ലോസ്ആഞ്ചലസ് : മോളി എവറെറ്റ് ഗിബ്സൺ …. ഒരു മാസം പോലും പ്രായമായിട്ടില്ലെങ്കിലും ഇതിനകം തന്നെ ചരിത്രം തിരുത്തിക്കുറിച്ചു കഴിഞ്ഞു മൂന്ന് കിലോ ഭാരമുള്ള ഈ കുഞ്ഞ് മാലാഖ. ഒക്ടോബർ 26നാണ് ടിന – ബെൻ ഗിബ്സൺ ദമ്പതികളുടെ മകളായി മോളി ജനിച്ചത്. കഴിഞ്ഞ 27 വർഷമായി ശീതികരിച്ച് സൂക്ഷിച്ചിരുന്ന ഭ്രൂണത്തെ കഴിഞ്ഞ ഫെബ്രുവരി 10നാണ് ടിനയുടെ ഗർഭപാത്രത്തിലേക്ക് നിക്ഷേപിച്ചത്. ഇങ്ങനെയാണ് കുഞ്ഞ് മോളിയുടെ ജനനം.
ചരിത്രത്തിലാദ്യമായാണ് ഇത്രയും കാലം സൂക്ഷിച്ച ഭ്രൂണത്തിൽ നിന്നും ഒരു കുഞ്ഞ് പിറക്കുന്നതെന്ന് യൂണിവേഴ്സിറ്റി ഒഫ് ടെന്നസീ പ്രിസ്റ്റൺ മെഡിക്കൽ ലൈബ്രറി അധികൃതർ പറയുന്നു. മറ്റൊരു ശ്രദ്ധേയകാര്യമെന്തെന്നാൽ ഇതിന് മുമ്പ് ഈ റെക്കോർഡ് കരസ്ഥമാക്കിയത് മോളിയുടെ മൂത്ത സഹോദരിയായ എമ്മ വ്രെൻ ഗിബ്സൺ ആണ്. ടിന – ബെൻ ഗിബ്സൺ ദമ്പതികളുടെ ആദ്യത്തെ കുഞ്ഞായ എമ്മയുടെ ജനനവും ശീതീകരിച്ച് സൂക്ഷിച്ചിരുന്ന ഭ്രൂണത്തിൽ നിന്നാണ്.
2017ലാണ് എമ്മ ജനിച്ചത്. 1992 ഒക്ടോബർ മുതൽ സൂക്ഷിച്ചിരുന്ന ഭ്രൂണത്തിൽ നിന്നാണ് എമ്മയുടെ ജനനം. അതായത് 25 വർഷം ശീതീകരിച്ച ഭ്രൂണാവസ്ഥയിൽ നിന്നാണ് എമ്മ 2017ൽ ജനിച്ചത്. ശീതീകരിച്ച് സൂക്ഷിച്ചിരുന്ന ഈ രണ്ട് ഭ്രൂണങ്ങളും ജനിതകപരമായി സഹോദരങ്ങൾ ആണ്. 25 വർഷങ്ങൾക്ക് ശേഷം ജനിച്ചപ്പോൾ മോളിയ്ക്ക് 27 വർഷം കാത്തിരിക്കേണ്ടി വന്നു.
മോളിയുടെയും എമ്മയുടെയും അമ്മയായ ടിനയുടെ പ്രായം ഇപ്പോൾ 29 ആണ്. 1991 ഏപ്രിലിലാണ് ടിന ജനിച്ചത്. അതേ സമയം, 1992 ഒക്ടോബറിൽ ശീതീകരിച്ച ഭ്രൂണത്തിൽ നിന്നാണ് ഇപ്പോൾ മോളി ജനിച്ചിരിക്കുന്നത്. അതായത് ഒരർത്ഥത്തിൽ, അമ്മയായ ടിനയെക്കാൾ വെറും 2 വയസിന് ഇളയതാണ് മോളി. !
വിവാഹം കഴിഞ്ഞ് 7 വർഷങ്ങൾ കഴിഞ്ഞിട്ടും കുഞ്ഞുങ്ങളുണ്ടാകാതെ വന്നതോടെ ടിന – ബെൻ ഗിബ്സൺ ദമ്പതികൾ എംബ്രിയോ അഡോപ്റ്റേഷൻ എന്ന നൂതന ചികിത്സാ രീതിയെ ആശ്രയിക്കുകയായിരുന്നു. അജ്ഞാതരായ ദാതാക്കളിൽ നിന്നുള്ള ഭ്രൂണം ദത്തെടുത്ത് ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്ന രീതിയാണിത്. തുടർന്നാണ് ദമ്പതികൾക്ക് എമ്മയും മോളിയും ജനിച്ചത്.