സമർപ്പണ അഭിയാനിലേക്ക് സംഭാവന ചെയ്തവർക്ക് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് ഡൽഹിയിൽ ഇന്നലെ നടന്ന ചടങ്ങിലാണ് കേന്ദ്ര മന്ത്രി ഇങ്ങനെ പറഞ്ഞത്. 1992 ഡിസംബർ ആറിന് അയോധ്യയിലെ ബാബരി മസ്ജിദ് ധ്വംസനത്തെ കുറിച്ച് പരാമർശിക്കവെ ചരിത്രപരമായ തെറ്റ് തിരുത്തി എന്നാണ് അദ്ദേഹം പറഞ്ഞത്.

” വിദേശ അധിനിവേശകർ ഇന്ത്യയിൽ വന്നപ്പോൾ അവർ എന്തുകൊണ്ടാണ് തകർക്കാൻ രാമക്ഷേത്രം തെരഞ്ഞെടുത്തത്? കാരണം അവർക്കറിയാമായിരുന്നു ഇന്ത്യയുടെ ആത്മാവ് നിലനിൽക്കുന്നത് അവിടെയാണെന്നു. അവർ അവിടെ പള്ളിയല്ലാത്ത ഒരു വിവാദ മന്ദിരം നിർമിച്ചു. പ്രാർത്ഥനകൾ നടക്കാത്ത ഇടം പള്ളിയല്ല. 1992 ഡിസംബർ ആറിന് ഒരു ചരിത്രപരമായ തെറ്റ് അവസാനിച്ചു” – ജാവദേക്കർ പറഞ്ഞു.

‘അധിനിവേശകരുടെ ചരിത്രത്തിന്റെ തെളിവുകൾ അവസാനിപ്പിക്കുന്നതിനു’ താൻ ഭാഗമായതിന്റെ ഓർമ്മകൾ അദ്ദേഹം പങ്കുവെച്ചു. ‘ചരിത്രപരമായ തെറ്റ് തിരുത്തിയപ്പോൾ’ താനും അവിടെ ഉണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു.

“1992 ഡിസംബർ ആറിന് ചരിത്ര നിർമ്മാണത്തിൽ ഞാനും ഭാഗമായിരുന്നു. ഭാരതീയ ജനത യുവ മോർച്ചയുടെ ഭാഗമായിരുന്നു അന്ന് ഞാൻ. കർസേവകനായിട്ടാണ് ഞാൻ അയോധ്യയിൽ എത്തിയത്.

ലക്ഷക്കണക്കിന് കർസേവകരുണ്ടായിരുന്നു അവിടെ. തലേ രാത്രി ഞങ്ങൾ അവിടെയാണ് ഉറങ്ങിയത്. അപ്പോൾ ഞങ്ങൾക്ക് മൂന്നു താഴികക്കുടങ്ങൾ കാണാമായിരുന്നു. പിറ്റേ ദിവസം ചരിത്രപരമായ തെറ്റ് തിരുത്തപ്പെടുന്നത് രാജ്യം കണ്ടു ” – മന്ത്രി പറഞ്ഞു.

എല്ലാ രാജ്യങ്ങളും വൈദേശിക അധിനിവേശകരുടെ തെളിവുകൾ നശിപ്പിക്കുമെന്ന് പറഞ്ഞ അദ്ദേഹം “ഇവുടത്തെ സ്ഥലങ്ങളുടെ പേരും നമ്മൾ മാറ്റി. അത് രാജ്യത്തിൻറെ സ്വാഭിമാനത്തിന്റെ കൂടി ഭാഗമാണ് ” എന്ന് കൂടി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here