കൊല്ലം: കൊട്ടാരക്കരയിൽ അമ്മാവനും മരുമകനും തമ്മിലുണ്ടായ വഴക്ക് കൊലപാതകത്തിൽ കലാശിച്ചു. കരീപ്ര ഇലയം ശിവ വിലാസത്തിൽ ശിവകുമാർ (48) ആണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് ഇലയം നിമിഷാലയത്തിൽ നിധീഷിനെ (28) പൊലീസ് അറസ്റ്റ് ചെയ്തു. നിധിൻ ഫോണിൽ ഉപയോഗിച്ച വാട്സാപ്പ് സ്റ്റാറ്റസിനെച്ചൊല്ലി നേരത്തെ ഇരുവരും തമ്മിൽ തർക്കം നിലനിന്നിരുന്നു.
ഇതാണ് അടിപിടിയിലും കൊലപാതകത്തിലും കലാശിച്ചത്. തിങ്കളാഴ്ച രാത്രി എട്ടിന് ഇലയം മതിലിൽ മുക്കിൽ നിധീഷും മദ്യപിച്ചെത്തിയ ശിവകുമാറും തമ്മിൽ തർക്കമുണ്ടാകുകയും അടിപിടിയിൽ കലാശിക്കുകയും ചെയ്തു. തുടർന്ന് നാട്ടുകാർ ഇടപ്പെട്ട് ഇരുവരെയും വീടുകളിലേക്ക് മടക്കി അയച്ചു.
പൊലീസ് എത്തുമ്പോൾ മർദനമേറ്റ ശിവകുമാർ അബോധാവസ്ഥയിലായിരുന്നു. പൊലീസ് ജീപ്പിൽ ശിവകുമാറിനെ ഉടൻ തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചു.
മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. നിധീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആതിരയാണ് ശിവകുമാറിന്റെ ഭാര്യ. മക്കൾ: അമ്പാടി ആദിത്യൻ, അദ്വൈത്.