ഒടിഞ്ഞ വാരിയെല്ലും കാലുകളും; സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡുപയോഗിച്ച് ആക്രമണം; ‘നിർഭയ’ അനുസ്മരിപ്പിക്കുന്ന ക്രൂരബലാത്സംഗം യുപിയിൽ

0
210

ലക്നൗ: യുപിയിൽ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങൾ കുറയാതെ തുടരുകയാണ്. ഡൽഹിയിലെ ‘നിര്‍ഭയ’കേസിന് സമാനമായ ഒരു അതിക്രൂര ബലാത്സംഗ കൊലപാതകമാണ് സംസ്ഥാനത്ത് ഏറ്റവും ഒടുവിലായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ബദൗൻ ജില്ലയില്‍ നിന്നാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മധ്യവയസ്കയായ ഒരു സ്ത്രീയാണ് കൂട്ട ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ടതെന്നാണ് റിപ്പോർട്ട്.

ഉഗൈതി സ്റ്റേഷൻ പരിധിയിലെ ഒരു ഗ്രാമത്തിൽ നിന്നാണ് സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഞായറാഴ്ച വൈകിട്ടോടെ ക്ഷേത്രത്തിലേക്ക് പോയ സ്ത്രീ പിന്നീട് മടങ്ങിയെത്തിയിരുന്നില്ല. അർധരാത്രിയോടെ ചോര വാർന്ന നിലയിൽ സ്ത്രീയെ ഉപേക്ഷിച്ച് മൂന്ന് പേർ കാറിൽ രക്ഷപ്പെട്ടതായി പ്രദേശവാസികളെ ഉദ്ധരിച്ച് പറയപ്പെടുന്നു. മഹന്ദ് സത്യനാരായണൻ അയാളുടെ സഹായി വേദ് റാം, ഡ്രൈവൽ ജസ്പാൽ എന്നിവരാണ് ഇതെന്നാണ് സംശയിക്കുന്നത്.

ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സ്ത്രീ വൈകാതെ മരിച്ചു. കേസില്‍ പ്രതികളെന്ന് സംശയിക്കുന്ന ആളുകൾ തന്നെ സ്വന്തം കാറിൽ സ്ത്രീയെ ആശുപത്രിയിൽ കൊണ്ടു പോയെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.  ചൊവ്വാഴ്ച നടന്ന പോസ്റ്റുമോർട്ടത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. സ്ത്രീയുടെ സ്വകാര്യ ഭാഗങ്ങളിലടക്കം ഗുരുതമായി പരിക്കേറ്റ നിലയിലായിരുന്നു. ഇരുമ്പു ദണ്ഡുപയോഗിച്ച് ആക്രമിക്കപ്പെട്ടു എന്നാണ് സൂചന. വാരിയെല്ലും കാലുകളും ഒടിഞ്ഞിരുന്നു. ശ്വാസകോശത്തിന്‍റെ ഭാഗത്ത് ഭാരമേറിയ വസ്തു കൊണ്ട് ആക്രമിച്ചിരുന്നു. നിലയ്ക്കാത്ത രക്തസ്രാവമുണ്ടായിരുന്നു. വനിതാ ഡോക്ടർ ഉൾപ്പെടെ മൂന്നംഗ സംഘമാണ് പോസ്റ്റുമോർട്ടത്തിന് നേതൃത്വം നൽകിയത്.

അതേസമയം പൊലീസുകാർക്കെതിരെ ആരോപണവുമായി സ്ത്രീയുടെ ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. പരാതി നൽകിയിട്ടു പോലും ഉഗൈതി പൊലീസ് സ്റ്റേഷൻ ഓഫീസർ രവേന്ദ്ര പ്രതാപ് സിംഗ് സ്ഥലത്തെത്തിയില്ല എന്നാണ് ആരോപണം. സംഭവത്തിൽ ബലാത്സംഗത്തിനും കൊലപാതകത്തിനും കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ എത്രയും വേഗം കണ്ടെത്താനായി നാല് ടീമുകളും രൂപീകരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here