അയോദ്ധ്യയിൽ നിർമ്മിക്കുന്ന പള്ളിയ്ക്കായി സംഭാവന നൽകുകയോ, അവിടെ പ്രാർത്ഥിക്കുകയോ ചെയ്യരുതെന്ന ഒവൈസിയുടെ പ്രസ്താവനയെ എതിർത്ത് ട്രസ്റ്റ്

0
185

അയോദ്ധ്യ: അയോദ്ധ്യയിൽ രാമ ക്ഷേത്ര നിർമ്മാണത്തിനൊപ്പം കോടതി വിധിയിലൂടെ ലഭിച്ച അഞ്ചേക്കർ ഭൂമിയിൽ പള്ളി നിർമ്മാണത്തിനുള്ള പ്രവർത്തനങ്ങളുടെ ആരംഭം റിപബ്ളിക്ക് ദിനത്തിൽ തുടങ്ങിയിരുന്നു. എന്നാൽ ഇവിടെ ഉയരുന്ന പള്ളിയിൽ ഇസ്ലാം മത വിശ്വാസികൾ പ്രാർത്ഥന നടത്തരുതെന്നും, പള്ളി നിർമ്മാണത്തിനായി ആരും സംഭാവന നൽകരുതെന്നും ആവശ്യപ്പെട്ടു കൊണ്ടുള്ള അസദുദ്ദീൻ ഒവൈസിയുടെ പ്രസ്താവന വിവാദമായിരിക്കുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ച ബിദാറിൽ നടന്ന പരിപാടിയിൽ സംസാരിക്കവേയാണ് അയോദ്ധ്യയിൽ ഉയരുന്ന പള്ളിയ്‌ക്കെതിരെ ഒവൈസി സംസാരിച്ചത്. ഈ പള്ളി ഇസ്ലാമിക പ്രമാണങ്ങൾക്ക് വിരുദ്ധമാണെന്നും ആളുകൾ അതിന്റെ നിർമ്മാണത്തിനായി സംഭാവന നൽകരുതെന്നും പ്രാർത്ഥന നടത്തരുതെന്നും അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു.

അതേസമയം ഒവൈസിയുടെ കാഴ്ചപ്പാടുകളെ പൂർണമായും തള്ളിക്കൊണ്ട് ഇന്തോ ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ പ്രസിഡന്റ് അഥർ ഹുസൈൻ രംഗത്തു വന്നു. ഒവൈസിയുടെ പ്രസ്താവന അദ്ദേഹത്തിന്റെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നാണ് അഥർ ഹുസൈൻ ആരോപിച്ചിരിക്കുന്നത്. സർവ്വശക്തനായ ദൈവത്തെ പ്രാർത്ഥിക്കുന്ന ഭൂമിയിലെ ഏതൊരു സ്ഥലവും ഹറാം ആകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ ആഘാതം അനുഭവിച്ചിട്ടില്ലാത്ത ഒരു പ്രദേശത്തു നിന്നാണ് ഹൈദരാബാദ് എംപി വരുന്നതെന്നും, ബ്രിട്ടീഷുകാരിൽ നിന്നും ഫൈസാബാദിനെ ഒരു വർഷത്തേയ്‌ക്കെങ്കിലും മോചിപ്പിച്ച അഹമ്മദുള്ള ഷായ്ക്കായിട്ടാണ് അയോദ്ധ്യയിൽ തങ്ങളുടെ കേന്ദ്രം സമർപ്പിക്കുന്നതെന്നും അഥർ ഹുസൈൻ പറയുന്നു. അവിടെ ഉയരുന്ന ആശുപത്രിയിൽ നൂറുകണക്കിന് രോഗികളെ സുഖപ്പെടുത്തുകയും ശുശ്രൂഷിക്കുകയും ചെയ്യും അതോടൊപ്പം കമ്മ്യൂണിറ്റി കിച്ചണിൽ പ്രതിദിനം 2,000 ആളുകൾക്ക് ഭക്ഷണം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here