ഹൈദരാബാദ്: നിർണായകമായ ഹൈദരാബാദ് കോർപ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബാലറ്റുകൾ എണ്ണിത്തുടങ്ങിയപ്പോൾ തെലങ്കാന രാഷ്ട്രസമിതി മുന്നേറിത്തുടങ്ങി. പോസ്റ്റൽ വോട്ടുകൾ എണ്ണിയുള്ള ആദ്യഫലസൂചനകൾ വന്നപ്പോൾ ബിജെപി വൻമുന്നേറ്റം നേടിയെങ്കിലും, ബാലറ്റുകൾ എണ്ണിത്തുടങ്ങിയപ്പോൾ ടിആർഎസ് തന്നെയാണ് മുന്നേറുന്നത്. ആകെ ഈ തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയ പോസ്റ്റൽ വോട്ടുകളുടെ എണ്ണം 1900 ആണ്.
പോസ്റ്റൽ വോട്ടുകൾ എണ്ണിത്തീർന്നപ്പോൾ ബിജെപി 88 സീറ്റുകളിൽ മുന്നിട്ടുനിന്നിരുന്നു. അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം 17 സീറ്റുകളിലും, കഴിഞ്ഞ തവണ ഭരണം പിടിച്ച ടിആർഎസ് 34 സീറ്റുകളിലും മുന്നിട്ടുനിന്നു. കോൺഗ്രസ് ഒരു സീറ്റിൽ മാത്രമാണ് മുന്നിൽ നിന്നത്. കഴിഞ്ഞ തവണ വെറും നാല് സീറ്റിൽ ജയിച്ച ബിജെപിയാണ് ഇത്തവണ പോസ്റ്റൽ വോട്ടിൽ 88 സീറ്റുകളിൽ മുന്നേറിയെന്നതാണ് ശ്രദ്ധേയം. കൊവിഡ് പശ്ചാത്തലത്തിൽ വോട്ടിംഗ് മെഷീന് പകരം പേപ്പർ ബാലറ്റുകളാണ് തെരഞ്ഞെടുപ്പിൽ ഉപയോഗിച്ചത്.
150 (Total Wards) | BJP | TRS | AIMIM | CONG | OTH |
2020 മുന്നിൽ/ വിജയം | 12 | 31 | 7 | 1 | 0 |
2016 ഫലം | 4 | 99 | 44 | 2 | 1 |
യോഗി ആദിത്യനാഥ് അടക്കമുള്ള കേന്ദ്രനേതാക്കളെ ഇറക്കി വൻപ്രചാരണകോലാഹലമാണ് ബിജെപി നടത്തിയത്. ജയിച്ചാൽ ഹൈദരാബാദിന്‍റെ പേര് മാറ്റി ‘ഭാഗ്യനഗർ’ എന്നാക്കുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞതടക്കം വലിയ വിവാദമായിരുന്നു. 51 സീറ്റുകളിലാണ് അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം മത്സരിക്കുന്നത്. ആകെയുള്ള 150 വാർഡുകളില്‍ 100 വാർഡിലും ടിആർഎസ് – ബിജെപി നേർക്കുനേർ പോരാട്ടമാണ്. മതാടിസ്ഥാനത്തിൽ വോട്ടുകൾ കൃത്യമായി പിളർത്താൻ ബിജെപിക്ക് കഴിഞ്ഞുവെന്നതാണ് പോസ്റ്റൽ വോട്ടിൽ പാർട്ടി നേടുന്ന വൻമുന്നേറ്റത്തിലൂടെ വ്യക്തമാകുന്നത്.
ഗ്രേറ്റർ ഹൈദരാബാദ് എന്ന ഈ കോർപ്പറേഷൻ മേഖലയിൽ 25 നിയമസഭാമണ്ഡലങ്ങളുണ്ട്. നാല് ലോക്സഭാസീറ്റുകളുണ്ട്. അതുകൊണ്ടുതന്നെ, ബിജെപിക്കും ടിആർഎസ്സിനും അഭിമാനപോരാട്ടമാണ് ഈ തെരഞ്ഞെടുപ്പ്. കൗണ്ടിംഗ് കേന്ദ്രങ്ങളിൽ ഏറ്റവും മുതിർന്ന നേതാക്കളെത്തന്നെയാണ് ടിആർഎസ്സും ബിജെപിയും എഐഎംഐഎമ്മും കോൺഗ്രസും നിയോഗിച്ചിരിക്കുന്നത്.
തെലങ്കാന നിയമസഭയിൽ ബിജെപിക്ക് നിലവിൽ രണ്ട് എംഎൽഎമാരേ ഉള്ളൂ. സംസ്ഥാനത്ത് ബിജെപിക്ക് ഒരു മികച്ച തുടക്കം നൽകാൻ ഈ തെരഞ്ഞെടുപ്പിന് കഴിയുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. കർണാടക ഒഴിച്ചുനിർത്തിയാൽ മറ്റ് തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലൊന്നും ബിജെപിക്ക് ആഴത്തിൽ വേരുറപ്പിക്കാനായിട്ടില്ല. അതിനാൽത്തന്നെ, ഹൈദരാബാദ് പോലെ, തെക്കേ ഇന്ത്യയിലെ സുപ്രധാനമായ നഗരങ്ങളിലൊന്നിൽ കേന്ദ്രനേതാക്കളെയടക്കം ഇറക്കി വൻപ്രചാരണം നടത്തി എന്തുവില കൊടുത്തും ഭരണം പിടിക്കാൻ ശ്രമിച്ച ബിജെപിയുടെ ആദ്യശ്രമം വിജയം കാണുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
വിജയിക്കുമെന്ന പ്രതീക്ഷയിൽത്തന്നെയാണ് ടിആർഎസ് മുന്നോട്ടുപോകുന്നത്. ഭരണം പിടിക്കാനുള്ള എണ്ണം കിട്ടുമെങ്കിലും, ആകെയുള്ള സീറ്റിൽ ഇടിവ് വന്നാൽ അത് പാർട്ടിക്ക് വലിയ ക്ഷീണമാകും.
ഇത്തവണ 46.59 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയത്. 2016-ൽ 45.29 ആയിരുന്നു പോളിംഗ് ശതമാനം. പോളിംഗ് ശതമാനത്തിൽ നേരിയ വർദ്ധന മാത്രമേയുള്ളൂ എങ്കിലും പോസ്റ്റൽ വോട്ട് ട്രെൻഡിൽ ബിജെപിക്ക് വൻമുന്നേറ്റം ലഭിച്ചത് എതിർമുന്നണികൾക്ക് സൃഷ്ടിക്കുന്നത് ചെറിയ ആശങ്കയല്ല.