ഈ സീസണിലെ രഞ്ജി ട്രോഫി റദ്ദാക്കി; 87 വര്‍ഷത്തിനിടെ ആദ്യം

0
263
ഈ വര്‍ഷത്തെ രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് ഒഴിവാക്കി ബി.സി.സി.ഐ. കോവിഡ് കാരണം മുടങ്ങിയ നിരവധി അന്താരാഷ്ട്ര മത്സരങ്ങളടക്കം നടക്കാനുള്ളതിനാലാണ് രഞ്ജിട്രോഫി മത്സരം ബി.സി.സി.ഐ റദ്ദാക്കുന്നത്. പകരം വിജയ് ഹസാരെ ട്രോഫിയും, വിനൂ മങ്കാദ് ട്രോഫിയും നടത്താനാണ് തീരുമാനം. 87 വര്‍ഷത്തിന് ഇടയില്‍ ആദ്യമായാണ് രഞ്ജി ട്രോഫി ടൂര്‍ണമെന്റ് ഉപേക്ഷിക്കുന്നത്. 1934-35ല്‍ രഞ്ജി ട്രോഫി ആരംഭിച്ചതിന് ശേഷം മത്സരങ്ങള്‍ മുടങ്ങിയിരുന്നില്ല.
50 ഓവര്‍ വനിതാ ദേശിയ ക്രിക്കറ്റ് ടൂര്‍ണമെന്റും (അണ്ടര്‍ 19) ബി.സി.സി.ഐ സംഘടിപ്പിക്കുന്നുണ്ട്. രണ്ട് മാസം നീണ്ടു നില്‍ക്കുന്ന ബയോ ബബിള്‍ സൃഷ്ടിച്ച് രണ്ട് ഘട്ടങ്ങളിലായി രഞ്ജി ട്രോഫി നടത്തുന്നത് പ്രായോഗികം അല്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ബിസിസിഐ നടപടി. ബിസിസിഐ സെക്രട്ടറി ജയ് ഷാ സംസ്ഥാന ഘടകങ്ങള്‍ക്കയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ടൂര്‍ണമെന്റുകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അടുത്ത് തന്നെ പുറത്തിറക്കും.
ആഭ്യന്തര കലണ്ടര്‍ തയ്യാറാക്കുന്നതിനായി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണമെന്ന് നേരത്തെ സംസ്ഥാന അസോസിയേഷനുകളോട് ബി.സി.സി.ഐ ആവശ്യപ്പെട്ടിരുന്നു. ആസ്‌ട്രേലിയന്‍ പരമ്പരക്ക് ശേഷം ഇന്ത്യയുടെ അടുത്ത പരമ്പര ഇംഗ്ലണ്ടുമായിട്ടാണ്. അടുത്ത മാസം ടെസ്റ്റ് മത്സരങ്ങളോടെയാണ് പരമ്പര തുടങ്ങുന്നത്. അതേസമയം പല ടീമുകളും രഞ്ജി ട്രോഫിക്കുള്ള മുന്നൊരുക്കം തുടങ്ങിയിരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ രഞ്ജി ട്രോഫിക്കുള്ള 26 അംഗ സാധ്യതാ ടീമിനെ പ്രഖ്യാപിക്കുകയും വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ ക്യാംപ് ആരംഭിക്കുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here