എല്‍ഡിഎഫ് വിജയത്തിന് പിന്നിലെ അഞ്ച് പ്രധാന കാരണങ്ങളിതാ, പ്രചരണ തന്ത്രം വിജയിച്ചു

0
248

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ കടുത്ത വെല്ലുവിളികള്‍ക്കിടയിലും എല്‍ഡിഎഫ് വമ്പന്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ്. ഒരു ഭരണ മുന്നണിക്ക് ലഭിക്കാവുന്നതിലും വലിയ സ്വീകാര്യത ജനം ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നല്‍കാന്‍ പല കാരണങ്ങളുമുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വമാണ് എല്‍ഡിഎഫിന്റെ പ്രധാന പ്ലസ് പോയന്റെന്നു പറയാം. മുഖ്യമന്ത്രിയെന്ന നിലയിലും പഴയ പാര്‍ട്ടി സെക്രട്ടറിയെന്ന നിലയിലും പ്രതിപക്ഷ ആരോപണങ്ങളെ തുറന്നുകാട്ടാന്‍ പിണറായി വിജയന് കഴിഞ്ഞു. കൊവിഡ് കാലത്ത് എല്ലാ ദിവസവും വൈകിട്ട് മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനം സര്‍ക്കാരിന് നേടിക്കൊടുത്ത ജനപ്രീതി ചെറുതല്ല. മുഖ്യമന്ത്രിയുടെ ഈ വാര്‍ത്താസമ്മേളനങ്ങള്‍ എല്‍ഡിഎഫ് വിജയത്തില്‍ പങ്കുവഹിച്ചിട്ടുണ്ട്.

ലോകശ്രദ്ധ നേടിക്കൊടുത്ത കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും സര്‍ക്കാരിന് ജനങ്ങളുടെ കൈയ്യടി നേടിക്കൊടുത്തു. ഒരു വ്യക്തിപോലും പട്ടിണി കിടക്കരുതെന്ന രീതിയില്‍ സര്‍ക്കാര്‍ കൊവിഡ് കാലത്ത് നടത്തിയ ജനകീയ ഇടപെടലുകളും ശ്രദ്ധേയമായി. പ്രധാന പാര്‍ട്ടികളേയും യുവജന സംഘടനകളേയും ഒപ്പംനിര്‍ത്തിക്കൊണ്ട് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിയുള്ള പ്രവര്‍ത്തനമാണ് കൊവിഡ് കാലത്ത് എല്‍ഡിഎഫ് കാഴ്ചവെച്ചത്. കൊവിഡ് കാലത്തും അതിനുശേഷവും സര്‍ക്കാര്‍ സൗജന്യമായി വിതരണം ചെയ്ത ഭക്ഷ്യകിറ്റുകള്‍ പാവപ്പെട്ടവര്‍ക്ക് വലിയ രീതിയിലുള്ള ആശ്വാസമാണ് നല്‍കിയത്.

ക്ഷേമ പെന്‍ഷനുകള്‍ വരുത്തിയ വര്‍ധനവും കൃത്യ സമയത്തുള്ള വിതരണവുമാണ് സര്‍ക്കാരിന്റെ മറ്റൊരു നേട്ടം. യുഡിഎഫ് സര്‍ക്കാര്‍ 600 രൂപ മാത്രം നല്‍കിയിരുന്ന ക്ഷേമ പെന്‍ഷനുകള്‍ 1400 രൂപയാക്കി വര്‍ധിപ്പിച്ചു. യുഡിഎഫ് ഭരണകാലത്ത് മാസങ്ങളോളം മുടങ്ങിക്കിടന്ന ക്ഷേമ പെന്‍ഷനുകള്‍ കൊടുത്തു തീര്‍ക്കുക മാത്രമല്ല ഓണത്തിന് മുന്‍കൂറായി പെന്‍ഷന്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞതും സര്‍ക്കാരിന്റെ ജനപ്രീതി വര്‍ധിപ്പിച്ചു.

പലഭാഗത്തുനിന്നുമുള്ള എതിര്‍പ്പുകള്‍ വകവെക്കാതെ ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസിനെ ഒപ്പം കൂട്ടാനുള്ള എല്‍ഡിഎഫ് തീരുമാനം വിജയംകണ്ടെന്ന് തദ്ദേശ തെരഞ്ഞെടുപ്പ് തെളിയിക്കുന്നു. കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ എല്‍ഡിഎഫ് നടത്തിയ കുതിപ്പ് കേരള കോണ്‍ഗ്രസിന്റേതുകൂടിയാണ്. നിയമസഭാ തെരഞ്ഞെടുപ്പിലും ജോസ് കെ മാണി ഒപ്പമുള്ളത് ഇടതുപക്ഷത്തിന് നേട്ടമാകും.

തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഇടതുപക്ഷം സ്വീകരിച്ച തന്ത്രം ഗംഭീരമായിരുന്നെന്ന് പറയാം. പ്രതിപക്ഷം വിവാദങ്ങളില്‍ മാത്രം ശ്രദ്ധ ചെലുത്തിയപ്പോള്‍ ഇതിന് മറുപടി നല്‍കാതെ സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങളിലൂന്നിയായിരുന്നു എല്‍ഡിഎഫിന്റെ പ്രചരണം. സോഷ്യല്‍ മീഡിയയിലും ഇത് വ്യക്തമായിരുന്നു. കൊവിഡ് സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയ ഉപയോഗിച്ചുള്ള പ്രചരണത്തില്‍ ഏറെ മുന്നിലെത്താന്‍ കഴിഞ്ഞതും എല്‍ഡിഎഫിന്റെ വിജയത്തിന് കാരണമായി

LEAVE A REPLY

Please enter your comment!
Please enter your name here