‘ചെന്നിത്തല’യെ ത്രിശങ്കുവിൽ നിന്ന് രക്ഷിക്കാൻ ഇടതും കോൺഗ്രസും കൈ കോർക്കുമോ?

0
213

ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ജന്മനാടാണ് ചെന്നിത്തല. ഇവിടെ തൃപ്പെരുന്തുറ ഗ്രാമപ്പഞ്ചായത്തിൽ ബിജെപിയെ ഭരണത്തിൽ നിന്ന് മാറ്റിനിർത്താൻ കോൺഗ്രസ്-സിപിഎം സഖ്യത്തിന് സാധ്യതതെളിയുകയാണ്. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ഒരു മുന്നണിക്കും ഇവിടെ വ്യക്തമായ ഭൂരിപക്ഷം നേടാനായില്ല. അതായത് ഗ്രാമപഞ്ചായത്ത് ഭരണം ത്രിശങ്കുവിലാണ്.

എൽഡിഎഫിന്റെ കൈയിലായിരുന്നു പഞ്ചായത്ത് ഭരണം. എന്നാൽ ഇത്തവണ യുഡിഎഫിനും ബിജെപിക്കും ആറുസീറ്റ് വീതവും എൽഡിഎഫിന് അഞ്ചുസീറ്റുമാണ് ലഭിച്ചത്. ഒരു സ്വതന്ത്രനും വിജയിച്ചു. പ്രസിഡന്റ് സ്ഥാനം പട്ടികജാതി വനിതയ്ക്കാണ് സംവരണം ചെയ്തിട്ടുള്ളത്. ആറു സീറ്റുള്ള യുഡിഎഫിൽ പട്ടികജാതി വനിത വിജയിച്ചിട്ടില്ല. എന്നാൽ, ബിജെപിയിൽ പട്ടികജാതി വനിതയുണ്ട്. അതിനാൽ ഭരണത്തിനുള്ള അവകാശവാദം ബിജെപി ഉന്നയിക്കുമെന്നുറപ്പ്.

എൽഡിഎഫിന്റെയോ യുഡിഎഫിന്റെയോ പിന്തുണ തേടില്ലെന്നാണ് ബിജെപി പറയുന്നത്. യുഡിഎഫ് വിമതനായി മത്സരിച്ച് വിജയിച്ച സ്വതന്ത്രസ്ഥാനാർഥിയെ ബിജെപി സമീപിച്ചേക്കും. പക്ഷേ, മറ്റ് രണ്ട് മുന്നണികളിലായി 11 അംഗങ്ങൾ ഉള്ളതിനാൽ ബിജെപിയുടെ ശ്രമം വിജയിക്കാൻ സാധ്യതയില്ല. പിന്നെ പട്ടികജാതി വനിത വിജയിച്ചത് അഞ്ചുസീറ്റുമാത്രം ലഭിച്ച എൽഡിഎഫിലാണ്.

ബിജെപി ഭരണത്തിൽ വരുന്നത് ഒഴിവാക്കാൻ സിപിഎമ്മും കോൺഗ്രസും തമ്മിൽ എന്തെങ്കിലും നീക്കുപോക്ക് നടത്താൻ തയാറായേക്കുമെന്നാണ് സൂചന. സിപിഎമ്മിൽനിന്നുള്ള പട്ടികജാതി വനിതയെ പ്രസിഡന്റാക്കാൻ കോൺഗ്രസ് പിന്തുണയ്ക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങൾ. എന്നാൽ, എന്തുനിലപാട് സ്വീകരിക്കുമെന്ന് യുഡിഎഫിന്റെ രാഷ്ട്രീയകാര്യസമിതി തീരുമാനിക്കുമെന്നാണ് പ്രാദേശിക നേതൃത്വം പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here