തദ്ദേശ സ്ഥാപനങ്ങളിലെ സ്റ്റാന്റിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു

0
175

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരുടെയും അംഗങ്ങളുടെയും തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു. 2020-ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം അധ്യക്ഷന്‍/ഉപാധ്യക്ഷന്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടുള്ള എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് 2021 ജനുവരി ഏഴ്,എട്ട്,11,12 എന്നിവയില്‍ സൗകര്യപ്രദമായ ഏതെങ്കിലും ഒരു ദിവസം നടത്തണം. തുടര്‍ന്ന് എത്രയും പെട്ടെന്ന് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരുടെ തെരഞ്ഞെടുപ്പ് അതാത് വരണാധികാരികള്‍ പൂര്‍ത്തിയാക്കണം.

ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളെ സംബന്ധിച്ച് ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം , ആരോഗ്യ വിദ്യാഭ്യാസകാര്യം എന്നിങ്ങനെ നാല് സ്റ്റാന്റിംഗ് കമ്മിറ്റികളും ജില്ലാ പഞ്ചായത്തുകളെ സംബന്ധിച്ച് ധനകാര്യം, വികസനകാര്യം, പൊതുമരാമത്ത്കാര്യം, ആരോഗ്യ വിദ്യാഭ്യാസകാര്യം, ക്ഷേമകാര്യം എന്നിങ്ങനെ അഞ്ച് സ്റ്റാന്റിംഗ് കമ്മിറ്റികളുമാണ് രൂപീകരിക്കേണ്ടത്. മുനിസിപ്പല്‍ കൗണ്‍സിലുകളെ സംബന്ധിച്ച് ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യകാര്യം, മരാമത്ത് കാര്യം, വിദ്യാഭ്യാസ കലാകായിക കാര്യം എന്നിങ്ങനെ ആറ് സ്റ്റാന്റിംഗ് കമ്മിറ്റികളും മുനിസിപ്പല്‍ കോര്‍പ്പറേഷനുകളെ സംബന്ധിച്ച് ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യകാര്യം, മരാമത്ത്കാര്യം, നഗരാസൂത്രണകാര്യം, നികുതി അപ്പീല്‍കാര്യം, വിദ്യാഭ്യാസ കായികകാര്യം എന്നിങ്ങനെ എട്ട് സ്റ്റാന്റിംഗ് കമ്മിറ്റികളും രൂപീകരിക്കണം.

ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലെ വിവിധ സ്റ്റാന്റിംഗ് കമ്മിറ്റികളിലെ അംഗങ്ങളുടെ എണ്ണം 2000-ലെ കേരള പഞ്ചായത്ത് രാജ് (സ്റ്റാന്റിംഗ് കമ്മിറ്റി) ചട്ടങ്ങളിലെ പട്ടിക I പ്രകാരവും ജില്ലാ പഞ്ചായത്തുകളെ സംബന്ധിച്ച് പട്ടിക II പ്രകാരവുമായിരിക്കണം. മുനിസിപ്പല്‍ കൗണ്‍സിലുകളിലെ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളുടെ എണ്ണം 2000-ലെ കേരള മുനിസിപ്പാലിറ്റി (സ്റ്റാന്റിംഗ് കമ്മിറ്റി) ചട്ടങ്ങളിലെ പട്ടിക II പ്രകാരവും മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളുടെ എണ്ണം പട്ടിക-III പ്രകാരവുമായിരിക്കണം.
ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലെ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളുടെയും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരുടെയും തെരഞ്ഞെടുപ്പ് നടത്തുന്നതിന് അതാത് സ്ഥാപനങ്ങളിലെ വരണാധികാരികളെ ചുമതലപ്പെടുത്തി കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.

ജില്ലാ പഞ്ചായത്തുകളിലെ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളുടെയും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരുടെയും തെരഞ്ഞെടുപ്പ് നടത്തുന്നതിന് ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍)/അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റിനെ വരണാധികാരിയായി ചുമതലപ്പെടുത്തി കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.
മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളെയും കമ്മിറ്റി ചെയര്‍മാന്‍മാരെയും തെരഞ്ഞെടുക്കുന്നതിനുള്ള വരണാധികാരികളായി ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍)/അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റിനെ ചുമതലപ്പെടുത്തി കമ്മീഷന്‍ വിജ്ഞാപനങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. മുനിസിപ്പാലിറ്റികളെ സംബന്ധിച്ച് ഇതിലേയ്ക്ക് വരണാധികാരികളെ നിശ്ചയിച്ചുകൊണ്ട് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.

ഒരു സ്റ്റാന്റിംഗ് കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെടുന്നതിന് ഏതൊരു സ്ഥാനാര്‍ത്ഥിക്കും സ്വയം നാമനിര്‍ദേശം സമര്‍പ്പിക്കാം. നാമനിര്‍ദേശത്തെ മറ്റൊരു അംഗം നിര്‍ദേശിക്കേണ്ടതില്ല. നാമനിര്‍ദേശ പത്രികയ്ക്ക് പ്രത്യേക ഫോറങ്ങള്‍ നിര്‍ണയിച്ചിട്ടില്ല. ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ ഓഫീസിലാണ് യോഗം ചേരേണ്ടത്. ബന്ധപ്പെട്ട വരണാധികാരികള്‍ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള യോഗം വിളിച്ച് കൂട്ടുന്നതിന് സ്ഥലം, തിയതി, സമയം എന്നിവ കാണിച്ച് കൊണ്ടുള്ള നോട്ടീസ് എല്ലാ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്കും യോഗ തിയതിക്ക് അഞ്ച് ദിവസം മുന്‍പും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരെ തിരഞ്ഞെടുക്കുന്നതിനുള്ള യോഗത്തിന്റെ നോട്ടീസ് ബന്ധപ്പെട്ട സ്റ്റാന്റിംഗ് കമ്മിറ്റിയിലെ എല്ലാ അംഗങ്ങള്‍ക്കും യോഗ തിയതിക്ക് രണ്ട് ദിവസം മുമ്പും നല്‍കണം.

