കോട്ടയം: മകൾ വരച്ച താമരയുടെ ചിത്രം കാരണം പുലിവാല് പിടിച്ച് സി പി എം വനിതാ നേതാവ്. മകൾ താമര വരച്ചതിന് പിന്നാലെ ചിത്രം വാട്‌സാപ്പിൽ സ്റ്റാറ്റസ് ആക്കിയ ഗീതാ ഉണ്ണികൃഷ്‌ണന് എതിരെയാണ് വ്യാപക പ്രചരണം നടക്കുന്നത്. ഇവർ ബി ജെ പിയിൽ ചേരുന്നുവെന്നാണ് പ്രചരണം. ഏറ്റുമാനൂർ ഏരിയാ കമ്മിറ്റി അംഗവും കർഷക സംഘം സംസ്ഥാന നേതാവുമാണ് ഗീതാ ഉണ്ണികൃഷ്‌ണൻ.
കോട്ടയം ജില്ലാ ആശുപത്രിയിൽ ഡോക്‌ടറായ മകൾ അശ്വതി വരച്ച താമരയുടെ ചിത്രമാണ് ഗീത തന്റെ വാട്‌സാപ്പിൽ സ്റ്റാറ്റസാക്കിയത്. ഇതിന് പിന്നാലെയായിരുന്നു ഇവർ ബി ജെ പിയിലേക്ക് ചേരുന്നെന്ന രീതിയിൽ സാമൂഹിക മാദ്ധ്യമങ്ങളിലടക്കം പ്രചാരണം ശക്തമായത്.
പ്രചാരണം വ്യാജമാണെന്ന് ആരോപിച്ച് ഗീതാ ഉണ്ണികൃഷ്‌ണൻ രംഗത്തെത്തിയിട്ടുണ്ട്. സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത് വസ്‌തുത വിരുദ്ധമാണെന്നും താനിപ്പോഴും പാർട്ടിയിൽ അടിയുറച്ച് നിൽക്കുകയാണെന്നും ഗീത പ്രതികരിച്ചു.
ഏറ്റുമാനൂർ നഗരസഭയിൽ യു ഡി എഫ് ഭരണത്തിലേറാനാണ് സാദ്ധ്യത. രണ്ട് സ്വതന്ത്ര അംഗങ്ങളുടെ പിന്തുണ ഉറപ്പിക്കാൻ കഴിഞ്ഞതിനെ തുടർന്നാണ് യു ഡി എഫിന് അധികാരം സ്വന്തമാക്കാൻ കഴിഞ്ഞത്. 35 അംഗ കൗൺസിലിൽ യു ഡി എഫ് 13, എൽ ഡി എഫ് 12, ബി ജെ പി ഏഴ്, സ്വതന്ത്രർ മൂന്ന് എന്നിങ്ങനെയാണ് കക്ഷി നില.