മലപ്പുറം: കഴിഞ്ഞ മൂന്നുമാസമായി മലപ്പുറം ജില്ലയിലെ താനൂര്‍, തിരൂര്‍ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ അര്‍ധരാത്രി മുഖം മറച്ച് ആയുധങ്ങളുമായി നടന്നു മോഷണം നടത്തിയിരുന്നയാള്‍ ഒടുവില്‍ പിടിയിലായി. ഒഴൂര്‍ കുട്ടിയമാക്കാനകത്തു വീട്ടില്‍ ഷാജഹാ(55)നെയാണ് താനൂര്‍ പോലീസിലെ പ്രത്യേകാന്വേഷണ സംഘം തമിഴ്നാട്ടിലെ ഏര്‍വാടിയില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്.
2020 ഒക്ടോബര്‍ മുതലാണ് താനൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ വട്ടത്താണി, മഞ്ഞളാംപടി, പത്തമ്പാട്, മൂച്ചിക്കല്‍, മീനടത്തൂര്‍, താനാളൂര്‍ ഭാഗങ്ങളില്‍ ഒരാള്‍ മുഖം മറച്ച്, ഷര്‍ട്ട് ധരിക്കാതെ, ബാഗ് തോളില്‍ തൂക്കി കൈയില്‍ ആയുധവുമായി സ്ഥിരമായി രാത്രി കറങ്ങി നടന്നത്. ഈ കാഴ്ച പലയിടങ്ങളിലെ സി.സി.ടി.വി. ക്യാമറകളില്‍ പതിഞ്ഞെങ്കിലും ആളെ തിരിച്ചറിയാനായില്ല. കടകളുടെ പൂട്ടുകള്‍ തകര്‍ക്കുക, സി.സി.ടി.വി. ക്യാമറകള്‍ തകര്‍ക്കുക, വീടുകളുടെ വാതിലുകളും ഗ്രില്ലുകളും പൊളിക്കുക എന്നിങ്ങനെയായി ദിവസവും വിവിധ സംഭവങ്ങളുണ്ടായത് നാട്ടുകാരെയും പോലീസിനെയും വട്ടംകറക്കി.
ഒക്ടോബര്‍ 15-ന് പുലര്‍ച്ചെ പത്തമ്പാട് പാനാട്ടുവീട്ടില്‍ മുഹമ്മദുകുട്ടിയുടെ റഹീന ക്വാര്‍ട്ടേഴ്സില്‍ ഗ്രില്ലിന്റെയും വാതിലിന്റെയും പൂട്ടു പൊളിച്ച് കിടന്നുറങ്ങുകയായിരുന്ന ഭാര്യയുടെ കഴുത്തില്‍ നിന്നും ഒരു പവന്‍ തൂക്കം വരുന്ന സ്വര്‍ണമാലയും രണ്ട് മൊബൈല്‍ ഫോണുകളും ഉള്‍പ്പടെ 51000 രൂപയുടെ സാധനങ്ങള്‍ മോഷ്ടിച്ചു. 17-ന് പുലര്‍ച്ചെ മൂച്ചിക്കല്‍ താമസിക്കുന്ന കറ്റത്തില്‍ വീട്ടില്‍ അനൂപിന്റെ വീട്ടിലും സമാനരീതിയില്‍ മോഷണംനടന്നു. കിടപ്പുമുറിയിലെ ഷെല്‍ഫിനകത്തു ബാഗില്‍ സൂക്ഷിച്ചിരുന്ന 1.7 ലക്ഷം രൂപയും പേഴ്സിലുണ്ടായിരുന്ന ആറായിരം രൂപയുമാണ് അന്ന് കവര്‍ന്നത്.
