ബെംഗളൂരു: കര്‍ണാടകയിലെ ബിഎസ് യെദ്യൂരപ്പ മന്ത്രിസഭയില്‍ അംഗമാകുമെന്ന് പ്രതീക്ഷിച്ച ബിജെപി എംഎല്‍സി എ.എച്ച്.വിശ്വനാഥിന് കനത്ത തിരിച്ചടി. കൂറുമാറ്റ നിരോധന നിയമപ്രകാരം 2019-ല്‍ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട വിശ്വാനാഥ് മന്ത്രിയാകാന്‍ യോഗ്യനല്ലെന്ന് കര്‍ണാടക ഹൈക്കോടതി അറിയിച്ചു.
2019-ല്‍ ബിജെപിയില്‍ ചേര്‍ന്ന 17-കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരില്‍ ഉള്‍പ്പെട്ടയാളാണ് 70-കാരനായ വിശ്വനാഥും. കഴിഞ്ഞ ഡിസംബറില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ വിശ്വനാഥ് പരാജയപ്പെട്ടു. തുടര്‍ന്നാണ് അദ്ദേഹത്തെ എംഎല്‍സിയാക്കിയത്. കോണ്‍ഗ്രസും ജെഡിഎസും വിട്ടുവന്ന എംഎല്‍എമാര്‍ക്ക് മന്ത്രിസ്ഥാനം നല്‍കുമെന്ന വാഗ്ദ്ധാനം പാലിക്കുന്നതിന്റെ ഭാഗമായിട്ടാണ് യെദ്യൂരപ്പ വിശ്വനാഥിനെ മന്ത്രിസഭയിലെത്തിക്കാന്‍ ശ്രമിച്ചത്.
ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട വിശ്വാനാഥിനെ കൂടാതെ എം.ടി.ബി.നാഗരാജ്, ആര്‍ ശങ്കര്‍ എന്നിവരേയും എംഎല്‍സിമാരാക്കി മന്ത്രിസ്ഥാനം നല്‍കാനുള്ള ശ്രമമുണ്ടായിരുന്നു. ഇതിനെതിരെ കര്‍ണാടക ഹൈക്കോടതിയില്‍ മൂന്ന് വ്യത്യസ്ത ഹര്‍ജികളാണ് ലഭിച്ചിട്ടുള്ളത്.