തദ്ദേശ തിരഞ്ഞെടുപ്പ്; പുതിയ അംഗങ്ങൾ 21 ന് അധികാരമേൽക്കണം, സത്യപ്രതിജ്ഞാ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് കമ്മീഷൻ

0
190

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വിജയിച്ചവർ ഡിസംബർ 21 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ. മുനിസിപ്പാലിറ്റി, കോര്‍പ്പറേഷൻ അദ്ധ്യക്ഷന്‍മാരുടെ തിരഞ്ഞെടുപ്പ് ഡിസംബർ 28 ന് രാവിലെ 11 മണിക്ക് നടക്കും. അതേ സമയം, ഉപാദ്ധ്യക്ഷന്‍മാരുടെ തിരഞ്ഞെടുപ്പ് അന്ന് തന്നെ ഉച്ചയ്ക്ക് രണ്ടിനാണ് നടക്കുക. ത്രിതല പഞ്ചായത്തുകളിലെ അദ്ധ്യക്ഷന്‍മാരുടെ തിരഞ്ഞെടുപ്പ് ഡിസംബർ 30 ന് രാവിലെ 11 മണിയ്ക്കും ഉപാദ്ധ്യക്ഷന്‍മാരുടെ തിരഞ്ഞെടുപ്പ് അന്ന് ഉച്ചയ്ക്ക് 2 മണിക്ക് നടക്കും.

കോര്‍പ്പറേഷനുകളിൽ അദ്ധ്യക്ഷൻമാരുടെയും ഉപാദ്ധ്യക്ഷൻമാരുടെയും തിരഞ്ഞെടുപ്പ് ജില്ലാ കളക്ടറും മുനിസിപ്പാലിറ്റികളിൽ കമ്മീഷൻ നിയോഗിച്ച വരണാധികാരികളുമാണ് നടത്തുന്നത്. ത്രിതല പഞ്ചായത്തുകളിലും തിരഞ്ഞെടുപ്പിന്റെ നടത്തിപ്പ് ചുമതല വരണാധികാരികൾക്കാണ്.

സത്യപ്രതിജ്ഞ സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങൾ കമ്മീഷന്‍ പുറത്തുവിട്ടിട്ടുണ്ട്. കോര്‍പ്പറേഷനുകളിൽ ആദ്യ അംഗത്തെ സത്യപ്രതിജ്ഞ / ദൃഢപ്രതിജ്ഞ ചെയ്യിക്കുക എന്നത് ജില്ലാ കളക്ടര്‍മാരുടെയും മുനിസിപ്പൽ കൗണ്‍സിലുകളിൽ അത് കമ്മീഷൻ നിയോഗിച്ചിട്ടുള്ള വരണാധികാരികളുടെയും ചുമതലയാണ്. ത്രിതല പഞ്ചായത്തുകളിൽ അതാത് സ്ഥാപനങ്ങളിലെ വരണാധികാരികൾക്കാണ് ചുമതല.

തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളിൽ ഏറ്റവും പ്രായം കൂടിയ അംഗം വരണാധികാരി മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യണം. ഈ അംഗമാണ് മറ്റ് അംഗങ്ങളെ സത്യപ്രതിജ്ഞ ചെയ്യിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങള്‍ക്കും പ്രതിജ്ഞ എടുക്കാൻ രേഖാമൂലം അറിയിപ്പ് നല്‍കും.

ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പൽ കൗണ്‍സിലുകൾ എന്നിവിടങ്ങളിലെ സത്യപ്രതിജ്ഞ നടപടികൾ രാവിലെ 10ന് ആരംഭിക്കും. കോര്‍പ്പറേഷനുകളിൽ ഇത് 11.30 നാണ് ആരംഭിക്കുന്നത്.

ഗ്രാമപഞ്ചായത്തുകളിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാരും ബ്ലോക്ക് പഞ്ചായത്തുകളിൽ അസിസ്റ്റന്റ് ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍മാരും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും അതാത് തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാരും ജില്ലാ പഞ്ചായത്തുകളിൽ ജില്ലാ കളക്ടര്‍മാരുമാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യുക.

ചടങ്ങുകളുടെ ഏകോപനത്തിന്റെയും നടപ്പാക്കുന്നതിന്റെ പൊതു മേല്‍നോട്ടവും ജില്ലാ കളക്ടര്‍മാര്‍ക്കാണ്. സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം എല്ലാ അംഗങ്ങളുടെയും ആദ്യ യോഗം നടക്കും. ആദ്യം പ്രതിജ്ഞ ചെയ്ത അംഗമാണ് അദ്ധ്യക്ഷത വഹിക്കുക. സത്യപ്രതിജ്ഞാ ചടങ്ങുകളുമായി ബന്ധപ്പെട്ടാ എല്ലാ പ്രവര്‍ത്തനങ്ങളും സമയത്തിന് നടക്കുന്നുണ്ടോയെന്ന് നിരീക്ഷിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here