ഡൽഹി വളഞ്ഞ് 3 ലക്ഷം കർഷകർ; കർഷകർക്കു പിന്തുണയേറുന്നു: കൂടുതൽ പേരെത്തും

0
208

ന്യൂഡൽഹി ∙ കേന്ദ്ര സർക്കാർ പാസാക്കിയ വിവാദ കർഷക നിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തിൽ ഉറച്ചുനിൽക്കുന്ന കർഷകർക്കു പിന്തുണയേറുന്നു. മൂന്നു ലക്ഷത്തോളം കർഷകരാണു ഡൽഹിയെ വളഞ്ഞു നിലയുറപ്പിച്ചിരിക്കുന്നത്. ഡൽഹി – ഹരിയാന അതിർത്തിയിലെ സിംഘു, തിക്രി എന്നിവയ്ക്കു പുറമെ ഉത്തർപ്രദേശ് അതിർത്തിയിലുള്ള ഗാസിപുർ, നോയിഡ എന്നിവിടങ്ങളിലും കർഷകർ തമ്പടിച്ചിട്ടുണ്ട്. കൂടുതൽ പേർ വരും ദിവസങ്ങളിൽ എത്തും. തുടർ പ്രക്ഷോഭത്തിനു രൂപം നൽകാൻ നേതാക്കൾ ഇന്നു സിംഘുവിൽ യോഗം ചേരും.

കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു പഞ്ചാബ് മുൻ മുഖ്യമന്ത്രിയും ശിരോമണി അകാലിദൾ നേതാവുമായ പ്രകാശ് സിങ് ബാദൽ പത്മവിഭൂഷൺ പുരസ്കാരം തിരികെ നൽകി. ജനാധിപത്യ ശിരോമണി അകാലിദൾ നേതാവും പഞ്ചാബിൽ നിന്നുള്ള രാജ്യസഭാംഗവുമായ സുഖ്ദേവ് സിങ് ധിൻസ പത്മഭൂഷൺ തിരികെ നൽകുമെന്നു പ്രഖ്യാപിച്ചു.

മഹാരാഷ്ട്രയിലും  ഭുവനേശ്വർ, ബെംഗളൂരു, ജയ്പുർ എന്നിവിടങ്ങളിലും  പ്രകടനം നടന്നു. കർഷക നേതാക്കളും കേന്ദ്രസർക്കാരും തമ്മിലുള്ള ചർച്ച ആരംഭിക്കുന്നതിനു മുൻപ്, ഇന്നലെ രാവിലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയിലെത്തിയ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്, കർഷകരുടെ ആവശ്യങ്ങൾ തുറന്ന മനസ്സോടെ കേൾക്കണമെന്ന് അഭ്യർഥിച്ചു. സമരം എത്രയും വേഗം അവസാനിപ്പിച്ച് സ്വന്തം വീടുകളിലേക്കു മടങ്ങാൻ കർഷകർക്ക് അവസരമൊരുക്കണം. പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നതിനിടെ മരിച്ച 2 കർഷകരുടെ കുടുംബാംഗങ്ങൾക്കു പഞ്ചാബ് സർക്കാർ 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

വിവാദ നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ ബംഗാളിലും ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നു സംസ്ഥാന മുഖ്യമന്ത്രി മമത ബാനർജി വ്യക്തമാക്കി. പ്രതിഷേധാഗ്നിയിൽ നരേന്ദ്ര മോദിയുടെ അധികാരക്കസേര കത്തിയമരുമെന്നു ഡൽഹി–ഹരിയാന അതിർത്തിയിലെ തിക്രിയിൽ നടന്ന സമ്മേളനത്തിൽ സിപിഎം എംപി: കെ.കെ. രാഗേഷ് പറഞ്ഞു. കർഷകർക്കു പിന്തുണയറിയിച്ചു ബിനോയ് വിശ്വം എംപി, ഭീം ആർമി പാർട്ടി നേതാവ് ചന്ദ്രശേഖർ ആസാദ് എന്നിവർ ഹരിയാന അതിർത്തിയിലെ സിംഘുവിലെത്തി.

ആംബുലൻസിൽ ഉച്ച ഭക്ഷണവും ചായയും

ചർച്ചയ്ക്കിടെ വിജ്ഞാൻ ഭവനിൽ വിതരണം ചെയ്ത ഉച്ചഭക്ഷണം കഴിക്കാതെ കർഷക നേതാക്കൾ. കേന്ദ്ര സർക്കാർ വിളമ്പുന്ന ഭക്ഷണം തങ്ങൾക്കു വേണ്ടെന്നു വ്യക്തമാക്കിയ നേതാക്കൾ, സമീപമുള്ള സിഖ് ഗുരുദ്വാരയിൽ വിളിച്ച് ഭക്ഷണം ഏർപ്പാടാക്കി. 

ഗുരുദ്വാരയിൽ നിന്നുള്ള ആംബുലൻസിലെത്തിച്ച ഉച്ചഭക്ഷണം വിജ്ഞാൻ ഭവനിൽ നിലത്തിരുന്നാണു കർഷകർ കഴിച്ചത്. വൈകിട്ട് ചായ നൽകിയപ്പോഴും കർഷകർ നിരസിച്ചു. പിന്നാലെ  ഗുരുദ്വാരയിൽ നിന്നു വീണ്ടും ആംബുലൻസെത്തി. ചായയും ലഘുഭക്ഷണവും തയാർ!

∙ ‘സർക്കാരിന് ഒരുവിധ പിടിവാശിയുമില്ല. തുറന്ന മനസ്സോടെയാണു ചർച്ച നടത്തിയത്. നിയമങ്ങളിലെ ചില വ്യവസ്ഥകൾ സംബന്ധിച്ചു കർഷകർക്ക് ആശങ്കയുണ്ട്. അവയെല്ലാം പരിശോധിക്കാൻ സർക്കാർ തയാറാണ്.’ – നരേന്ദ്ര സിങ് തോമർ (കേന്ദ്ര കൃഷി മന്ത്രി).

∙ ‘ചർച്ചകളിൽ നേരിയ പുരോഗതിയുണ്ട്. നിയമങ്ങൾ പൂർണമായി പിൻവലിക്കണമെന്നാണു ഞങ്ങളുടെ ആവശ്യം. പക്ഷേ, അവയിൽ ഭേദഗതികൾ വരുത്താമെന്നാണു സർക്കാരിന്റെ നിലപാട്.’ – രാകേഷ് തികായത് (ഭാരതീയ കിസാൻ യൂണിയൻ വക്താവ്).

LEAVE A REPLY

Please enter your comment!
Please enter your name here