ബെംഗളുരു: കര്‍ണ്ണാടക സര്‍ക്കാര്‍ പാസാക്കിയ ഗോവധ നിരോധന നിയമത്തെ ചോദ്യം ചെയ്ത് ഹൈക്കോടതി നോട്ടീസ് അയച്ചു. ഗോവധ നിരോധനത്തിനെതിരെ സമര്‍പ്പിച്ച പൊതുതാല്പര്യ ഹരജി പരിഗണിച്ചാണ് കോടതിയുടെ നോട്ടീസ്.
ബെംഗളുരു സ്വദേശിയായ മുഹമ്മദ് ആരീഫ് ജമീലാണ് ഹരജി സമര്‍പ്പിച്ചത്. സര്‍ക്കാര്‍ കൊണ്ടുവന്ന ഈ ഓര്‍ഡിനന്‍സ് ഭരണഘടന ഉറപ്പാക്കുന്ന മൗലിക അവകാശങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഹരജിയില്‍ പറയുന്നു.
നിയമപ്രകാരം കന്നുകാലികളെ വാഹനത്തില്‍ കൊണ്ടുപോകുന്നത് നിരോധിച്ചിട്ടുണ്ട്. എന്നാല്‍ അതിന്റെ ബദല്‍ മാര്‍ഗ്ഗങ്ങളെപ്പറ്റി യാതൊരു പരാമര്‍ശവുമില്ല. അതിനാല്‍ തന്നെ കന്നുകാലികളുമായി പോകുന്ന കര്‍ഷകര്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ട്. ഇതൊന്നും നിയമം ചര്‍ച്ച ചെയ്യുന്നില്ലെന്നും ഹരജിയില്‍ പറയുന്നു.
2020 ഡിസംബര്‍ 9നാണ് കര്‍ണ്ണാടകയില്‍ ഗോവധന നിരോധന നിയമം ബി.ജെ.പി സര്‍ക്കാര്‍ പാസാക്കിയത്.
ശബ്ദ വോട്ടോടെയാണ് ബില്ല് പാസാക്കിയത്. കാലി കശാപ്പിന് 50,000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെ പിഴയും ഏഴു വര്‍ഷം വരെ തടവും ലഭിക്കുന്നതാണ് നിയമം. ബില്ലിനെതിരെ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു.
ഇനിമുതല്‍ പശു, കാള, പോത്ത് തുടങ്ങിയവയെ കൊല്ലുന്നത് ശിക്ഷ ലഭിക്കുന്ന കുറ്റമാകും.
കര്‍ണാടക ഗോവധ നിരോധന- ഗോ സംരക്ഷണ ബില്‍- 2020 ആണ് പാസാക്കിയത്. പശുക്കടത്ത്, പശുക്കള്‍ക്കെതിരായ ആക്രമണം പശുക്കളെ കൊല്ലുന്നത് എന്നിവ നിയമ പരിധിയില്‍ വരുമെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.