കോവിഡ് വാക്സിൻ കേരളത്തിലെത്തി

0
221

സംസ്ഥാനത്ത് കോവിഡ് വാക്സിൻ എത്തി. നെടുമ്പാശ്ശേരിയിലാണ് എത്തിച്ചത്. വൈകീട്ട് തിരുവനന്തപുരത്തേക്ക് വിമാന മാർഗം വാക്സിൻ എത്തിക്കും. കേരളത്തിന് ആദ്യ ഘട്ടത്തിൽ 4,33,500 ഡോസ് വാക്സിനാണ് നൽകുന്നത്.

രാവിലെ 11 മണിയോടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വാക്സിനുമായുള്ള ആദ്യ വിമാനം എത്തിയത്. കൊച്ചിയിലെത്തിച്ച 2,99,500 ഡോസ് വാക്സിനിൽ 1,19,500 ഡോസ് കോഴിക്കോട് മേഖലക്കായി റോഡ് മാർഗം കൊണ്ടുപോകും. മാഹിക്ക് നൽകാനുള്ള വാക്സിൻ കോഴിക്കോട് നിന്നാണ് കൊണ്ടുപോവുക. തിരുവനന്തപുരത്ത് വൈകീട്ട് 6 മണിയോടെ 1,34,000 ഡോസ് വാക്സിൻ വിമാനത്തിൽ എത്തിക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലെ വാക്സിൻ സ്റ്റോറേജ് കേന്ദ്രങ്ങളിലേക്കാണ് ആദ്യം വാക്സിൻ മാറ്റുക. ഇവിടങ്ങളിൽ നിന്ന് ഇൻസുലേറ്റഡ് വാനുകളിൽ മറ്റ് ജില്ലകളിലേക്ക് വാക്സിൻ ‌ എത്തിക്കും.

എല്ലാ ജില്ലകളിലും സംഭരണ കേന്ദ്രങ്ങളുണ്ട്. അവിടെ നിന്ന് സ്റ്റോറേജ് ബോക്സുകളിൽ ആശുപത്രികളിലെത്തിച്ചാണ് വാക്സിൻ നൽകുക. സംസ്ഥാനത്തെ 133 കേന്ദ്രങ്ങളിലാണ് വാക്സിനേഷൻ സൗകര്യമുള്ളത്. എല്ലാ വാക്സിനേഷൻ കേന്ദ്രങ്ങളിലും വൈബ് കാസ്റ്റിംഗ് സംവിധാനം ഉണ്ടാകും. കൂടാതെ എറണാകുളം ജില്ലാ ആശുപത്രി, പാറശാല താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ ലോഞ്ചിംഗ് ദിനത്തില്‍ ടൂവേ കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളും ഏര്‍പ്പെടുത്തും.

സംസ്ഥാനത്ത് 3,62,870 ആരോഗ്യപ്രവർത്തകരാണ് വാക്സിനേഷന് വേണ്ടി രജിസ്ട്രർ ചെയ്തിട്ടുള്ളത്. സർക്കാർ മേഖലയിൽ നിന്ന് 1,70,259ഉം സ്വകാര്യ മേഖലയിൽ നിന്ന് 1,92,611ഉം ആരോഗ്യ പ്രവർത്തകരാണ് രജിസ്ട്രേഷൻ പൂർത്തിയാക്കിയിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here