സ്റ്റാന്റിംഗ് കമ്മിറ്റികളില്‍ മത്സരിക്കാന്‍ താല്പര്യമുള്ള അംഗങ്ങള്‍ നാമനിര്‍ദേശം വരണാധികാരിയെ ഏല്‍പ്പിക്കേണ്ട അവസാന തിയതിയും സമയവും നോട്ടീസില്‍ കാണിച്ചിരിക്കണം. അതായത്, കഴിയുന്നതും യോഗം ചേരാന്‍ നിശ്ചയിച്ചിട്ടുള്ള സമയത്തിന് തൊട്ടു മുന്‍പുവരെയുള്ള ഒരു സമയം നോമിനേഷന്‍ സ്വീകരിക്കുന്നതിന് നിശ്ചയിച്ച് നോട്ടീസ് നല്‍കാം. എല്ലാ സ്റ്റാന്റിംഗ് കമ്മിറ്റികളിലും സ്ത്രീകള്‍ക്കായി സംവരണം ചെയ്തിട്ടുള്ള ഓരോ സ്ഥാനത്തേയ്ക്കാണ് ആദ്യം തെരഞ്ഞെടുപ്പ് നടത്തേണ്ടത്. ഒരു സ്റ്റാന്റിംഗ് കമ്മിറ്റിയിലെ സ്ത്രീസംവരണ സ്ഥാനം നികത്തിയതിന് ശേഷം മാത്രമേ ആ സ്റ്റാന്റിംഗ് കമ്മിറ്റിയിലെ സംവരണം ചെയ്യാത്ത മറ്റ് സ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നടത്താന്‍ പാടുള്ളു. ഒരു സ്റ്റാന്റിംഗ് കമ്മിറ്റിയിലെ ഒഴിവുള്ള സ്ഥാനങ്ങളുടെ എണ്ണവും സ്ഥാനാര്‍ത്ഥികളുടെ എണ്ണവും തുല്യരമാണെങ്കില്‍ അങ്ങനെയുള്ള സ്ഥാനാര്‍ത്ഥികളെ യഥാവിധി തെരഞ്ഞെടുത്തതായി വരണാധികാരി പ്രഖ്യാപിക്കണം. എന്നാല്‍ ഒരു സ്റ്റാന്റിംഗ് കമ്മിറ്റിയില്‍ ഒഴിവുള്ള സ്ഥാനങ്ങളുടെ എണ്ണത്തേക്കാള്‍ കുറവാണ് സ്ഥാനാര്‍ത്ഥികളുടെ എണ്ണമെങ്കില്‍ അങ്ങനെയുള്ള സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുത്തതായി വരണാധികാരി പ്രഖ്യാപിക്കേണ്ടതും ബാക്കി ഒഴിവുള്ള സ്ഥാനത്തേയ്ക്ക് അഞ്ച് ദിവസത്തിനകം യോഗം വിളിച്ച് തെരഞ്ഞെടുപ്പ് നടത്തണം.

സ്ഥാനാര്‍ത്ഥികളുടെ എണ്ണം ഒഴിവുള്ള സ്ഥാനങ്ങളുടെ എണ്ണത്തേക്കാള്‍ കൂടുതലാണെങ്കില്‍ വരണാധികാരി യോഗത്തില്‍ ഹാജരായിട്ടുള്ള അംഗങ്ങളില്‍ നിന്നും ആനുപാതിക പ്രാതിനിധ്യ സമ്പ്രദായമനുസരിച്ച് ഒറ്റക്കൈമാറ്റ വോട്ടുമൂലം (Preferential Voting) വോട്ടെടുപ്പ് നടത്തി അംഗങ്ങളെ തെരഞ്ഞെടുക്കണം.

സ്റ്റാന്റിംഗ് കമ്മിറ്റികളില്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്യപ്പെട്ടിട്ടുള്ള സ്ഥാനത്തേയ്ക്ക് സ്ത്രീകളല്ലാത്ത അംഗങ്ങള്‍ സ്ഥാനാര്‍ത്ഥികളാകരുത്. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനങ്ങളില്‍, സ്ത്രീകള്‍ക്കായിട്ടുള്ളവ സംവരണം ചെയ്തുകൊണ്ട് കമ്മീഷന്‍ വിജ്ഞാപനങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളുടെയും ചെയര്‍മാന്‍മാരുടെയും തെരഞ്ഞെടുപ്പ് സംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ 2020-ല്‍ പ്രസിദ്ധീകരിച്ചിട്ടുള്ള കൈപ്പുസ്തകത്തിലെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് നടപടി സ്വീകരിക്കണം. സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളുടെയും ചെയര്‍മാന്റെയും തെരഞ്ഞെടുപ്പ് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തണം.

LEAVE A REPLY

Please enter your comment!
Please enter your name here