ന്യൂദല്‍ഹി: പെട്രോല്‍ വില വര്‍ദ്ധനവിനെ വിമര്‍ശിച്ച് 2012ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്ത ട്വീറ്റ് റീട്വീറ്റ് ചെയ്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. മധ്യപ്രദേശിലും ഭോപ്പാലിലും പെട്രോള്‍ വില 91.59 ല്‍ എത്തിയ വാര്‍ത്ത പങ്കുവെച്ചുകൊണ്ടായിരുന്നു തരൂര്‍ മോദിയെ പരിഹസിച്ച് രംഗത്തെത്തിയത്.
പെട്രോള്‍ വില കുത്തനെ വര്‍ദ്ധിക്കുന്നത് സര്‍ക്കാരിന്റെ കഴിവ് കേടിന്റെ ഉത്തമ ഉദാഹരണമാണെന്ന മോദിയുടെ അഭിപ്രായം വളരെ ശരിയായണെന്നാണ് ശശി തരൂര്‍ ട്വീറ്റ് ചെയ്തത്.
യു.പി.എയുടെ സമയത്ത് പെട്രോളിന്റെ ലോക വില ബാരലിന് 140 ഡോളറായിരുന്നെന്നും ബി.ജെ.പിയുടെ സമയത്ത് ലോക വില അതിന്റെ മൂന്നിലൊന്നാണെന്നും തരൂര്‍ ചൂണ്ടിക്കാട്ടി.
സാമ്പത്തിക ദുരുപയോഗമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് പെട്രോള്‍ വിലവര്‍ദ്ധനവിന്റെ വാര്‍ത്ത പങ്കുവെച്ചുകൊണ്ട് തരൂര്‍ പറഞ്ഞു.
പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നുവരുന്നതുനിടെയാണ് വില വിവരം പങ്കുവെച്ച് കൊണ്ട് തരൂര്‍ രംഗത്തെത്തിയത്.
മധ്യപ്രദേശിലും ഭോപ്പാലിലിലും 91.59 രൂപയാണ് ഇന്നത്തെ പെട്രോളിന്റെ വില. ദല്‍ഹിയില്‍ 83.71 രൂപയും മുംബൈയില്‍ 90.34 രൂപയും ചെന്നൈയില്‍ 86.51 രൂപയുമാണ്. കൊല്‍ക്കത്തയില്‍ 85.19 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ നിലവില്‍ വില.