ഒക്ടോബര്‍ 15 മുതല്‍ താനൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രമോദ്, എസ്.ഐ. ശ്രീജിത്ത്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ. സലേഷ്, സബറുദ്ധീന്‍ എന്നിവരും നാട്ടുകാരും ട്രോമാകെയര്‍ വൊളന്റിയര്‍മാരും ഊഴമിട്ട് കള്ളനെ കാത്തിരുന്നു. മഫ്തിയിലും യൂണിഫോമിലുമായി രാത്രിമുഴുവന്‍ പട്രോളിങ് നടത്തി. പല സ്ഥലത്തും കള്ളനെ കണ്ടുവെങ്കിലും എല്ലാവരെയും കബളിപ്പിച്ച് അതിവിദഗ്ധമായി ഇയാള്‍ രക്ഷപ്പെട്ടു. അടുത്ത ദിവസം പരിസരത്തെ മറ്റേതെങ്കിലും വീട്ടില്‍ വാതില്‍ തകര്‍ത്ത് മോഷണം തുടര്‍ന്നു.
കുമാരന്‍ പടിയിലെ ക്വാര്‍ട്ടേഴ്സില്‍ നിന്നും പത്തമ്പാട്ടെ ഒരു വീട്ടില്‍നിന്നും മൊബൈല്‍ ഫോണുമായും കടന്നു. പോലീസിനെ വെല്ലുവിളിച്ചിറങ്ങിയ കള്ളനെ പിടിക്കാന്‍ പോലീസിനൊപ്പം നാട്ടുകാരും ഒരുമാസത്തോളം രാത്രി കാവലിരുന്നു. ഇതിനിടെ നവംബര്‍ 15-ന് താനൂര്‍ ജങ്ഷനില്‍ ലോട്ടറിക്കട പൊളിച്ചു രണ്ടുലക്ഷം രൂപയുടെ ലോട്ടറിയും പണവും കവര്‍ന്നത് ഇയാളാണോ എന്ന സംശയവും ഉണ്ടായി.
കളവുപോയ ഒരു മൊബൈല്‍ ഫോണില്‍നിന്ന് ആന്ധ്രപ്രദേശില്‍വെച്ച് ഒരു ഫോണ്‍കാള്‍ പോയതായി സൈബര്‍ സെല്‍ വഴി കണ്ടെത്തിയതാണ് അന്വേഷണത്തില്‍ തുമ്പായത്. ഫോണ്‍വിളിച്ച ആന്ധ്രാ സ്വദേശികളുടെ വിവരങ്ങള്‍ ഒരു മാസത്തോളം വിശദമായി പരിശോധിച്ചു. ഇതിനിടെ, ട്രൂകാളറില്‍ തെളിഞ്ഞ ‘കള്ളന്‍ ഷാജഹാന്‍’ എന്ന പേരും വഴിത്തിരിവായി. തുടര്‍ന്നാണ് മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ പിന്തുടര്‍ന്ന് ഏര്‍വാടിയിലെത്തി മോഷ്ടാവിനെ പിടികൂടിയത്. മൊബൈല്‍ ഫോണ്‍ പലസ്ഥലങ്ങളില്‍വെച്ചും സിംകാര്‍ഡുകള്‍ മാറിമാറി ഉപയോഗിച്ചാണ് പ്രതി പോലീസിനെ കബളിപ്പിച്ചിരുന്നത്. ഇതെല്ലാം മറികടന്ന് പ്രതിയെ പിടികൂടാനായത് പോലീസിന്റെ നേട്ടമാണ്.
വേഷം മാറി പോലീസുകാര്‍, മുംതാസിന്റെ ലോഡ്ജില്‍ ഷാജഹാന്‍
പോലീസിന്റെ നിഴല്‍ കാണുമ്പോഴേക്കും രക്ഷപ്പെട്ടുപോകുന്ന ഷാജഹാനെ കുരുക്കാന്‍ അന്വേഷണ സംഘാംഗങ്ങളായ സലേഷും സബറുദ്ധീനും പോയത് വേഷംമാറി. അസൈന്‍ കോയ തങ്ങളും ഉസൈന്‍ കോയ തങ്ങളുമായി ഏര്‍വാടിയിലെത്തിയ ഇവര്‍ മുംതാസ് എന്ന സ്ത്രീയുടെ ലോഡ്ജില്‍ താമസിക്കുന്ന ഷാജഹാനെ കണ്ടെത്തി. പിടിയിലായപ്പോഴും പോലീസാണെന്ന് വെളിപ്പെടുത്തിയിട്ടും കള്ളന് അത് വിശ്വാസമായിരുന്നില്ല.
