ഓസീസിനെതിരെ അഡ്‌ലെയ്ഡില്‍ നടക്കാനിരിക്കുന്ന ഒന്നാം ടെസ്റ്റില്‍ വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പരമ്പരയിലെ നാലു മല്‍സരങ്ങളിലും തോറ്റ് ഇന്ത്യ നാണംകെടുമെന്ന പ്രവചനവുമായി മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. ആദ്യ ടെസ്റ്റ് ഡേ നൈറ്റ് മത്സരം കൂടിയായതിനാല്‍, അതിലെ വിജയം പരമ്പരയില്‍ ഏറെ നിര്‍ണായകമാണെന്ന് വോണ്‍ പറയുന്നു.
‘ടെസ്റ്റ് പരമ്പരയിലെ ഏറ്റവും പ്രധാനപ്പെട്ട മല്‍സരം ആദ്യം നടക്കുന്ന പിങ്ക് ബോള്‍ മല്‍സരമാണ്. പിങ്ക് ബോള്‍ ടെസ്റ്റില്‍ ഓസീസ് ഇതുവരെ തോറ്റിട്ടില്ല. ഈ റെക്കോര്‍ഡ് അഡ്ലെയ്ഡില്‍ അവര്‍ നിലനിര്‍ത്തുകയാണെങ്കില്‍ നാലു ടെസ്റ്റുകളുടെ പരമ്പര ഓസീസ് തൂത്തുവാരും. 2018-19ലെ ഓസീസ് പര്യടനത്തില്‍ ഇന്ത്യ 2-1ന്റെ വിജയവുമായി ചരിത്രം കുറിച്ചിരുന്നു. എന്നാല്‍ ഇത്തവണ ഇന്ത്യക്കു ഇതാവര്‍ത്തിക്കുക ബുദ്ധിമുട്ടായിരിക്കും.’
‘ഓസീസ് ബോളിങ് ആക്രമണത്തിനെതിരേ ഓസ്ട്രേലിയയില്‍ സ്ഥിരമായി വലിയ സ്‌കോര്‍ നേടടുകയെന്നത് ഒരു ടീമിനും എളുപ്പമുള്ള കാര്യമല്ല. 2018-19ലെ പര്യടനത്തില്‍ ഇന്ത്യ അത്രയും മികച്ചുനില്‍ക്കാന്‍ കാരണം ഓസീസ് ടീമില്‍ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, മാര്‍നസ് ലബ്യുഷെയ്ന്‍ എന്നിവര്‍ ഉണ്ടായിരുന്നില്ല എന്നതായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഓസീസ് കൂടുതല്‍ മികച്ച ടീമാണ്. മിച്ചെലല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ നയിക്കുന്ന ഓസീസ് പേസാക്രമണത്തെ ഇന്ത്യക്കു ഇത്തവണ അതിജീവിക്കേണ്ടതുണ്ട്’ വോണ്‍ പറഞ്ഞു.
നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്ക് ഡിസംബര്‍ 17- ന് അഡ്‌ലെയ്ഡ് ഓവലിലാണ് തുടക്കമാകുക. ഈ ടെസ്റ്റിന് ശേഷം കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് കോഹ്ലി നാട്ടിലേക്ക് മടങ്ങും. രണ്ടാം ടെസ്റ്റ് 26- ന് മെല്‍ബണില്‍ നടക്കും. മൂന്നാം മത്സരം ജനുവരി 7- ന് സിഡ്നിയിലും നാലാം മത്സരം ജനുവരി 15-ന് ബ്രിസ്ബേണിലും നടക്കും.