ജയിലില്‍ കഴിഞ്ഞത് 27 വര്‍ഷം
ആയുസ്സിന്റെ പകുതിയും ഷാജഹാന്‍ ജയിലിലാണ് കഴിഞ്ഞത്. 55 വയസ്സിനിടെ 27 വര്‍ഷം പലമോഷണക്കേസുകളിലായി ജയിലിലായിരുന്നു. 1992-ലായിരുന്നു ആദ്യ ശിക്ഷ. കണ്ണൂര്‍, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുകളിലായിരുന്നു ഏറെക്കാലം. ശിക്ഷ കഴിഞ്ഞിറങ്ങിയാല്‍ വീണ്ടും മോഷണം. വീണ്ടും ജയില്‍ എന്നതായിരുന്നു രീതി.
മോഷ്ടിക്കേണ്ട സ്ഥലം മുന്‍കൂര്‍ കണ്ടുവെയ്ക്കുക. അതിനുള്ള ആയുധങ്ങള്‍ ബാഗിലാക്കി പകല്‍ തന്നെ സ്ഥലത്തെത്തിക്കുക എന്നതായിരുന്നു ഇയാളുടെ ശീലം. പ്രായം തോന്നിക്കാത്ത ആരോഗദൃഡഗാത്രനാണ് ഷാജഹാന്‍. ഉയരമുള്ള മതിലുകളിലും തെങ്ങിലുമെല്ലാം അനായാസം കയറാനും ചാടിയിറങ്ങാനും മിടുക്കന്‍. രാത്രി 12 മണിക്ക് ശേഷമാണ് ‘പണി’ക്കിറങ്ങുന്നത്. ബര്‍മുഡയോ ട്രൗസറോ മാത്രം ധരിച്ചും മുഖം മറച്ചും ബാഗില്‍ ടൂള്‍സുമായി കറങ്ങും. പറ്റിയിടങ്ങളില്‍ പൂട്ടുപൊളിച്ചും വാതില്‍ തകര്‍ത്തും സ്വര്‍ണവും പണവും കവരും.
ഇക്കാലത്തിനിടെ ഷാജഹാന്‍ ഒരു സ്‌ക്രൂഡ്രൈവറും കമ്പിപ്പാരയും മാത്രം ഉപയോഗിച്ച് തകര്‍ത്ത പൂട്ടുകള്‍ നിരവധിയാണ്. താനൂരില്‍ മാത്രം മൂന്നുമാസത്തിനിടെ പന്ത്രണ്ടോളം വീടുകളുടെ പൂട്ടുപൊളിച്ചു. വാതിലുകള്‍ ലക്ഷങ്ങളുടേതായാലും അതിനെ താങ്ങിനിര്‍ത്തുന്ന വിജാവിരി വളരെ എളുപ്പത്തില്‍ പൊളിക്കാന്‍ ഇയാള്‍ വിദഗ്ധനാണ്. കയറുന്ന വീടുകളില്‍ നിന്ന് ചെരിപ്പുകളെടുത്തു കൊണ്ടുപോവും. നല്ലത് കിട്ടിയാല്‍ അതെടുത്ത് പഴയത് ഉപേക്ഷിക്കും.
സൗകര്യപ്രദമായി മോഷ്ടിക്കുന്നതിന് താനൂര്‍ മൂച്ചിക്കലിലെ ആളില്ലാത്ത ഒരുവീട്ടില്‍ ഒമ്പതുദിവസം താമസിച്ചു. പണിനടക്കുന്ന മറ്റൊരു വീടിന്റെ മുകള്‍ നിലയിലും കഴിഞ്ഞു. കഞ്ഞിയായിരുന്നു പ്രധാന ഭക്ഷണം. മോഷണം കഴിഞ്ഞാല്‍ ബാഗില്‍ കരുതിയ വസ്ത്രങ്ങളണിഞ്ഞ് അത്തറ് പൂശി കൂളായി നടന്നു പോകും. സി.സി.ടി.വി. ക്യാമറാ ദൃശ്യങ്ങള്‍ ടി.വി. ചാനലുകളില്‍ വന്നതോടെ ബാഗ് തോളിലണിയുന്നതിന് പകരം കൈയിലേക്ക് മാറ്റുകയും ചെയ്തു.